സന്നിധാനം: ശബരിമലയിൽ യുവതീ പ്രവേശന വിഷയത്തിൽ ഭിന്ന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി. വെള്ളിയാഴ്ച വൈകിട്ട് സന്നിധാനത്തെത്തിയ ശേഷം ഇന്ന് രാവിലെയാണ് ദര്‍ശനം നടത്തിയത്. പമ്പയില്‍ നിന്നും ഡോളി മാര്‍ഗമാണ് അവര്‍ സന്നിധാനത്ത് എത്തിയത്.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ഇന്ദു മല്‍ഹോത്ര. ഇവര്‍ മാത്രമാണ് യുവതി പ്രവേശനത്തെ എതിര്‍ത്തിരുന്നത്.
മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഭിന്നവിധി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്‌ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ട്. മതപരമായ കാര്യങ്ങളിൽ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയത്.
2007ല്‍ സുപ്രീംകോടതി സീനിയര്‍ അഡ്വക്കേറ്റായി നിയമനം ലഭിച്ച രണ്ടാമത്തെ വനിതയാണ് ഇന്ദു മല്‍ഹോത്ര. ബാറില്‍ നിന്ന് നേരിട്ട് നിയമനത്തിന്ന് തെരഞ്ഞെടുത്ത ആദ്യത്തെ വനിതാ ജഡ്ജിയായ ഇവര്‍ക്ക് ശബരിമല വിധിയില്‍ വ്യാപകമായ സൈബര്‍ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ഇതെല്ലാം അവഗണിച്ച് 66-ാം വയസില്‍ ശബരീശനെ കണ്ട നിര്‍വൃതിയിലാണ് ഇന്ദു മല്‍ഹോത്ര. വൈകിട്ട് മകരജ്യോതി ദര്‍ശനവും നടത്തിയശേഷമായിരിക്കും അവര്‍ ശബരിമലയില്‍ നിന്നും തിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: