പത്തനംതിട്ട : മകരവിളക്കിനോടനുബന്ധിച്ച് ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി സന്നിധാനം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം ഭക്തന്മാര് തമ്പടിച്ചിരിക്കുകയാണ്. ഇതര സംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകരില്‍ പലരും ദിവസങ്ങള്‍ക്ക് മുമ്പേ സന്നിധാനത്തെത്തി കാത്തിരിക്കുകയാണ്.
വൈകിട്ട് ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി അത് ഭഗവാന് ചാര്‍ത്തിയശേഷമാണ് ദീപരാധനയ്ക്ക് നടതുറക്കുക. ഇത്തവണ പത്തിലധികം കേന്ദ്രങ്ങളിലാണ് മകരവിളക്ക് കാണാനായി സൗകര്യം ഒരുക്കി നല്‍കിയിരിക്കുന്നത്. അയ്യപ്പവിഗ്രഹത്തില്‍ നിന്ന് തിരുവാഭാരണങ്ങള്‍ മാറ്റിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യ് സംക്രമവേളയില്‍ അഭിഭേഷകം ചെയ്യും. അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്ത് നിന്നുള്ള എഴുന്നുള്ളിപ്പ് തുടങ്ങും.
മകര വിളക്കിനോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെ 2000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തിവിടില്ല.
ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മകരജ്യോതി ദശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മൂന്നിടത്തും ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. മെഡിക്കല്‍ സംവിധാനങ്ങള്‍, ഫയര്‍ഫോഴ്സിന്റെ ഉള്‍പ്പെടെയുള്ള ആംബുലന്‍സ് സേവനങ്ങള്‍, റിക്കവറി വാന്‍ എന്നിവയെല്ലാം സജ്ജമാണെന്ന് കളക്ടര്‍ അറിയിച്ചു. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മോട്ടോ വാഹന വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ യോഗം കുട്ടിക്കാനത്ത് നടന്നു. ദേശീയപാതയില്‍ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. മുണ്ടക്കയത്തുനിന്ന് കുമളിയില്‍ നിന്നുമുള്ള ചരക്ക് വാഹനങ്ങള്‍ക്ക് വൈകിട്ട് 5 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
തീര്‍ത്ഥാടകരുടെ മടക്കയാത്രയ്ക്കായി 1,000 ബസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. 19-ാം തിയതി വരെയാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുള്ളത്. തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് 20-ന് രാവിലെ 6.30-ന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: