തിരുവനന്തപുരം : ഇന്‍സ്പെക്ടര്‍ പി.ആര്.സുനുവിന് പിന്നാലെ സിഐ ജയസനിലിനേയും പോലീസ് സേനില്‍ നിന്നും പിരിച്ചുവിടുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസ് സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ജയസനിലിനേയും പോലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനില്‍ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുകയാണ്. ഇയാള്‍ക്കെതിരെ വിജിലന്‍സും അന്വേഷണം നടക്കുന്നുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള ഫയല്‍ നീക്കം പോലീസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് ആണ് പരാതിക്കാരന്. ജയസനിലിനാണ് പീഡനക്കേസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജയസനില്‍ ഗള്‍ഫിലായിരുന്ന പ്രതിയെ വിളിച്ചു വരുത്തി തന്റെ ചില താത്പര്യങ്ങള്‍ പരിഗണിക്കണമെന്നും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കി തരാമെന്നും പറഞ്ഞു. തുടര്‍ന്ന് സിഐ ഇയാളെ താന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കൂടാതെ കേസ് അവസാനിപ്പിക്കാന്‍ അന്‍പതിനായിരം രൂപയും പ്രതിയില്‍ നിന്നും കൈപ്പറ്റി.
പണം കൈപ്പറ്റിയിട്ടും വാക്ക് പാലിക്കാതിരുന്നതോടെയാണ് യുവാവ് സിഐക്കെതിരെ പരാതി നല്‍കിയത്. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ സിഐക്കെതിരെ പീഡനത്തിന് പരാതിയും നല്‍കുകയായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പി.ആര്. സുനുവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. നേരത്തെ ക്രിമിനല്‍ കേസിലെ പ്രതികളായ പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്ത് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിലെ ഒന്നാമത്തെ പേര് സുനുവിന്റേതാണ്. ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരിക്കുമ്പോഴാണ് തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗം കേസില്‍ അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: