കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ ഈ മാസം 15 മുതല്‍ ഭാഗികമായി അടച്ചിടും. നവീകരണത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് അടച്ചിടുന്നത്. ഇതിനെ തുടര്‍ന്ന് വൈകീട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചിരിക്കുകയാണ്.
റണ്‍വേ താത്കാലികമായി അടച്ചിടുന്നത് ആഭ്യന്തര സര്‍വീസുകളെ ബാധിക്കും. അന്താരാഷ്ട്ര സര്‍വീസുകള്‍ പുലര്‍ച്ചെയും വൈകീട്ടുമായതാണ് പ്രധാന കാരണം. ഇതോടൊപ്പം പകല്‍സമയത്തെ ദല്‍ഹി -മുംബൈ സര്‍വീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സമയം ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ ഇക്കാര്യം അറിയണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.
റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിങ് ജോലികളാണ് 15-ന് ആരംഭിക്കുന്നത്. ഇതോടൊപ്പമാണ് റണ്‍വേയുടെ മധ്യഭാഗത്ത് ലൈറ്റിങ് സംവിധാനവും സ്ഥാപിക്കും. 2020-ലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട അന്വേഷണക്കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പുതിയ ലൈറ്റിങ് സംവിധാനം വരുന്നതോടെ രാത്രിയിലും മഞ്ഞുള്ള സമയത്തും വിമാനഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 2015-ലാണ് ഇതിനുമുമ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: