പാക്കിസ്ഥാന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന വാര്‍ത്തകളാണ് ആ രാജ്യത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില സങ്കല്‍പ്പിക്കാനാവാത്തവിധം കുതിച്ചുയരുകയും, ഭക്ഷ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയുമാണ്. പാല് ലിറ്ററിന് 180 രൂപയും 15 കിലോ ഗോതമ്പുപൊടിക്ക് 2050 രൂപയുമൊക്കെ നല്കേണ്ടിവരുന്ന സ്ഥിതി ജനജീവിതം ദുസ്സഹമെന്നല്ല, അസാധ്യമാക്കുന്നതിലേക്കാണ് നീങ്ങുന്നത്. വിദേശനാണ്യത്തിന്റെ കുറവുമൂലം ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ പറ്റുന്നില്ല. വിദേശകടബാധ്യത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. രാജ്യം വലിയ ഊര്‍ജപ്രതിസന്ധിയിലേക്ക് വഴുതിവീണിരിക്കുന്നതിനാല്‍ വൈദ്യുതി ലാഭിക്കാന്‍ രാത്രി വളരെ നേരത്തെ വ്യാപാര സ്ഥാപനങ്ങളും ചന്തകളും അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും ആവശ്യപ്പെട്ടിരിക്കുന്നു. ഭക്ഷ്യധാന്യ പ്രതിസന്ധി രൂക്ഷമായതോടെ ഒരു പാക്കറ്റ് ധാന്യപ്പൊടി വാങ്ങാന്‍ ആളുകള്‍ക്ക് നീണ്ട ക്യൂ നില്‍ക്കേണ്ടിവരികയാണ്. പ്രളയത്തില്‍ ഭക്ഷ്യവിളകള്‍ നശിച്ചതും ഇതിനൊരു കാരണമാണ്. ആവശ്യമുള്ള ഭക്ഷ്യധാന്യത്തിന്റെ 30 ശതമാനം മാത്രമാണ് സര്‍ക്കാരിന് നല്കാനാവുന്നത്. 70 ശതമാനവും വ്യാപാരികള്‍ പൊതുവിപണിയില്‍നിന്ന് എടുക്കുകയാണ്. വിലവര്‍ധനവിന്റെ പ്രധാന കാരണവും ഇതുതന്നെ. സര്‍ക്കാര്‍ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും അതീവഗുരുതരമായ ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്ന് വ്യക്തം.
ഭക്ഷ്യധാന്യ വിതരണകേന്ദ്രങ്ങളില്‍ അതിഭീകരമായ തിരക്കാണ് അനുഭവപ്പെടുന്നത്. അധികൃതര്‍ക്ക് ഇത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സിന്ധ് പ്രവിശ്യയില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മക്കളുടെ പിതാവായ ഒരാള്‍ മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കഴിഞ്ഞവര്‍ഷം ജൂലായില്‍ ശ്രീലങ്കയിലുണ്ടായ സാമ്പത്തികതകര്‍ച്ചയ്ക്ക് സമാനമായ സംഭവവികാസങ്ങളാണ് പാക്കിസ്ഥാനിലും അരങ്ങേറുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ പല നിലയ്ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ആരുടെയെങ്കിലും സഹായമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിവുകെട്ട ഭരണകൂടമായതിനാല്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ പല രാജ്യങ്ങളും തയ്യാറല്ല എന്നതാണ് വസ്തുത. ചൈനയില്‍നിന്നും സൗദി അറേബ്യയില്നിന്നുമാണ് സഹായങ്ങള്‍ പ്രതീക്ഷിക്കാവുന്നത്. പാക് ഭരണാധികാരികള്‍ ഈ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും മറ്റുമാണ് ഇതിന് കാരണം. ഉറപ്പുകള്‍ പാലിക്കാത്തതിനാല്‍ ഐഎംഎഫില്‍നിന്നുള്ള സാമ്പത്തിക സഹായം പാക്കിസ്ഥാന് ലഭിക്കാതിരിക്കുകയോ വൈകുകയോ ആണ്. ജനരോഷം വര്‍ധിക്കുമെന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഐഎംഎഫ് നിര്‍ദ്ദേശിക്കുന്ന കടുത്ത നടപടികള്‍ പാക്കിസ്ഥാന് സ്വീകരിക്കാനുമാവുന്നില്ല. ഇങ്ങനെ പലനിലയ്ക്ക് നോക്കുമ്പോഴും ഇരുണ്ട ഭാവിയാണ് പാക്കിസ്ഥാനെ തുറിച്ചുനോക്കുന്നത്. ഇതില്‍നിന്ന് എങ്ങനെ പുറത്തുകടക്കുമെന്നതു സംബന്ധിച്ച് ഇപ്പോഴത്തെ പാക് ഭരണാധികാരികള്‍ക്ക് യാതൊരു രൂപവുമില്ല. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ ചായ കുടിക്കുന്നതുപോലും കുറയ്ക്കാന്‍ ഒരു പാക്കിസ്ഥാന് മന്ത്രി ആവശ്യപ്പെട്ടതില്‍നിന്ന് അരക്ഷിതാവസ്ഥയുടെ ചിത്രം വ്യക്തമാണല്ലോ.
പാക്കിസ്ഥാന്റെ ആഭ്യന്തര സ്ഥിതിയും വളരെയധികം വെല്ലുവിളികള്‍ നേരിടുകയാണ്. സര്‍ക്കാര്‍ സംവിധാനം ദുര്‍ബലവും, ഭരണാധികാരികള്‍ പരസ്പരം അവിശ്വസിക്കുന്നവരും ആയതിനാല്‍ ഒരു പ്രശ്നത്തിനും യഥാസമയം പരിഹാരം കാണാന്‍ കഴിയുന്നില്ല. ഭരണകൂടത്തെ ഹൈജാക്കു ചെയ്തിരിക്കുന്ന സൈന്യത്തിനെതിരായ അമര്‍ഷം പൊതുജനങ്ങളില്‍ വളരെ ശക്തമാണ്. പാക്കധീന കശ്മീരിലും ഗില്‍ഗിറ്റ് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലും ഈ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നു. സൈന്യം നിയമവിരുദ്ധമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വലിയ ജനകീയ പ്രതിഷേധങ്ങളാണ് ഇവിടങ്ങളില്‍ അരങ്ങേറുന്നത്. ഈ ഭൂമി കയ്യേറ്റം വളെരക്കാലമായി നടക്കുന്നതാണെങ്കിലും ജനങ്ങള്‍ തുറന്ന പ്രതിഷേധവുമായി സൈന്യത്തിനെതിരെ രംഗത്തെത്തുന്നത് ഇത് ആദ്യമായാണ്. പാക്കധീന കശ്മീരിന്റെ കാര്യത്തില്‍ ആവശ്യംവരുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് കശ്മീരിനു മാത്രം ബാധകമായിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയത് പാക്കധീന കശ്മീരിലെയും ബലൂചിസ്ഥാനിലെയും ജനമുന്നേറ്റങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നുണ്ട്. രൂപീകരണത്തിനുശേഷം 70 വര്‍ഷം പിന്നിടുമ്പോഴും പാക്കിസ്ഥാന് എന്ന രാഷ്ട്രം എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കുകയാണ്. ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ത്യയെ ആയിരം മുറിവേല്‍പ്പിക്കാന്‍ വളര്‍ത്തിയെടുത്ത ഭീകരര്‍ പാക്കിസ്ഥാനുതന്നെ ഒരു ബാധ്യതയായി മാറുകയാണ്. ഇന്ത്യാവിരോധം മാത്രം കൈമുതലായ ഈ രാജ്യത്തിന് ഇനി എത്രകാലം നിലനില്ക്കാന് കഴിയുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: