ന്യൂദല്‍ഹി: 2023ലെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ഇത് പ്രകാരം ഈ വര്‍ഷം 1,75,025 ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് പോകാനാവും.. അത്രയും സീറ്റുകളാണ് ഈ വര്‍ഷം സൗദി അനുവദിച്ചത്.
ഇതാദ്യമായാണ് രണ്ട് ലക്ഷത്തിനടുത്തുവരുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വ്വഹിക്കുക എന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം ട്വിറ്ററില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സ്വതന്ത്രമായ ഹജ്ജ് തീര്‍ത്ഥാടനമായിരിക്കും ഇക്കുറി. .
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനു 79,237 ആയിരുന്ന ഇന്ത്യയ്ക്ക് അനുവദിച്ച ക്വാട്ട. ഇക്കുറി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ക്യാമ്പുകളും ഒരുക്കും. എല്ലാവര്ക്കും സംസം തീര്‍ത്ഥജലം ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ഐജാസ് പറഞ്ഞു.
ഇതിന് മുന്‍പ് 2019 ല്‍ ആണ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പോയത്. അന്ന് രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചു. പക്ഷെ ഇത് സൗദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അനുവദിച്ച പ്രത്യേക ക്വാട്ട കൂടി (25,000) ഉള്പ്പെടുത്തിയതിനാലായിരുന്നു ഇത്. കോവിഡ് രൂക്ഷമായ 2020ല്‍ വെറും ആയിരം സൗദി പൗരന്മാര് മാത്രമാണ് ഹജ്ജ് നിര്‍വ്വഹിച്ചത്.
ഈ വര്‍ഷം അനുവദിച്ച ക്വാട്ട പ്രകാരം, കേരളത്തില്‍ നിന്നും ഈ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 5766 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ത്ഥാടനത്തിനു പോയത്.
ഹജ്ജ് നയത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷാ നടപടികള്‍ ആരംഭിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: