കൊല്‍ക്കത്ത: സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മുപ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ മയൂരേശ്വര് ബ്ലോക്കിലെ ഒരു പ്രൈമറി സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിച്ച കുട്ടികളില്‍ ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് പയര്‍ വേവിച്ച പാത്രത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്.
കുട്ടികളെ റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളൊഴികെ മറ്റ് കുട്ടികളെയെല്ലാം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധം നടത്തി. രക്ഷിതാക്കള്‍ സ്കൂളിലെ പ്രധാനാദ്ധ്യാപകനെ മര്‍ദിക്കുകയും ഇരുചക്രവാഹനം നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് കുട്ടികള്‍ക്ക് അസുഖം വരുന്നതായി നിരവധി ഗ്രാമങ്ങളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ദീപാഞ്ജന്‍ ദന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: