അഹമ്മദാബാദ് : ബോംബ് ഭീഷണിയെ തുടര്‍ന്ന് മോസ്കോയില്‍ നിന്നും ഗോവയിലേക്കുള്ള വിമാനം ഗുജറാത്തില്‍ അടിയന്തിരമായി ഇറക്കി. ജാംനഗര്‍ വിമാനത്താവളത്തിലാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് വിമാനത്തില്‍ ബോംബ് വെച്ചിട്ടുള്ളതായി ഭീഷണി സന്ദേശം അധികൃതര്‍ക്ക് ലഭിക്കുന്നത്.
മോസ്കോയില്‍ നിന്ന് ഗോവയിലെ ദബോലിമിലേക്ക് പുറപ്പെട്ട അസൂര്‍ എയര്‍ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. 236 യാത്രക്കാരും എട്ട് കാബിന് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഭീഷണിയെ തുടര്‍ന്ന് വിശദമായി ബാഗേജുകള്‍ ഉള്‍പ്പടെ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. എല്ലാ ബാഗുകളും പരിശോധിച്ച് ഭീഷണിയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതായി ജാംനഗര്‍ വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു. യാത്രക്കാരേയും ജീവനക്കാരേയും പൂര്‍ണ്ണമായും ഒഴിപ്പിച്ച ശേഷം എന്എസ്ജിയും ബോംബ് സ്ക്വാഡിന്റെ അകമ്പടിയില്‍ ഗുജറാത്ത് പോലീസും വിമാനം അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: