കൊച്ചി : സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ പ്രവീണ റാണ പോലീസിനെ വെട്ടിച്ച് കടന്നു. റാണയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന വെട്ടിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. കൊച്ചി കലൂരിലെ ഫ്ളാറ്റില്‍ നിന്നാണ് റാണ രക്ഷപ്പെട്ടത്.
ഫ്ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയ പോലീസ് മുകളിലെ ഇയാളുടെ ഫ്ളാറ്റിലേക്ക് പോകുന്നതിനിടെ റാണ മറ്റൊരു ലിഫ്റ്റിലൂടെ താഴേയ്ക്കിറങ്ങി മുങ്ങുകയായിരുന്നു. പോലീസ് പരിസരത്ത് എത്തുമ്പോള്‍ റാണ ഫ്ളാറ്റിലുണ്ടായിരുന്നു. സേഫ് ആന്‍ഡ് സ്ട്രോങ് നിധി എന്ന സ്ഥാപനം വഴി പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെ.പി. നൂറ് കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. നാല് കൊല്ലം കൊണ്ടാണ് ഇത്രയും തുകയുടെ വെട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുള്ളത്. ഇയാളുടെ വിവിധ സ്ഥാപനങ്ങളുടെ ഫ്രാഞ്ചസി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് റാണ തട്ടിപ്പ് നടത്തിയിട്ടുള്ളത്.
ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തിയെട്ട് ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളിലായുള്ള പ്രവീണിന്റെ സ്ഥാപനത്തില്‍ നൂറിലധികം പേരാണ് ജീവനക്കാരായുള്ളത്. പൂനെയിലും കൊച്ചിയിലും ഡാന്‍സ് ബാറുകളും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: