കോഴിക്കോട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ നിറംകെടുത്തുന്ന വിധത്തിലുള്ള വിവാദങ്ങളും മത-രാഷ്‌ട്രീയ താത്പര്യങ്ങളും ഒഴിവാക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടന്ന 61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചില നടപടികളും വിവാദങ്ങളും കുട്ടികളുടെ കലാഭിരുചിക്ക് അംഗീകാരവും പ്രോത്സാഹനവും നല്കുക എന്ന മഹത്തായ ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമായി വേണം കാണാനെന്ന് തപസ്യ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.
യക്ഷഗാന മത്സരവേദിയില്‍ ആ കലാരൂപത്തിന്റെ ഭാഗമായി അനുഷ്ഠിച്ചുപോരുന്ന അണിയറപൂജ എന്ന ചടങ്ങ് സംഘാടകരില്‍ ചിലര്‍ തടഞ്ഞതും വിളക്ക് അടിച്ചുകെടുത്തിയതും കലോത്സവത്തിന്റെ മഹാശോഭയെ കെടുത്തുന്നതായി. കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണത്തെ ചൊല്ലി ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദം തികച്ചും അനാവശ്യമാണ്. സസ്യേതര ഭക്ഷണം വിളമ്പുന്നതിന് ആരും എതിരല്ല.
എന്നാല്‍ എല്ലാവര്‍ക്കും പൊതുവായി കഴിക്കാവുന്ന ഭക്ഷണമാണ് കലോത്സവത്തിന് ഒരുക്കേണ്ടതെന്ന കലോത്സവ മാന്വലിലെ നിബന്ധന പ്രകാരമാണ് മാംസ, മത്സ്യ വിഭവങ്ങള്‍ ഇത്രയും കാലം ഒഴിവാക്കിയത്. മതപരവും ജാതീയവുമായ വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായാണ് ചിലര്‍ ഭക്ഷണവിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് പറയാതിരിക്കാനാവില്ല. ഇത്തവണ ഉദ്ഘാടനസന്ദര്‍ഭത്തില്‍ അവതരിപ്പിച്ച സ്വാഗതനൃത്തത്തില്‍ ഒരു വേഷത്തെയും ചിലര്‍ വിവാദമാക്കി.
നൃത്തത്തില്‍ ഭീകരവാദിയായി നിമിഷനേരത്തേക്ക് രംഗത്തുവന്നയാളുടെ വേഷം ഒരു പ്രത്യേക മതവിഭാഗത്തിന്റേതാണെന്നും ഇത് മനഃപൂര്‍വ്വം ചെയ്തതാണെന്നുമായിരുന്നു ഇവരുടെ വാദം. സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്. അവിടെ മുതിര്‍ന്നവര്‍ പ്രത്യേക അജണ്ടകളുടെ ഭാഗമായി ഉയര്‍ത്തുന്ന ഇത്തരം വിവാദങ്ങള്‍ കേരളത്തിന്റെ അഭിമാനമായ മേളയെയാണ് ബാധിക്കുന്നത്. അതിനാല്‍ ഇത്തരം വിവാദങ്ങളും മത-രാഷ്‌ട്രീയ ഇടപെടലുകളും ഒഴിവാക്കണമെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക