ഏഷ്യയിലെ ഏറ്റവും വലിയകലാമാമാങ്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു. സ്കൂള്‍തലം മുതല്‍ കഴിവ് തെളിയിച്ച്, ജില്ലാ കലോത്സവത്തിലെ മികച്ച വിജയത്തിന് ശേഷം സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത പതിനായിരത്തോളം പ്രതിഭകള്‍ക്ക് ജന്മഭൂമിയുടെ അഭിനന്ദനങ്ങള്‍. അഞ്ചു ദിവസം 24 വേദികളിലായി 239 ഇനങ്ങളില്‍ നടന്ന മത്സരം കോഴിക്കോട് നഗരം ഏറ്റെടുക്കുകയായിരുന്നു. ആതിഥ്യമര്യാദയുടെ മാധുര്യവും സര്‍ഗാവിഷ്കാരങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയും നല്‍കിയാണ് കലാപ്രതിഭകളെ നഗരം സ്വീകരിച്ചതും യാത്രയാക്കിയതും. ജനഹൃദയങ്ങള്‍ നല്കിയ സൗഹാര്‍ദ്ദപൂര്‍ണ്ണമായ പിന്തുണയാണ് മേളയെ വിജയകരവും മധുരമൂറുന്ന അനുഭവവുമാക്കിയത്. അതേസമയം, കലോത്സവം ഇങ്ങിനെ, ഇതുപോലെ തന്നെയാണോ തുടരേണ്ടതെന്ന ഗൗരവതരമായ ചോദ്യവും കോഴിക്കോട് കലോത്സവം മുന്നോട്ടുവെയ്ക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നു എന്നതുകൊണ്ട് മാത്രം മാറ്റങ്ങള്‍ പാടില്ലെന്ന് ഇല്ലല്ലോ. 1986ല്‍ ഏര്‍പ്പെടുത്തിയ കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ്ങിലേക്ക് മാറിയതോടെ, കലോത്സവത്തിന്റെ ശോഭകെടുത്തിയ കഴുത്തറപ്പന്‍ മത്സരങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ എ ഗ്രേഡ് കിട്ടാനും അതുവഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുമുള്ള കൊടും മത്സരമായി അത് മാറിയിരിക്കുന്നു. പല മത്സരങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
കലാസാഹിത്യ മത്സരങ്ങള്‍ വികേന്ദ്രീകരിച്ച് നടത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. സാഹിത്യമത്സരങ്ങള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ആ രംഗത്തെ മികച്ച പ്രതിഭകളുടെ സാമീപ്യവും മാര്‍ഗ്ഗദര്‍ശനവും ഉണ്ടാകട്ടെ. അവതരണം മാത്രമല്ല അതത് ഇനങ്ങളിലെ അറിവ് അളക്കാനും അവസരമുണ്ടാകണം. സംസ്ഥാനതല കലോത്സവത്തിന്റെ പകിട്ട് കുറക്കാതെ തന്നെ, എന്നാല്‍ കലോത്സവങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ഭാവിയില്‍ ഏറെ ഗുണംചെയ്യുന്ന തരത്തില്‍ കലോത്സവം പുന:സംഘടിപ്പിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ക്കായിരിക്കണം മുന്‍ഗണന. മത്സരിക്കാനെത്തുന്നവരും അകമ്പടിയായി എത്തുന്നവരും സംഘാടകരുമൊക്കെയായി പതിനായിരങ്ങള്‍ ഒരു ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന തിരക്ക് അഭിമാനമായി കൊണ്ടുനടക്കുന്നതിന് പകരം അതും എന്തുകൊണ്ട് വികേന്ദ്രീകരിച്ചുകൂടാ? അടുത്തടുത്തുള്ള നാലോ അഞ്ചോ വേദികള്‍ക്കായി ഒരു ഭക്ഷണശാല തയാറാക്കിയാല്‍, പൊരിവെയിലില്‍ ക്യൂനിന്ന് തളരുന്ന സാഹചര്യം ഒഴിവാക്കാം.
സ്കൂള്‍തല മത്സരങ്ങള്‍ മുതല്‍ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് നടക്കാതെ സംസ്ഥാന കലോത്സവം അര്‍ത്ഥവത്താകില്ല. ഇപ്പോള്‍ പണാധിപത്യത്തിനാണ് പലപ്പോഴും സ്ഥാനം. ആര്‍ഭാടമാണ് കലോത്സവത്തിന്റെ മുഖ്യമുദ്ര. പാഠ്യേതര ഇനങ്ങള്‍ അഭ്യസിപ്പിക്കാനുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകരുണ്ടെങ്കില്‍ മാത്രമേ കഴിവുള്ള കുട്ടികളെ താഴേത്തലത്തില്‍ കണ്ടെത്തി പരിശീലിപ്പിച്ച് മത്സരത്തിനയക്കാന്‍ കഴിയൂ. എന്നാല്‍ സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം തന്നെ മരവിപ്പിക്കപ്പെട്ടിരിക്കുന്നു. കലാവാസനയുള്ള കുട്ടികളെ എങ്ങിനെയാണ് സ്കൂള്‍തലത്തില്‍ കണ്ടെത്തുന്നത്? പാഠ്യേതര വിഷയങ്ങളില്‍ നിര്‍ബ്ബന്ധമായും അദ്ധ്യാപകരെ നിയമിക്കണമെന്ന് കേന്ദ്രം നിഷ്കര്ഷിച്ചതിനുശേഷം സമഗ്രശിക്ഷ കേരള വഴി അദ്ധ്യാപകനിയമനം നടന്നെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ പിന്തുണയില്ലാത്തതിനാല്‍ അതും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കുരുന്നിലേ പ്രതിഭകളെ കണ്ടെത്തി മത്സരത്തിന് പ്രാപ്തരാക്കുന്നതിന് പകരം ‘കഴിവുള്ള രക്ഷിതാക്കളുടെ മത്സരമായി’ കലോത്സവം അധപതിക്കരുത്. പതിറ്റാണ്ടുകളായി തഴയപ്പെട്ട ഗോത്രകലകളെ കലോത്സവത്തിന്റെ മുഖ്യയിനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കോഴിക്കോട് കലോത്സവത്തിന്റെ മാധുര്യം കുറച്ചത് അനാവശ്യ വിവാദങ്ങളാണ്. ഏതോ ഒരു കേന്ദ്രത്തില്‍ നിന്ന് തയ്യാറാക്കിയ ഒളി അജണ്ടകളില്‍ നിന്ന് വമിച്ച വിഷം ഉത്സവത്തിന്റെ ശോഭകെടുത്തി. പി.കെ. ഗോപി എഴുതിയ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തില് കേണല്‍ വിക്രമിനെ സ്മരിക്കുന്ന ഭാഗം ഒരു മതത്തിനെതിരാണെന്ന് പ്രചരിപ്പിച്ച വിദ്വേഷമനസ് തന്നെയാണ് പഴയിടത്തിന്റെ ഭക്ഷണത്തില്‍ ബ്രാഹ്മണിക്കല്‍ ഹെജിമണികണ്ടെത്തിയതും. ഉറവ ഒരു കേന്ദ്രം തന്നെയാണെങ്കിലും അത് ഏറ്റെടുത്തവര്‍ മറ്റുപലരുമായിരുന്നു. കുട്ടികളുടെ കലോത്സവത്തിന്റെ സൗന്ദര്യവും നൈര്‍മല്യവും നിഷ്കളങ്കതയും തിരിച്ചറിയാത്ത ചില സ്ഥാപിത താത്പര്യക്കാരാണ് ജാതിമതവെറിയുടെ കൊടും വിഷവുമായി കലോത്സവനഗരിയുടെ നിറം കെടുത്തിയത്.
1982ല്‍ കണ്ണൂരില്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി കരുണാകരന് നേരെ ഡിവൈഎഫ്ഐ കരിങ്കൊടികാണിച്ചു. മുഖ്യപ്രഭാഷണം നടത്തിയ സുകുമാര്‍ അഴീക്കോട് പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത് യാഗം മുടക്കാനെത്തിയ രാക്ഷസരെന്നാണ്. പ്രതിഷേധത്തിന് കാരണമായ നിരവധി രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കലോത്സവവേദിയില്‍ രാഷ്ട്രീയസമരങ്ങള്‍ അരങ്ങേറിയില്ലെന്നത്, സംഘാടകമികവിനെക്കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ ഭരണപക്ഷം മറക്കരുത്. കലയും സാഹിത്യവും മനുഷ്യമനസിനെ നിരന്തരം നവീകരിക്കുമെന്നും കുട്ടികളുടെ നൈസര്‍ഗിക വാസനകളെ പരിപോഷിപ്പിക്കാനാണ് കലോത്സവമെന്നും കരുതുന്നുണ്ടെങ്കില്‍ കലോത്സവ വേദികള്‍ കുട്ടികള്‍ക്ക് വിട്ടുനല്‍കണം. മതരാഷ്ട്രീയ വിഷയങ്ങള്‍ വേവിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ ഇത്തരം ഇടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണം. കാലാധിഷ്ഠിതമായ നൈതിക ജീവിതത്തിന്റെ മാതൃകാ ഇടങ്ങളായി കലോത്സവവേദികള്‍ പരിണമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: