മുടിയനായ പുത്രന് മടങ്ങിവന്ന് മനംമാറിയാല്പോലും ഗതിയില്ലാതാകുന്നതാണ് കാലം. അപ്പോള്‍ മുടിയാനായിത്തന്നെ മക്കളെ മുടിചൂടിച്ച് വളര്‍ത്തിയ രക്ഷിതാക്കള്‍ക്ക്, അവരെത്ര മോഹിച്ചാലും മക്കളെ നേരേചൊവ്വേയാക്കിമാറ്റാന് കഴിയില്ല; സ്വാഭാവികം. പിടിവിട്ടുവളര്ത്തുന്നതിന്റെ ദോഷം, അത് ഒരുകുട്ടിയെ അല്ല, സമൂഹത്തിലെ മുഴുവന്‍ കുട്ടികളെയും ബാധിക്കുന്നതായാല്പ്പിന്നെ സ്വയം പഴിച്ചിട്ടും കാര്യമില്ല.
കോഴിക്കോട്ട് സമാപിച്ച 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷിച്ചപ്പോഴാണ് ഇങ്ങനെയൊക്കെ തോന്നിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള, വിദ്യാര്‍ത്ഥി കലാമേള എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ ഉത്സവം ലക്ഷ്യവും മാര്‍ഗ്ഗവും മാറിപ്പോകുന്നെന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ ചിന്ത.
കലോത്സവത്തിലെ അടുക്കളയിലെ പ്രശ്നമല്ല പറയുന്നത്; ആ വിഷയത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞതുപോലെ, ഇതാദ്യമല്ല ഭക്ഷണവിവാദം. സസ്യാഹാരം വേണോ സസ്യേതരം വേണോ എന്നത് കഴിക്കുന്നവര്‍ നിശ്ചയിക്കും, കൊടുക്കുന്നവര്‍ എന്തെല്ലാം തീരുമാനിച്ചാലും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ കയറുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും എത്രയെത്ര വാദിച്ചു. തീരുമാനം അനുകൂലമായിട്ടും അവിടെ ആകെ എത്തുന്ന സ്ത്രീകളില്‍ എട്ടുശതമാനം മാത്രമേ ചുരിദാര്‍ ധരിച്ച് ചെല്ലുന്നുള്ളു. അവര്‍ അധികവും ഇതര സംസ്ഥാനക്കാര്‍; അതും അവരുടെ വേഷധാരണ സൗകര്യം കണക്കിലെടുത്ത്. പറയാനുദ്ദേശിച്ച കാര്യം ഭക്ഷണവും വേഷവുമല്ല.
കലോത്സവവും കാമ്പസ് രാഷ്ട്രീയവും തമ്മില്‍ വാസ്തവത്തില്‍ ബന്ധമുണ്ടാകരുത്. കല സകല അകലവും മനുഷ്യരില്‍ ഇല്ലാതാക്കുന്ന വിദ്യയാണ്. രാഷ്ട്രീയവും അങ്ങനെയായിരിക്കണമെങ്കിലും കക്ഷിരാഷ്ട്രീയം കാമ്പസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുമ്പോള്‍ അതെളുപ്പമല്ല. അതുകൊണ്ടുതന്നെ സ്കൂള്‍ തെരഞ്ഞെടുപ്പ്, രാഷ്ട്രീയ-സംഘടനാ അടിത്തറയിലല്ലെങ്കിലും രാഷ്ട്രീയ-കക്ഷി രാഷ്ട്രീയ വിദ്വേഷത്താല്‍ തമ്മില്ത്തര്ക്കിക്കുന്നതിലേക്ക് നയിക്കുന്നു. വിദ്യര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം വേണോ സംഘടിതബോധം വേണോ തുടങ്ങിയ ചര്‍ച്ചകളിലേക്ക് വീണ്ടും നമ്മളെ കൊണ്ടെത്തിക്കുന്നു.
മിക്ക വിദ്യര്‍ത്ഥി സംഘടനകളെയും നിയന്ത്രിക്കുന്നത് കക്ഷി രാഷ്ട്രീയമുള്ള സംഘടനകളാണ്. അവയുടെ കാമ്പസിലെ പോഷകസംഘടനകളാണ് പലതും പ്രവര്‍ത്തിക്കുന്നത്; എന്നല്ല പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്ത്യയില്‍ രാഷ്ട്രീയ വിപ്ലവങ്ങള്‍ക്ക് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. അതു തുടരുകയും ചെയ്യുന്നു. എന്നാല്‍ നിര്‍മ്മാണാത്മകമായ രാഷ്ട്രീയ-രാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കുപകരം സ്വഹിതം നടത്താനുള്ള പിണിയാളുകളായി വിദ്യാര്‍ത്ഥികളെ മാറ്റുന്ന രാഷ്ട്രീയ പ്രവര്‍ത്തനം മുതിര്‍ന്നവര്‍ തുടരുന്നതിന്റെ ദുരിതങ്ങള്‍ കാലം എത്രമാറിയാലും സമൂഹം അനുഭവിക്കേണ്ടിവരുന്നു എന്നതാണ് ദുരന്തം. നല്ലചൊല്ലുകൊടുത്തു വളര്‍ത്താത്തതിന്റെ പ്രശ്നം. പുത്രന്മാര് മുടിഞ്ഞു പോകുമ്പോള്‍ നോക്കിനിന്നു വിതുമ്പാനും വീര്‍പ്പുമുട്ടാനും രക്ഷിതാക്കള്‍ക്ക് ഇടയാക്കും. അങ്ങനെ നാല്ക്കവലയില് നാണംകെടാനും കാരണമാകും.
കലോത്സവ നാളുകളും അതിന് സാക്ഷിയായി. കലോത്സവ പ്രതിഭകള്‍ക്ക് സ്വാഗതമാശംസിക്കാനും ആഘോഷങ്ങള്‍ക്കുള്ള അരങ്ങിന് മാറ്റുകൂട്ടാനും പലയിടങ്ങളിലും സ്വാഗത കമാനങ്ങളൊരുക്കി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായ സംഘാടക സമിതിയുടെ ഉപസമിതികള്‍ നിശ്ചയിച്ച് മാനദണ്ഡപ്രകാരം പലര്‍ക്ക് കമാനങ്ങള്‍ അനുവദിക്കുകയായിരുന്നു. അതില്‍ ജന്മഭൂമി പത്രത്തിന് ഒരു കമാനം അനുവദിച്ചു. അത് മനോഹരമാക്കി, ആകര്‍ഷകമാക്കി, മുഖ്യവേദിയുടെ കവാടത്തിന് എതിര്‍ഭാഗത്ത് സ്ഥാപിച്ചു. ‘നമുക്ക് കലയുടെ ലഹരിമതി’, ‘സേ നോ ടു ഡ്രഗ്സ്’ എന്നിങ്ങനെ മയക്കുമരുന്നു വിരുദ്ധ പ്രചാരണ മുദ്രാവാക്യവുമായിട്ടായിരുന്നു കമാനം. കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് കാലത്ത്, അതിമനോഹരവും മഹനീയവുമായ ആശയം നല്കുന്ന കമാനം മറച്ച് എസ്എഫ്ഐ ഒരു വലിയ സ്റ്റാള്‍ സ്ഥാപിച്ചു. കമാനം മറയ്ക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ജന്മഭൂമിയുടേതായി അങ്ങനെയൊരു കമാനം അവിടെയുണ്ടെന്ന് ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധം സ്റ്റാള്‍ കെട്ടിപ്പൊക്കി.
തുടര്‍ന്ന് ആ രാത്രിയില്‍ത്തന്നെ, മുഖ്യമന്ത്രി പിണറായി വിജയന്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, സംഘാടക സമിതി അധ്യക്ഷന്‍ മന്ത്രി മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ ഡയറക്ടര്‍, കലോത്സവ സംഘാടക കമ്മിറ്റി തുടങ്ങി സകലര്‍ക്കും പരാതിയും നിവേദനവും അയച്ചു. ഫോണും വിളിച്ചു. നേരില്‍ പറഞ്ഞു. അനധികൃതമായാണ് എസ്എഫ്ഐയുടെ സ്റ്റാള്‍. പൂസ്തകം വില്‍ക്കാനെന്ന പോലെയായിരുന്നു അത്. പരാതി സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനോട് നേരിട്ടു പറഞ്ഞു. അദ്ദേഹം സംഘാടക സമിതി അംഗം കൂടിയായിരുന്നു. ”കുട്ടികളുടെ വിവരക്കുറവ്, അത് മാറ്റാന്‍ പറഞ്ഞിട്ടുണ്ട്, മാറ്റും,” എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി മുഖ്യവേദിയില്‍ കലോത്സവ ഉദ്ഘാടനത്തിന് ഇരുന്നു കഴിഞ്ഞിരുന്നു. മന്ത്രി റിയാസിന് വിവരം എത്തിച്ചു. ഉടന്‍ നടപടിയുണ്ടാകുമെന്നറിയിച്ചു. സംഘാടക സമിതിഭാരവാഹികളും ഉറപ്പു നല്കി. പരാതികള്‍ എല്ലാവര്ക്കും ലഭിച്ചു കഴിഞ്ഞിരുന്നു. പക്ഷേ…
പക്ഷേ, പിറ്റേന്ന് കാലത്ത് പത്തുമണിക്കും പൂര്‍ത്തിയാകാത്ത, പ്രവര്‍ത്തിക്കാത്ത സ്റ്റാള്‍ പേക്കോലംപോലെ മുഖ്യവേദിയുടെ മുഖ്യവാതിലില്‍ നിന്നു. നേതാക്കളുടെ ഉറപ്പ് പാഴിലായി. എസ്എഫ്ഐ എന്ന, സിപിഎം നേതാക്കള്‍ നട്ടുവളര്‍ത്തി പോഷിപ്പിക്കുന്ന, പകരം അവര്‍ സിപിഎമ്മിനെ പോഷിപ്പിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്വന്തം നേതാക്കളുടെ വാക്കിനെ വകവെച്ചില്ല. മന്ത്രിയായ മുഹമ്മദ് റിയാസ് എസ്എഫ്ഐ നേതാവായിരുന്നു. വി. ശിവന്‍കുട്ടി എസ്എഫ്ഐയുടെ കരുത്തായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഒരുകാലത്ത് എസ്എഫ്ഐയുടെ ചുമതലക്കാരനായ സിപിഎം നേതാവായിരുന്നു. അവരൊക്കെ, രാഷ്ട്രീയ ഭാഷയില്‍ പറഞ്ഞാല്‍, ”ചോരയും നീരും, അവരുടെതായ ചൊല്ലും” കൊടുത്തു വളര്‍ത്തിയ സംഘടന. പക്ഷേ, അവര്‍ക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ! ഒടുവില്‍, എസ്എഫ്ഐ പിന്മാറാന് തയ്യാറാകാതെ വന്നപ്പോള്‍, അവരെ പിന്മാറ്റാന് അവരുടെ തലതൊട്ടപ്പന്മാര്‍ക്കും പറ്റില്ലെന്നു വന്നപ്പോള്‍, സ്വന്തം കമാനം സ്വയം പൊളിച്ചുമാറ്റാന്‍ ജന്മഭൂമി തീരുമാനിച്ച് പരസ്യമായി പ്രഖ്യാപിച്ചു. അപ്പോള്‍ പിന്നെയും നേതാക്കള്‍ ഇടപെട്ടിട്ടുണ്ടാകണം. സംഘര്‍ഷമല്ല, ജന്മഭൂമിയുടെ വഴിയെന്നും സ്വയം പിന്മാറുന്നതായ പ്രഖ്യാപനം വേറിട്ടൊരു തന്ത്രമാണെന്നും അത് എസ്എഫ്ഐക്കും സിപിഎമ്മിനും കലോത്സവ സംഘാടകര്‍ക്കും ക്ഷതമുണ്ടാക്കുന്നതാണെന്നും തിരിച്ചറിഞ്ഞാവണം എസ്എഫ്ഐ നേതാവായിരുന്ന സച്ചിന്‍ദേവ് എംഎല്‍എ മുന്നിട്ടിറങ്ങി എസ്എഫ്ഐയുടെ പന്തല്‍ പൊളിച്ചു നീക്കി. ഇടപെട്ട നേതൃത്വത്തിന് നന്ദി പറയണം. കാരണം, പൊതുവേ എസ്എഫ്ഐ ഇടപെട്ടതെല്ലാം സംഘര്‍ഷത്തിലേ കലാശിച്ചിട്ടുള്ളൂ, അതൊഴിവായല്ലോ.
പക്ഷേ, എസ്എഫ്ഐയെക്കൊണ്ട് അവരുടെ തെറ്റായ തീരുമാനം സിപിഎമ്മിന് തിരുത്തിക്കാന്‍ 30 മണിക്കൂറിലേറെ വേണ്ടിവന്നു എന്നത്, മുതിര്‍ന്ന നേതാക്കള്‍ ഇളയതലമുറയ്ക്ക് പകര്‍ന്നു കൊടുത്ത പാഠങ്ങളുടെയും ശീലങ്ങളുടെയും പിഴവുകൊണ്ടാണ്. അതാണ് മുടിയനായ പുത്രനെ വളര്‍ത്തുന്ന രക്ഷിതാവിന്റെ അവസ്ഥ ആദ്യം പറഞ്ഞത്. തിരുത്താനാവാത്തതാണ്, അതുരാത്ത വഴികളില്‍ നിയിച്ച്, ഇതുവരെ ശീലിപ്പിച്ചത്. കാമ്പസില്‍, യുവജന സംഘടനകളില്‍, മാതൃ സംഘടനയില്‍ ഒരു കാലത്ത് നിക്ഷിപ്ത താല്പര്യങ്ങള് മുന്‍നിര്‍ത്തി ചെയ്ത നിക്ഷേപ പിഴവുകള്‍ക്ക് സിപിഎം പലിശ സഹിതം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍, അതില്‍ ഭരിക്കണമെന്നു വന്നപ്പോഴാണ് ആ പാര്‍ട്ടി ‘സ്വന്തം ശരീരത്തിന്റെ പൊണ്ണത്തടി സ്വയം ഭാര’മാണെന്ന് തിരിച്ചറിയുന്നത്. ചെയ്ത് ശീലമാക്കിയ പിഴവുകള്‍ തിരുത്താനും ചെയ്യാതിരിക്കാന്‍ തിരുത്തിപ്പറയാനും പറ്റാത്ത സ്ഥിതി. എന്നിട്ടും പഠിക്കുന്നില്ല എന്നതിന്റെ തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവത്തിലെ ഉദ്ഘാടനത്തില്‍ നടത്തിയ പ്രസംഗത്തിലെ കേന്ദ്രവാക്യം. ‘കലോത്സവങ്ങള്‍ കലാവൈഭവത്തിന്റെ പ്രകടനവേദി മാത്രമല്ല, സാമൂഹ്യ വിമര്‍ശനത്തിന്റെ ചാലുകീറല്‍ പരിശീലനം’ കൂടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മാര്‍ഗ്ഗ ദര്‍ശനം.
വിദ്യാര്‍ത്ഥിനികളുടെ വനിതാ ഹോസ്റ്റലില്‍ രാത്രിയില്‍ പ്രവേശനത്തിന് സമയക്ലിപ്തത നിശ്ചയിച്ചത് വിവാദമായി. അതും കോഴിക്കോട്ടായിരുന്നു. ഇതു സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ സര്‍വ്വകലാശാല ഹൈക്കോടതിയില്‍ നല്കിയ നിലപാട് സത്യവാങ്മൂലത്തില്‍ പറയുന്നതിങ്ങനെ. പക്വതയുടെ പ്രായം 18 വയസ്സായി നിശ്ചയിക്കുന്നത് ശരിയല്ല. ഈ പ്രായത്തിലുള്ളവരിലാണ് ലഹരിഉപയോഗം, റോഡപകടം, ലൈംഗിക അപക്വത, കൊലപാതകം, ആത്മഹത്യ തുടങ്ങിയവ കൂടുതല്‍. പക്വതയ്ക്ക് പ്രായയവും തലച്ചോറും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കൂടുതല്‍ പഠനം വേണം എന്ന് അവര്‍ നിര്‍ദേശിക്കുന്നു. ആ കൗമാരത്തിനാണ് മുഖ്യമന്ത്രിയുടെ ‘ചാലുകീറല്‍’ ഉപദേശം. അത്തരം കൗമാരക്കാര്‍ക്ക് നല്കിയ തെറ്റായ ഉപദേശങ്ങളാണ് ഇന്ന് എസ്എഫ്ഐയെ ‘പുരയ്ക്കു മീതെ വളരുന്നതിനിടയാക്കിയത്’. വളര്‍ത്തു ദോഷം.
കലോത്സവം കാര്യമായ കലാപങ്ങളില്ലാതെ കഴിഞ്ഞുവെന്ന് സമാധാനിക്കാം. പക്ഷേ, മത്സരിക്കാനല്ല, പ്രകടിപ്പിക്കാനാണ് ഒന്നിക്കുന്നതെന്നാണ് പറച്ചില്. പക്ഷേ മത്സരമല്ലാത്ത മേളയല്ലായിരുന്നു. ഉണ്ടാകുകയുമില്ല. ജില്ലകള്‍ തമ്മില്‍, അധ്യാപകര്‍ തമ്മില്‍, രക്ഷിതാക്കള്‍ തമ്മില്‍, ഭാഷകളും സംസ്കാരവും മതവും തമ്മില്‍, മന്ത്രിമാരും ഗുരുക്കന്മാരും തമ്മില്‍ തമ്മില്‍… അടുത്ത വര്‍ഷം സസ്യേതര ഭക്ഷണവും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രസ്താവിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടല്ല. നാളെ പുതിയ പുതിയ ആവശ്യങ്ങള്‍ ഉയരുമെന്ന് നമുക്ക് ആശങ്കപ്പെടാം.
പിന്കുറിപ്പ്:
അസാധാരണ ഹോട്ടല്‍ ഭക്ഷണം കഴിച്ച് ഒരു മരണംകൂടി സംഭവിച്ചു. അടുക്കളകളിലെ ക്യാമറകള്‍ വീണ്ടും ഭക്ഷണ ശാലകളില്‍ പ്രവര്‍ത്തനം തുടങ്ങിയേക്കാം.
ചേരയെ തിന്നുന്ന നാട്ടില്‍ച്ചെന്നാല്‍ നടുത്തുണ്ടം തിന്നണം എന്ന ചൊല്ലിന് ഏറെ അര്‍ത്ഥമുണ്ട്. ശരീരവും ഭക്ഷണവും മാത്രമല്ല, അതില്‍ കഥാപാത്രങ്ങള്‍. അത് ഒരു സാംസ്കാരിക സന്ദേശവും പാഠവും കൂടിയാണ്. ശരാശരി മലയാളി മറുനാട്ടില്പോയാല് അവിടെ കഞ്ഞിയും പയറും കിട്ടുന്ന കടയന്വേഷിക്കും. അതാണ് ചിലരുടെ രീതി. പക്ഷേ, മറുനാട്ടിലെ ഭക്ഷണക്രമം ശീലമാക്കുന്നത് ആരോഗ്യപ്രശ്നവും സാംസ്കാരിക പ്രശ്നവുമാകുമെന്ന ബോധം എന്നുണ്ടാകുമോ ആവോ. കഞ്ഞി ശീലമാക്കിയ നാട്ടില്‍ ഉഷ്ണമേഖലയുള്ള രാജ്യങ്ങളിലെ ഭക്ഷണക്രമം അപകടമായേക്കാം. ചിന്തിക്കേണ്ട വിഷയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: