കോഴിക്കോട് : സ്കൂള്‍ കലോത്സവ വേദികളില്‍ ഇനി ഭക്ഷണം പാചകം ചെയ്യാന്‍ ഇല്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. കലോത്സവത്തിന് സസ്യാഹാരം നല്കുന്നതില് ചിലര്‍ വിവാദമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ ഈ വെളിപ്പെടുത്തല്‍.
ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വല്ലാത്ത ആശങ്കയുണ്ടാക്കി. വര്‍ഗ്ഗീയ ശക്തികളാണ് ഈ വര്‍ഗ്ഗീയ വിവാദങ്ങള്‍ക്ക് പിന്നിലുള്ളത്. അതിനാല്‍ ഇനി കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാന്‍ ഇല്ലെന്നും പഴയിടം അറിയിച്ചു.
സ്കൂള്‍ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുമ്പ് തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദ്ദത്താലാണ് വീണ്ടും കലാമേളയുടെ പാചകം ഒരുക്കാനായി എത്തിയത്. അടുത്തതവണ മുതല്‍ ടെന്‍ഡറില്‍ പങ്കെടുക്കില്ല. 26ന് തൃശൂറില്‍ നടക്കാനിക്കുന്ന ശാസ്ത്രമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നതില്‍ നിന്നും പിന്മാറുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായിക മേളയ്ക്ക് ഭക്ഷണം ഒരുക്കുമ്പോള്‍ പഴയിടം നോണ്‍ വെജ് വിഭവങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ്. സര്‍ക്കാരിനും അറിയുന്നതാണ്. അതേസമയം കലാമേളയില്‍ മാംസാഹാരം വിളമ്പുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പഴയിടം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കലാമേളയ്ക്ക് എത്തുന്നവരുടെ എണ്ണം ചിലപ്പോള്‍ നമ്മള് പ്രതീക്ഷിക്കുന്നതിലും അധികം ഉണ്ടാകും.
ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാല്‍ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഭക്ഷണം തീര്‍ന്നാലും പെട്ടെന്ന് തന്നെ പകരം സജ്ജമാക്കാന്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ സാധിക്കും. പെട്ടന്ന് കേടാകാനും സാധ്യത കുറവാണ്. കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്. നോണ്‍ വെജ് എത്രസമയം വരെ കേട് കൂടാതെയിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്. കായികമേളയില്‍ നമ്മുടെ ടീം തന്നെ നോണ്‍ വെജ് വിളമ്പുന്നുണ്ട്. എന്നാല്‍ കായികമേളയില്‍ പത്ത് ശതമാനം പേര്‍ക്ക് മാത്രം വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയാല്‍ മതിയാവും. എന്നാല്‍ കലോത്സവത്തില്‍ അതിലേറെ പേര്‍ക്ക് വെജിറ്റേറിയന്‍സ് ആയിരിക്കും.
ഭക്ഷണ വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം കലോത്സവത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍വിഭവങ്ങളും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപനം നടത്തിയിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: