തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതിന് തെളിവു പുറത്ത്. സര്‍ക്കാര്‍ ബോര്‍ഡ് വച്ച കെഎല്‍ 01 ഡിസി 3136 വെള്ള ഇന്നോവ ക്രിസ്റ്റയാണ് മകളെ കരാട്ടെ ക്ലാസിനു കൊണ്ടുപോകുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി ശബരീഷിന്റെ ഭാര്യാപിതാവ് ഉപയോഗിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കോഴിക്കോട് സ്കൂള്‍ കലോത്സവത്തില്‍ മുഖ്യ സംഘാടന ചുമതല വഹിക്കുമ്പോഴാണ് വാഹനം തലസ്ഥാനത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടില്‍ നിന്ന് സര്‍ക്കാര്‍ വാഹനം ശാസ്തമംഗലത്ത് പി.കെ. ശബരീഷിന്റെ ഫ്ലാറ്റിലെത്തിച്ചാണ് കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്. ശബരീഷിന്റെ ഔദ്യോഗിക യാത്രയ്ക്കു മാത്രം ഉപയോഗിക്കാനുള്ളതാണ് വാഹനം. സ്വകാര്യാവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കേയാണ് പരസ്യമായ നിയമ ലംഘനം.
ഔദ്യോഗിക വാഹനം ദുരുപയോഗിക്കുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പരാതി ലഭ്യമാകുന്ന പക്ഷം ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് 2019 ഒക്ടോബര്‍ 28നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ വാഹനങ്ങള്‍ ഷോപ്പിങ്, റെയില്‍വെ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, സിനിമ, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍, വിവാഹം, കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുക തുടങ്ങിയ സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ധനവകുപ്പിന്റെ ഉത്തരവുള്ളപ്പോഴാണ് നിയമ ലംഘനം തുടര്‍ക്കഥയാകുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, വകുപ്പു മേധാവികള്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് തുക അടച്ച് സ്വകാര്യാവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കാമെന്ന ആനുകൂല്യമുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ സ്വകാര്യാവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ അനുവാദമില്ല.
മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സന്തോഷ് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതും വിവാദമായിട്ട് അധികനാളായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: