കാസര്‍കോട് : കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ അകറ്റി വ്യക്തത വരുത്തുന്നതിനാണ് വിശദമായ പരിശോധനകള്‍ക്ക് അയയ്ക്കുന്നത്. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മിഷണറും അടുത്തു തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
മംഗലാപുരം ആശുപത്രിയില്‍ നിന്നുള്ള ചികിത്സാ വിവരങ്ങളും ഭക്ഷ്യസുരക്ഷാവകുപ്പ് തേടി കഴിഞ്ഞു. ഹോട്ടലുകളില്‍ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയില്‍ ഒരു സ്ക്വാഡ് വീതം രൂപീകരിച്ചാണ് പരിശോധന. അതേസമയം അഞ്ജുശ്രീ കുഴിമന്തി വരുത്തിച്ച് കഴിച്ച അല്‍ റൊമന്‍സി ഹോട്ടലില്‍ ഒരു മാസം മുമ്പ് അധികൃതര്‍ പരിശോധന നടത്തിയതാണ്. എന്നാല്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ മൃതദേഹം വിശദമായ പരിശോധനകള്‍ക്ക് ശേഷം ഭക്ഷ്യവിഷബാധയാണെന്ന സ്ഥിരീകരണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുക.
അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.വി. രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് നല്‍കിയിട്ടുണ്ട്. സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ്ഫക്ഷന് സിന്‍ഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ സാധിക്കൂവെന്നും ഇതില്‍ നിര്‍ദ്ദേശിച്ചിരുന്നു.
പുതുവര്‍ഷത്തോടനുബന്ധിച്ച് അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അല്‍ റമന്‍സിയ ഹോട്ടല്‍ ഉടമയേയും രണ്ട് പാചകക്കാരേയും വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഹോട്ടല്‍ ഉടമ ഏരിയാല്‍ ബ്ലാര്‍ക്കോട് ഫാത്തിമ ക്വാര്‍ട്ടേഴ്സില്‍ അബ്ദുള്‍ ഖാദര്‍ (58) , പാചകക്കാരന് മലപ്പുറം നാടി പ്രായയിലെ എന്‍.പി. സുരേഷ് (50), സഹായി ഉത്തര്‍പ്രദേശ് ഫൈസാബാദിലെ സോനു (24) എന്നിവരെ കാസര്‍കോട് ടൗണ്‍ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തു. അഞ്ജുശ്രീയുടെ മരണത്തില്‍ മേല്‍പ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിന്മേലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: