കൊല്ലം: ചിതറയിൽ വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. പോലീസ് വീട്ടില്‍ കടന്നാല്‍ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊലപെടുത്തുമെന്നാണ് സജീവിന്റെ ഭീഷണി. ഇയാള്‍ അഴിച്ചു വിട്ടിരുന്ന ഒരു നായയെ പരിശീലകരുടെ സഹായത്തോടെ മാറ്റി പോലീസ് വീടിനുള്ളില്‍ കടന്നതോടെയാണ് സജീവ് ഭീഷണി ഉയര്‍ത്തിയത്. ഫയര്‍ ഫോഴ്സ് സംഘവും പൊലീസിനൊപ്പമുണ്ട്.
വീട് പൂട്ടി അമ്മയുമായി സജീവ് വീടിനകത്ത് തന്നെയിരിക്കുകയാണ്. സുഹൃത്തുക്കളടക്കമുള്ളവര്‍ സജീവിനെ അനുനയിപ്പിക്കാന്‍ ശ്രിക്കുന്നുണ്ടെങ്കിലും വഴങ്ങാന്‍ ഇയാള്‍ തയ്യാറാകുന്നില്ല. തന്റെ സ്വത്തുക്കളെല്ലാം പലരും തട്ടിയെടുത്തെന്നാണ് ഇയാളുടെ വാദം. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നായിരുന്നു സജീവിന്റെ വാദം. തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നതെന്നും വീട്ടിൽനിന്നിറങ്ങണമെന്നും സജീവ് ആവശ്യപ്പെട്ടു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. തുടർന്ന് പോലീസെത്തിയാണ് സജീവിനെ പിന്തിരിപ്പിച്ചത്.
വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ആയുധം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സജീവിനോട് സ്റ്റേഷനിലേയ്ക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സ്വന്തം വീട്ടിലേയ്ക്ക് പോയി നായ്ക്കളെ അഴിച്ചുവിട്ടു ശേഷം ഗേറ്റ് പൂട്ടി വീടിനകത്ത് കയറി. പോലീസുകാര്‍ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പോലീസ് സംഘം മടങ്ങി. ഇന്നലെ രാവിലെയും പോലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിയുകയായിരുന്നു. തുടര്‍ന്നാണ് നായപിടിത്തക്കാരുടെ സഹായം പോലീസ് തേടിയത്.
സുപ്രഭയുടെ വീട്ടില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പോലീസിന്റെ വീഴ്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. മുമ്പും ഇയാള്‍ ഇതേപോലെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: