കേരള യുവജന കമ്മീഷന് എന്ന പേരുകേട്ടാല്‍ യുവാക്കള്‍ കോരിത്തരിക്കണം. അതിന് അനുസൃതമായ മുദ്രാവാക്യമാണ് കമ്മിഷന് ആസൂത്രണം ചെയ്തത്. യുവാക്കളെ വിദ്യാസമ്പന്നരാക്കണം, ശാക്തീകരിക്കണം. യുവാക്കളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണം. യുവാക്കളുടെ അപരിമേയമായ കഴിവുകള്‍ ശരിയായ മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്തണം. രാജ്യപുരോഗതിക്ക് ലക്ഷ്യംവച്ചുള്ള മഹത്തായ ലക്ഷ്യങ്ങള്‍ ആര്‍ജിക്കാന്‍ കഴിയണം. എങ്ങിനെയുണ്ട്! അസ്സലല്ലെ. പിന്നെയുമുണ്ട് ഒട്ടനവധി സംഗതികള്‍. പരിസ്ഥിതി സംരക്ഷണം, പൗരബോധം, ജനാധിപത്യബോധം, സാക്ഷരത തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണവയില് ഒന്ന്. ഈ വിഷയത്തില്‍ യുവജന കമ്മിഷന്റെ എന്തെങ്കിലും ഇടപെടലുകളും നടപടികളും സ്വീകരിച്ചതായി ഭൂമിമലയാളത്തില് ആരെങ്കിലും കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ?
കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും. അതിനെതിരെ ഒരു ആളനക്കം യുവജനകമ്മിഷന് നടത്തിയതായി കേട്ടിട്ടുണ്ടോ? യുവാക്കളുടെ, പ്രത്യേകിച്ച് ദുര്‍ബലവിഭാഗത്തിലും ഗോത്രവര്ഗവിഭാഗത്തിലും പെടുന്നവരുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ നടപടികളില്‍ സര്‍ക്കാരിനെ ഉപദേശിക്കുക എന്നതും ലക്ഷ്യത്തില്‍ പറയുന്നു. അങ്ങിനെയൊരു സമൂഹത്തിനുവേണ്ടി അഞ്ചാറുവര്‍ഷത്തിനിടയില്‍ ചെയ്തതെന്തെന്ന് കേട്ടിട്ടുണ്ടോ? അതുപോട്ടെ അട്ടപ്പാടിയില്‍ ഭക്ഷണം കഴിക്കാന്‍ പാങ്ങില്ലാതെ കുഴഞ്ഞുനടന്ന ഒരു ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിട്ട് വിചാരണയെങ്കിലും നേരാംവണ്ണം നടത്തിക്കൊടുക്കാനും ഇടപെടലുണ്ടായോ?
പിന്നെ പറയുന്നു ലക്ഷ്യങ്ങളും കടമകളും കര്‍ത്തവ്യങ്ങളുമെല്ലാം. ഇവയൊന്നും ചെയ്യാന്‍ കഴിയാതെ ബാല്യത്തില്‍ തന്നെ വാര്‍ധക്യം ബാധിച്ച യുവജന കമ്മിഷനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയതെപ്പോഴാണ്. ചെയര്‍പഴ്സണിന്റെ ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നപ്പോള്‍. അതുവഴികിട്ടുന്ന അധിക കുടിശിക എത്രയാണ്. 37 ലക്ഷമോ ഒന്‍പത് ലക്ഷമോ ആറുലക്ഷമോ? അതിനെക്കുറിച്ചാണ് അച്ചുകൂടം വിഴുങ്ങിയ ചെയര്‍പേഴ്സണ്‍ ആവലാതി. സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സന്‍ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്കാന് ധനവകുപ്പ് അനുമതി നല്‍കിയതില്‍ പ്രതികരണവുമായി നടന് ജോയ് മാത്യു. പറയുന്നത് ഇപ്രകാരമാണ്. ”ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ-ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജന കമ്മിഷന് പദവി ലക്ഷ്യം വയ്ക്കൂ” പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വയ്ക്കുന്നത് നല്ലതാണെന്നും കുറിപ്പില്‍ പറയുന്നു.
യുവജനകമ്മിഷന് ചെയര്‍പഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുന്‍പ് 50,000 രൂപയായിരുന്നു. അധികാരം ഏറ്റ 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു. ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു. 2017 ജൂണ്‍ മുതല്‍ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നല്‍കാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കമ്മീഷന് മുന്‍ അധ്യക്ഷന്‍ ആര്.വി. രാജേഷ് 2018-ലെ ഉത്തരവ് മുന്‍കാല പ്രാബല്യത്തിലാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നുണ്ട്. ഈ കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇപ്പോള്‍ ഒരു പ്രചാരണം വന്നതെന്നും ചിന്ത ചൂണ്ടിക്കാട്ടി. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന് താന്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ചട്ടങ്ങള്‍ രൂപീകൃതമാകുന്നതിന് മുമ്പ് അഡ്വാന്‍സായി കൈപ്പറ്റിയ തുക സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടി യുവജന കമ്മീഷന് സെക്രട്ടറി കത്ത് നല്കിയിട്ടുണ്ടാകാം.
”യുവജന കമ്മീഷന് അധ്യക്ഷയായതോടെ ജെ.ആര്.എഫ് വേണ്ടെന്ന് എഴുതി നല്‍കിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. യാതൊരു തരത്തിലുമുള്ള ശമ്പളവും പറ്റാതെയാണ് ആദ്യ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ചുമതലയേറ്റെടുത്ത പിറ്റേദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ചിന്ത ജെറോമിന്1.75 ലക്ഷം ശമ്പളം എന്നായിരുന്നു. സംഘടിതമായി എനിക്കെതിരെ നിരന്തരം സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയാണ് ചെയ്തുവരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം പെട്ടെന്നൊരു പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു എന്ന്. ആദ്യം ഇത് ഗൗരവമായി എടുത്തില്ല. പിന്നെ 32 ലക്ഷം എനിക്ക് കിട്ടാന്‍ പോകുന്നുവെന്ന പ്രചാരണമൊക്കെ കണ്ടു. എങ്ങനെയാണ് ആ കണക്ക് കൂട്ടിയതെന്ന ധാരണ എനിക്കില്ല.”
സിപിഎം സംസ്ഥാന സമിതി അംഗമാണ് ചിന്ത. എത്ര തുക കൂട്ടി നല്കിയാലും അതിന്റെ വിഹിതം പാര്‍ട്ടിക്കും ഉറപ്പ്. അതിനൊരു ഓമനപ്പേരുണ്ട് ‘ലെവി’. കേരളത്തിന് കടമെടുക്കലിന്റെ തുക കൂട്ടിക്കിട്ടാന്‍ കേന്ദ്രത്തെ സമീപിക്കാന്‍ പോവുകയാണ്. പിടിച്ചുനില്ക്കാന് പറ്റുന്നില്ലത്രെ. അതിനിടയിലാണ് ഇമ്മാതിരി കൂട്ടിക്കൊടുക്കല്‍. പുത്തന്‍ കാറുകളും ക്ലിഫ്ഹൗസിലെ കുളംശുചീകരണവും കാലിത്തൊഴുത്ത് കെട്ടലുമൊക്കെ. അതൊന്നും വലിയ ചര്ച്ചയാകാത്തപ്പോഴാണ് ചിന്തയുടെ കാര്യത്തില്‍ കനപ്പെട്ട ചിന്ത. ചിന്ത സമരനോട്ടീസ് നല്‍കിയിട്ടില്ല. നല്കിയെങ്കിലല്ലെ കോടതിക്കിടപെടാനൊക്കൂ. ശമ്പളം കൂട്ടിനല്കണമെന്നൊരു കത്തല്ലെ കൊടുത്തുള്ളൂ. പാവങ്ങളുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍പോലും പണമില്ലായ്മ മൂലം മുടങ്ങിക്കിടക്കുന്നു. പോക്കില്ലെന്ന് കരുതി പോക്കണക്കേട് കാണിക്കരുതെന്ന് പറയാറില്ലെ. അതുപോലെയാണ് സര്‍ക്കാരിന്റെ പോക്ക്. കാട്ടുന്നതൊക്കെ പോക്കണക്കേട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: