ഭരണഘടനയെ അവഹേളിച്ചതിന് പുറത്തുപോകേണ്ടിവന്ന സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലെ മഞ്ഞുരുക്കമായി ചിലരൊക്കെ വിലയിരുത്തുകയുണ്ടായി. എന്നാല്‍ സജി ചെറിയാനെതിരായ കേസിന്റെ രേഖകള്‍ രണ്ടു ദിവസത്തിനകം ഹാജരാക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടത് ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനപ്പുറം ഈ വിഷയത്തില്‍ താന്‍ പിന്നോട്ടില്ലെന്ന ഗവര്‍ണറുടെ ശക്തമായ നിലപാടിന് തെളിവാണ്. സിപിഎം യോഗത്തില്‍ സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് തെളിയിക്കാനാവില്ലെന്നും, അതിനാല്‍ അവസാനിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ മജിസ്ട്രേറ്റ് കോടതി തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതിയിലും ഇതു സംബന്ധിച്ച ഹര്‍ജിയുണ്ട്. ഗവണ്മെന്റും ഗവര്‍ണറും ഒന്നാണെന്നും മറ്റും പറഞ്ഞ് സത്യപ്രതിജ്ഞയ്ക്കുശേഷം പ്രശ്നത്തെ ലളിതവല്ക്കരിക്കാന് മന്ത്രി ചെറിയാന് ശ്രമിക്കുകയുണ്ടായെങ്കിലും സര്‍ക്കാരിന്റെ സ്ഥാപിത താല്പര്യത്തിന് താന്‍ വഴങ്ങില്ലെന്ന വ്യക്തമായ സൂചനതന്നെയാണ് ഗവര്‍ണര്‍ നല്‍കുന്നത്. മന്ത്രിസഭയില്‍നിന്ന് പുറത്തുപോകേണ്ടിവന്നയാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കുന്നതില്‍ വ്യക്തത വരുത്താമെന്ന് ഗവര്‍ണര്‍ക്ക് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. രേഖകള്‍ ഹാജരാക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ വിയര്‍ക്കുകയാണ്. സജി ചെറിയാന് വീണ്ടും രാജിവയ്ക്കേണ്ടിവരുമെന്ന അഭിപ്രായങ്ങള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുമുണ്ട്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ പതിനേഴ് ബില്ലുകളില്‍ ഒരെണ്ണമൊഴികെ എല്ലാറ്റിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് തന്നെ നീക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. തനിക്കെതിരായ ഒരു നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ താന്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും, തനിക്ക് മുകളിലുള്ളവര്‍ക്ക് വിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരത്തെ സൂചിപ്പിച്ചിരുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന ഏതെങ്കിലുമൊരു വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കേന്ദ്രനിയമമാണ് ബാധകമാവുകയെന്നും ഗവര്‍ണര്‍ വ്യ ക്തമാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടാനാവുമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഈ വഴി തെരഞ്ഞെടുക്കാനാണ് എല്ലാ സാധ്യതയും. ഇക്കാര്യത്തില്‍ കീഴ്വഴക്കവും ഗവര്‍ണര്‍ക്ക് ചൂണ്ടിക്കാട്ടാനാവും. ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ല് പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും നിയമസഭകള്‍ പാസാക്കിയിരുന്നു. ഈ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിശോധനയ്ക്ക് വിടുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്തത്. പശ്ചിമബംഗാളില്‍ ഈ നടപടി സ്വീകരിച്ച ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഇപ്പോള്‍ ഉപരാഷ്ട്രപതിയാണ്. രാഷ്ട്രപതിയുടെ പരിഗണനക്ക് വരുന്ന വിഷയങ്ങളില്‍ ഉപരാഷ്ട്രപതിയുമായി ചര്‍ച്ച ചെയ്യുന്ന പതിവുണ്ട്. ഇതൊക്കെ കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടി ലഭിക്കാനിടയുള്ള കാരണങ്ങളാവാം.
തികച്ചും രാഷ്ട്രീയപ്രേരിതമായാണ് ഗവര്‍ണറെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. സിപിഎമ്മിന്റെയും മന്ത്രിമാരുടെയും സ്ഥാപിതതാല്പര്യവും സ്വജനപക്ഷപാതവും മുന്‍നിര്‍ത്തിയുള്ള സര്‍വകലാശാലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്യാനും, സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് തടയാനും തുടങ്ങിയതോടെയാണ് ചാന്സലര്സ്ഥാനത്ത് ഗവര്‍ണര്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം സംരക്ഷിച്ചും അക്കാദമിക് താല്പര്യം കണക്കിലെടുത്തും നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ ചാന്‍സലര്‍സ്ഥാനത്തു തുടരുന്നത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാര്ട്ടിവല്ക്കരണത്തിനെതിരാണെന്ന് സിപിഎമ്മും സര്‍ക്കാരും കരുതുന്നു. അറ്റന്‍ഡര്‍ മുതല്‍ വൈസ് ചാന്‍സലര്‍ വരെയുള്ളവരെ പാര്‍ട്ടിയുടെ ലിസ്റ്റില്‍നിന്ന് നിയമിക്കണമെന്ന രീതിയാണ് ഇടതുമുന്നണി സര്‍ക്കാരിന്റേത്. സെനറ്റും സിന്ഡിക്കേറ്റുമൊക്കെ ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്. കാലങ്ങളായി തുടരുന്ന ഈ രീതി നിയമവിരുദ്ധമാണെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞതാണ് ഗവര്‍ണര്‍ സിപിഎമ്മിനും സര്‍ക്കാരിനും അനഭിമതനാവാന്‍ കാരണം. ഗവര്‍ണറെ സ്വന്തം വരുതിക്കു കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും പലവിധത്തിലും ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ഒടുവിലാണ് ചാന്‍സലര്‍സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് പാസാക്കിയത്. ഈ ബില്ല് നിയമമാകാതിരിക്കേണ്ടത് സര്‍വകലാശാലകളുടെ സ്വയംഭരണവും അക്കാദമിക് താല്‍പ്പര്യവും സംരക്ഷിക്കാന്‍ ആവശ്യമാണ്. സര്‍വകലാശാലകളിലെ ഇടതു തേര്‍വാഴ്ചയെ അംഗീകരിക്കാത്ത എല്ലാവര്ക്കും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കാനുള്ള ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: