ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പത്ത്, പന്ത്രണ്ടാം ക്സാസിലെ പരീക്ഷ നേരിടുന്ന കുട്ടികള്‍ക്ക് പരീക്ഷാപ്പേടി അകറ്റേണ്ടത് എങ്ങിനെ എന്ന് ഉപദേശം നല്കുന്ന പരീക്ഷ പേ ചര്‍ച്ചയില്‍ ഇക്കുറി പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ 38.80 ലക്ഷം പേര്. ഇത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ഇത് ആറാം തവണയാണ് പ്രധാനമന്ത്രി പരീക്ഷാ പേ ചര്‍ച്ച വെയ്ക്കുന്നത്. ജനുവരി 27നാണ് ദല്‍ഹിയിലെ തല്‍ക്കതോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരെല്ലാം പരിപാടിയില്‍ പങ്കെടുക്കണമെന്നും മോദി വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. ഇക്കുറി പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനുള്ള തീയതി ജനവരി 27 വരെ നീട്ടി. 2022 നവംബര്‍ 25 മുതലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചത്. ഡിസംബര്‍ 30 വരെയാണ് രജിസ്ട്രേഷൻ നേരത്തെ അനുവദിച്ചിരുന്നത്.
‘വിദ്യാര്‍ത്ഥികളിലെ പരീക്ഷാ പേടി മാറ്റാനും ആശങ്കകള്‍ അകറ്റാനുമായി നടത്തുന്ന ദേശീയ നിലവാരത്തിലുള്ള പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക,’ എന്നാണ് മോദിയുടെ ട്വീറ്റ്.
ഇന്ത്യയിലെ മാത്രമല്ല, പുറം രാജ്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ഈ പരിപാടി വന്‍ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. ഇക്കുറി രജിസ്റ്റര്‍ ചെയ്ത 38 ലക്ഷത്തിലധികം വരുന്നവരില്‍ 150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും ഉള്‍പ്പെടുന്നു. ഇക്കുറി വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
2018ല്‍ പ്രകാശ് ജാവഡേക്കര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ആദ്യത്തെ പരീക്ഷാ പേ ചര്‍ച്ച സംഘടിപപിച്ചത്.
പരീക്ഷാപ്പേടിയില്‍ കുഴഞ്ഞ വിദ്യാര്‍ത്ഥികളെ എങ്ങനെ പിന്തുണയ്ക്കണം എന്ന വിഷയത്തില്‍ മാതാപിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രി തുറന്ന ചര്‍ച്ച നടത്തും.കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ മാതാപിതാക്കള്‍ തിരിച്ചറിയണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ സഹായിക്കണമെന്നും മാതാപിതാക്കള്‍ക്ക് പ്രധാനമന്ത്രി സ്ഥിരം നല്കുന്ന ഉപദേശമാണ്. ചര്‍ച്ചകളിലൂടെയും മത്സരങ്ങളിലൂടെയും പരീക്ഷയെ പേടിച്ചിരുന്നവര്‍ എന്നതില്‍ നിന്ന് പരീക്ഷയെ ധീരതയോടെ നേരിടാന്‍ മനസ്സുള്ള പോരാളികള്‍ എന്ന നിലയിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. എക്സാം വാരിയേഴ്സ് (പരീക്ഷ പോരാളികള്‍) എന്ന പേരില്‍ ഒരു പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: