കോട്ടയം: ശബരിമല മാളികപ്പുറത്തെ വെടിക്കെട്ട് പുരയില്‍ ഉണ്ടായ തീപ്പിടിത്തത്തിലും സ്‌ഫോടനത്തിലും വെടിക്കെട്ട് കരാര്‍ സഹായികളായ മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റിയ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു.
ഇത് ഗുരുതരമായ സുരക്ഷാ പിഴവായി കാണണം. വെടി വഴിപാടിന് കരാര്‍ എടുത്തയാളുടെ സ്‌ഫോടക ശേഖരം മാളികപ്പുറം നടയ്‌ക്ക് സമീപം സൂക്ഷിക്കാന്‍ അനുവദിച്ചതിലൂടെ ശബരിമലയുടെ സുരക്ഷാകാര്യങ്ങള്‍ ലാഘവ ബുദ്ധിയോടെയാണ് അധികാരികള്‍ കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.
വെടിപ്പുര തീപ്പിടിത്തം സംബന്ധിച്ച് കോടതിയിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും പത്തനംതിട്ട ജില്ലാ കളക്ടര്‍ തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ സൂചനകള്‍ വസ്തുതാവിരുദ്ധമാണ്. മാളികപ്പുറം നടയ്‌ക്ക് സമീപം തീപ്പിടിത്തവും സ്‌ഫോടനവും ഉണ്ടായ സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഭാവിയില്‍ ഇടവരുത്തും. ശബരിമല വെടിക്കെട്ട് പുര തീപ്പിടിത്തവും ശബരിമലയുടെ സുരക്ഷയെ സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഉന്നതതല ഏജന്‍സി അന്വേഷണ വിധേയമാക്കണമെന്നും ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: