ശബരിമല: മകരവിളക്ക് ഉത്സവത്തില്‍ പങ്കെടുക്കാനും മകരജ്യോതി ദര്‍ശിക്കാനുമെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി ദേവസ്വംബോര്‍ഡും വിവിധവകുപ്പുകളും. തീര്‍ത്ഥാടക സുരക്ഷ സംബന്ധിച്ച് ക്രമീകരണങ്ങള്‍ക്കായി തിരുവനന്തപുരത്ത് എഡിജിപിയുടെ നേതൃത്വത്തില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം എസ്പിമാരുടെ പ്രത്യേകയോഗം ആരംഭിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ സഞ്ചാരവഴികളിലും സന്നിധാനത്തും സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് യോഗം രൂപം നല്‍കും. ഇതനുസരിച്ചാകും മകരവിളക്ക് സമയത്ത് സുരക്ഷാക്രമീകരണങ്ങളെന്ന് സ്പെഷ്യല്‍ ഓഫീസര്‍ വി.എസ്. അജി പറഞ്ഞു. നിലവില്‍ തിരക്ക് മാനിച്ച് പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാന്‍ സമയം ക്രമീകരിച്ചാണ് പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്.
ആര്‍എഎഫ്, എന്‍ഡിആര്‍എഫ് സേനാംഗങ്ങളും കര്‍മനിരതരായി രംഗത്തുണ്ട്. മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. പതിനെട്ടാംപടി കയറുന്നതിനുള്ള തീര്‍ത്ഥാടകരുടെ വരി മരക്കൂട്ടത്തിന് താഴെ നീളാതിരിക്കാന്‍ പോലീസ് പരമാവധി പരിശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സന്നിധാനത്ത് തങ്ങുന്ന തീര്‍ത്ഥാടകര്‍ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തീപിടത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനാണിത്.
പാചകപാത്രങ്ങള്‍ വില്ക്കാന് പാടില്ലെന്ന് പാത്രകടകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാചകാവശ്യത്തിനുള്ള വലിയ പാത്രങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിനും അനുവാദമില്ല. റവന്യൂ, പോലീസ്, അഗ്നിസുരക്ഷാസേനാ എന്നിവയുടെ സംയുക്ത പരിശോധനകളും സന്നിധാനത്ത് ശക്തമാണ്. മകരവിളക് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള വിവിധ വകുപ്പുകളുടെ അവലോകനയോഗം നാളെ സന്നിധാനത്ത് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: