കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ തുടര്‍ച്ചയായി ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ അന്വേഷണം വീണ്ടും പിടിമുറുക്കാനാണ് ഇഡിയുടെ തീരുമാനം. ലൈഫ് മിഷന് കേസില്‍ കോഴ നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നത്.
തൃശൂര്‍ വടക്കാഞ്ചേരിയിലെ ഭവന പദ്ധതിക്കായി യുഎഇ റെഡ്ക്രസന്റ് വഴി ലഭിച്ച ഏഴേ മുക്കാല്‍ കോടിയില്‍ 3.80 കോടി ഉദ്യോഗസ്ഥര്‍ക്കും മറ്റും കോഴയായി നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ രൂപ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നേരിട്ട് നല്കി. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നായിരുന്നു മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ടവരേയും വൈകാതെ ചോദ്യം ചെയ്യും. ഇഡിക്ക് സ്വപ്നാ സുരേഷ് ജയിലില്‍ നല്കിയ മൊഴിയില്‍ ആറു കോടി രൂപയാണ് കോഴപ്പണമെന്നായിരുന്നു അറിയിച്ചത്. ഇതോടെ ഖാലിദിന് നല്കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് കണ്ടെത്തിയതോടെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് വീണ്ടും അന്വേഷണം കടുപ്പിക്കുകയായിരുന്നു.
അതേസമയം രണ്ടു കോടിയോളം രൂപ സന്തോഷ് ഈപ്പന്, കോണ്‍സല്‍ ജനറലിന് നല്‍കിയെന്നും ഇഡിക്ക് സംശയമുണ്ട്. കസ്റ്റംസിനോടും സിബിഐയോടും കമ്മിഷന് തുക സംബന്ധിച്ച് നല്കിയ മൊഴി തെറ്റായിരുന്നെന്നും സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വപ്ന, സന്ദീപ് നായര്‍, പി.എസ്. സരിത്ത്, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: