കൊല്ലം: ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. യുവതി മരിച്ചത് പ്രതി നാസു നടത്തിയ ബലാല്‍സംഗ ശ്രമത്തിനിടെയാണെന്ന് തെളിഞ്ഞു. കൊലയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പണവും നാസു കവര്‍ന്നതായും പൊലീസ് വ്യക്തമാക്കി.
ഡിസംബര്‍ 29ന് കാണാതായ കേരളപുരം സ്വദേശിയായ യുവതിയുടെ മൃതദേഹം ചെമ്മാമുക്കിലെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കൊല്ലം ബീച്ചില്‍ നിന്നും പ്രതി നാസു യുവതിയെ ഇവിടേക്ക് തന്ത്രപരമായി എത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം. ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്ന് യുവതി മരിച്ചുവെന്നാണ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി നാസു മൊഴി നല്‍കിയത്. തന്റെയൊപ്പം ഉണ്ടായിരുന്നപ്പോള്‍ മരണം സംഭവിച്ചു എന്നറിയാതിരിക്കാന്‍ യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കി എന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. മറ്റാരെങ്കിലും കൊലപ്പെടുത്തി എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്.
ആഹാരസാധനം ശ്വാസകോശത്തില്‍ കുടുങ്ങിയാണ് മരണം എന്നാണ് ഡോക്ടറുടെ പ്രാഥമിക നിഗമനം. തലയുടെ ഇരുവശത്തും മാറിലും മുറിവേറ്റ പാടുകളുമുണ്ട്. പുതുവര്‍ഷതലേന്ന് കൊട്ടിയം പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ യുവതിയുടെ ഫോണ്‍ പ്രതി നാസുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഫോണ്‍ കളഞ്ഞുകിട്ടിയതാണെന്നാണ് നാസു അന്ന് പൊലീസിനെ അറിയിച്ചത്. ഫോണില്‍ നിന്നും വിളിച്ച പൊലീസിന് യുവതിയുടെ വീട്ടിലേക്കാണ് കോള്‍ കിട്ടിയത്. ഇതോടെ അന്ന് ഫോണ്‍ പിടിച്ചെടുത്ത ശേഷം ഇയാളെ പൊലീസ് പറഞ്ഞുവിട്ടു. എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാസുവിനെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: