കോട്ടയം കിളിരൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം കേരളം നേരിടുന്ന വളരെ ഗുരുതരമായ സാമൂഹ്യപ്രശ്നത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഒരു ഹോട്ടലില്‍നിന്ന് വാങ്ങിയ അല്‍ഫാം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച നഴ്സായ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനാല്‍ ഹോട്ടല്‍ അടച്ചുപൂട്ടിയതാണ്. പിന്നീട് തുറന്നു പ്രവര്‍ത്തിച്ചപ്പോഴാണ് അവിടെനിന്ന് ഭക്ഷണം വാങ്ങി കഴിച്ച യുവതിക്ക് ജീവന് തന്നെ നഷ്ടമായത്. പതിവുപോലെ ഒറ്റപ്പെട്ട സംഭവം എന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നില്ല. അങ്ങനെ പറയാന്‍ കഴിയില്ലെന്നതാണ് വാസ്തവം. കാസര്‍കോട് ഒരു പെണ്‍കുട്ടി ഷവര്‍മ വാങ്ങിക്കഴിച്ച് മരിച്ചതിനു പിന്നാലെ ഹോട്ടലുകളില്‍നിന്ന് ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കോഴിക്കോട് ഒരു ഫാസ്റ്റ് ഫുഡ് കടയില്‍നിന്ന് കുഴിമന്തി വാങ്ങിക്കഴിച്ച തെലുങ്കാന സ്വദേശിയായ പെണ്‍കുട്ടിയും ഇതില്‍പ്പടുന്നു. ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. ആയുസ്സിന്റെ ബലംകൊണ്ടും ഭാഗ്യംകൊണ്ടും മാത്രമാണ് ഇവര്‍ക്ക് ജീവന് തിരിച്ചുകിട്ടിയത്. പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ്. മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തകളിലൊന്നായി ഭക്ഷ്യവിഷബാധ മാറിയിട്ടുണ്ട്.
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലെ ശോചനീയാവസ്ഥയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം. മായം ചേര്‍ത്തതും രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയതും പഴകിയതുമായ ഭക്ഷണമാണ് പല ഭക്ഷണശാലകളിലും വിളമ്പുന്നത്. മാംസഭക്ഷണമാണ് ഇവയിലേറെയും. ദിവസങ്ങളോളം പഴകിയ മാംസം ആകര്‍ഷകമായ ഭക്ഷണ വിഭവങ്ങളായി നല്‍കുകയാണ്. രോഗം പിടിപെട്ട് ചത്ത കോഴികളും ദിവസങ്ങളോളം പഴക്കമുള്ള മാട്ടിറച്ചിയുമൊക്കെ തീവണ്ടിവഴിയും മറ്റു വാഹനങ്ങളിലും കേരളത്തിലെ ഭക്ഷണശാലകളിലെത്തുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച യാതൊരു ധാരണയുമില്ലാതെ ആളുകള്‍ വാങ്ങിക്കഴിക്കുകയാണ്. പണംകൊടുത്ത് വാങ്ങുന്ന ഈ ഭക്ഷണവിഭവങ്ങളുടെ ഗുണനിലവാരം പലര്‍ക്കും ഒരു പ്രശ്നമേയല്ല. ഷവര്‍മ, കുഴിമന്തി, അല്‍ഫാം എന്നിങ്ങനെയുള്ള അറേബ്യന്‍ പേരുകളില്‍ ‘രുചിയേറിയ’ ഭക്ഷണ വിഭവങ്ങള്‍ തീന്മേശകളില് വന്നുനിറയുകയാണ്. ഒരേ വിഭവം തന്നെ പല പേരുകളില്‍ വിറ്റഴിക്കുന്നു. ആദ്യം കുഴിമന്തി മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ യമനി കുഴിമന്തി ഉള്‍പ്പെടെ പലതരം മന്തികള്‍ ലഭ്യമാണ്. ആരോഗ്യകരമെന്നോ ആശാസ്യമെന്നോ പറയാന്‍ കഴിയാത്ത മറ്റൊരു ഭക്ഷണ സംസ്കാരം തന്നെ കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളുടെ സ്വന്തം നാടായി കേരളം മാറുന്നതിന്റെ പ്രധാന കാരണവും ഇതാണ്. സ്വാഭാവികമായും ഭക്ഷ്യവിഷബാധ തുടര്‍ക്കഥയാവുകയും ചെയ്യുന്നു.
ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങളുടെ പ്രധാന ഉത്തരവാദി സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പുമാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തോളം ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് ഒരു കണക്ക്. ഇതില്‍ നാല്‍പ്പതിനായിരത്തിനു മാത്രമേ ലൈസന്‍സുള്ളൂ എന്നറിയുമ്പോള്‍ നിയമം നടപ്പാക്കുന്നതില്‍ എത്ര ഭീകരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാണല്ലോ. കേരളത്തിലങ്ങോളമിങ്ങോളമുള്ള പല ഭക്ഷണശാലകളിലും കയറിച്ചെല്ലുമ്പോള്‍ അവയുടെ ജീര്‍ണ്ണത കണ്ണില്‍പ്പെടും. ഒരു ഭക്ഷണശാലയുടെ നടത്തിപ്പിന് നിയമം അനുശാസിക്കുന്നതൊന്നും അവിടെ കണ്ടെന്നുവരില്ല. ശുചീകരണം എന്നൊന്നില്ലാതെ ദുര്‍ഗന്ധം വമിക്കുന്ന ഗുഹകളാണ് ഇവയില്‍ പലതും. മാംസം ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാനുള്ള യാതൊരു സൗകര്യമില്ലാത്തവയും വര്‍ഷങ്ങളായി ഭക്ഷണശാലകളായി പ്രവര്‍ത്തിക്കുകയാണ്. അഴിമതിയും അധികൃതരുടെ ഒത്താശയുമാണ് ഇതിനു കാരണം. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് ഒരു പ്രധാന പ്രശ്നമാണ്. ഉള്ളവര്‍ ശരിയായ പരിശോധനയും നടത്താറില്ല. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിക്കുമ്പോള്‍ മാത്രം പ്രസ്താവനയുമായി രംഗപ്രവേശം ചെയ്യുന്ന ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. കാസര്‍കോട് ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ചപ്പോള്‍ മന്ത്രി നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. കാര്യക്ഷമമായി പ്രവര്‍ത്തിക്കലാണ് മന്ത്രിയുടെ പണിയെന്ന് ആരെങ്കിലും ഈ ആരോഗ്യമന്ത്രിയെ ഉപദേശിക്കേണ്ടിയിരിക്കുന്നു. കിളിരൂരില്‍ നഴ്സിന്റെ മരണത്തിനിടയാക്കിയതും ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാതി ലഭിച്ച ഹോട്ടല്‍ പിന്നീട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതാണല്ലോ. ഭക്ഷണം ജീവനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അത് മരണത്തിന് കാരണമാകുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: