തിരുവനന്തപുരം: ഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് പൂട്ടിയത് 43 ഭക്ഷണശാലകള്‍. സംസ്ഥാന വ്യാപകമായി 429 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.
138 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്കി. 44 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത് യുവതി മരിച്ചതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. സംസ്ഥാനത്ത് ക്രിസ്മസ് ന്യൂഇയര്‍ ദിനങ്ങളില്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണവും വര്‍ധിച്ചിരുന്നു.
ശക്തമായ പരിശോധനകള്‍ തുടരും. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും പഴകിയ ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ മായം കലര്‍ത്തിയ ഭക്ഷണമോ പഴകിയ ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയ്യാറാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയില്‍മേലും പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: