കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ദേശീയവിദ്യാഭ്യാസനയം നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന ഭാവി ഭാരതത്തിലേക്കുള്ള ചൂണ്ടുപലകയാണ്. 1968ലും 86ലും നിലവില്‍ വന്ന വിദ്യാഭ്യാസ നയരേഖകള്‍ നിര്‍ഭാഗ്യവശാല്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. അന്തര്‍ദേശീയ തലത്തില്‍ വൈജ്ഞാനിക രംഗത്ത് ഇന്ത്യ എങ്ങുമെത്താതെ പോയതും അതുകൊണ്ടുതന്നെ. ഈ സാഹചര്യത്തിലാണ് നീണ്ട 36 വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ ചെയര്‍മാനായി നിലവില്‍ വന്ന വിദഗ്ധസമിതി പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നത്, അവസരം (Access) തുല്യത(Equity), ഗുണമേന്മ (Quality) ഉത്തരവാദിത്തം (Accountability) എന്നീ നാലു സ്തംഭങ്ങളിലാണ് ഈ പദ്ധതി പടുത്തുയര്‍ത്തിയിരിക്കുന്നത്. ഉന്നത നിലവാരം പുലര്‍ത്തുന്ന സമഗ്രമായ ഈ വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്‌ട്ര കേന്ദ്രീകൃതവും നീതിയൂക്തവും ജീവസ്സുറ്റതുമായ ഒരു വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടിയാണ് ലക്ഷ്യമാക്കുന്നത്.
ഘടനാപരമായ മാറ്റം
നിലവിലുള്ള 10+2 എന്ന അശാസ്ത്രീയമായ പാഠ്യപദ്ധതിക്രമം പുതിയ വിദ്യാഭ്യാസനയം നടപ്പാവുന്നതോടെ 5+3+3+4 എന്നായി മാറും. മൂന്നു വര്‍ഷം നീളുന്ന പ്രീ പ്രൈമറി ക്ലാസ്സും ഒന്ന്, രണ്ട് ക്ലാസ്സുകളും ഉള്‍പ്പെടുന്ന 5 വര്‍ഷക്കാലമാണ് ഫൗണ്ടേഷന്‍ സ്റ്റേജ്. 3-4-5 ക്ലാസ്സുകള്‍ പ്രിപ്പറേറ്ററി ക്ലാസ്സും 6-7-8 ക്ലാസ്സുകള്‍ അപ്പര്‍ പ്രൈമറിയും 9-10-11-12 ക്ലാസ്സുകള്‍ ഹയര്‍ സെക്കന്‍ഡറി തലവുമായി പുനക്രമീകരിക്കപ്പെടും. അഥവാ 12 വര്‍ഷം സ്‌ക്കൂള്‍ കാലഘട്ടവും അതിന് മുന്നോടിയായി 3 വര്‍ഷകാലത്തെ പ്രീ സ്‌കൂള്‍ കാലവുമുള്‍പ്പെടെ 15 വര്‍ഷം നീളുന്നതാണ് പുതിയ സംവിധാനം. വിദ്യാര്‍ത്ഥികളുടെ അമിതമായ പഠനഭാരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ പ്രക്രിയയില്‍ അടിസ്ഥാനപരമായ വിഷയങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന പരാതിയും ശക്തമാണ്. എന്നാല്‍ പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ വിഷയങ്ങളെല്ലാം അതിന്റെ കാതലില്‍ ഊന്നി ചര്‍ച്ചകള്‍ക്കും ഗവേഷണാടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ക്കും അവസരം നല്‍കുന്ന അന്വേഷണാത്മകവും മൂല്യാധിഷ്ഠിതവുമായ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
മാതൃഭാഷയ്‌ക്ക് മുന്‍ഗണന
ബോധനമാധ്യമം മാതൃഭാഷയാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് കാലമേറെയായി. വഞ്ചി അപ്പോഴും തിരുനക്കര തന്നെ. പുതിയ വിദ്യാഭ്യാസനയം മുന്നോട്ടുവക്കുന്ന നിര്‍ദ്ദേശം പ്രതീക്ഷക്കു വകനല്‍കുന്നതാണ്. വിദ്യാര്‍ത്ഥികളെ ഒരു ഭാഷയും ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കില്ല. അഞ്ചാം ക്ലാസ്സു വരെ പഠനം മാതൃഭാഷയില്‍ മാത്രമായിരിക്കും. അല്ലാത്ത പക്ഷം ലോക്കല്‍ റിജിനല്‍ ഭാഷകള്‍ പരിഗണിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ അത് എട്ടാം ക്ലാസ്സു വരെ ഉയര്‍ത്താന്‍ അനുവാദം നല്‍കുന്നുണ്ട്. ഭാരതത്തിലെ ഭാഷകളെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന സംസ്‌കൃതത്തിനോടുള്ള അവഗണനക്ക് ശാശ്വത്വ പരിഹാരം. സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ത്രിഭാഷാ പദ്ധതിയോടൊപ്പം (വിദേശ-ദേശീയ-പ്രാദേശിക ഭാഷകള്‍) സംസ്‌കൃതവും ഉള്‍പ്പെടുത്തും. ഭാരതീയ സാഹിത്യവും മറ്റു ക്ലാസ്സിക്കല്‍ ഭാഷകളും പഠിക്കാന്‍ അവസരമുണ്ടാവും. ഹയര്‍ സെക്കന്‍ഡറി തലത്തിലെത്തുമ്പോള്‍ ത്രിഭാഷാ പദ്ധതിക്കു പുറമെ ഇഷ്ടാനുസരണം ഫ്രഞ്ച് ജര്‍മ്മന്‍ സ്പാനിഷ് ചൈനീസ് ജാപ്പനീസ് തുടങ്ങിയ ഭാഷകളും തെരഞ്ഞെടുക്കാം.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും
പ്രായോഗികജീവിതത്തില്‍ വിദ്യാഭ്യാസ പദ്ധതി പൂര്‍ണ പരാജയമാണെന്ന വാദം പ്രബലമാണ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017) കാലയളവില്‍ 19നും 20 വയസ്സിനുമിടയിലുള്ള 5% യുവാക്കള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭിച്ചത്. വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ വളരെ പുറകിലാണെന്നു കാണാം. (യുഎസ്എ 52% ജര്‍മ്മനി 75% സൗത്ത് കൊറിയ 96%). ഈ സാഹചര്യത്തില്‍ ആറാം കഌസ് മുതല്‍ എട്ടാം ക്ലാസ്സു വരെ ഒന്നോ അതിലധികമോ കൈത്തൊഴിലുകള്‍ നിര്‍ബന്ധമായും പഠിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു. പൂന്തോട്ട നിര്‍മ്മാണം, മരപ്പണി, കളിമണ്‍ പാത്രനിര്‍മാണം ,ഇലക്ട്രിക് ജോലികള്‍, പ്ലംബിംഗ്, ഡ്രൈവിംഗ്, തുടങ്ങി സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്വയം തൊഴില്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമായ കോഴ്‌സുകള്‍ പഠിപ്പിക്കും. 2025 ആവുമ്പോഴേക്കും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുമായി 50% വിദ്യാത്ഥികള്‍ക്കെങ്കിലും തൊഴില്‍ പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്നു. അതോടെ രാജ്യം നേരിടുന്ന സങ്കീര്‍ണമായ തൊഴിലില്ലായ്മ പ്രശ്‌നത്തിന് വലിയൊരളവോളം പരിഹാരമാവും.
പാഠ്യപദ്ധതികളുടെ സംയോജനം
പുതിയ പാഠ്യ പദ്ധതി നിലവില്‍ വരുന്നതോടെ പാഠ്യപദ്ധതിയും പാഠ്യേതര പദ്ധതിയും (curricular and extra curricular or cocurricular) തമ്മിലുള്ള കടുത്ത വിഭജനം ഇല്ലാതാവും. മുഴുവന്‍ വിദ്യാത്ഥികള്‍ക്കും അവസരം ലഭിക്കുവാന്‍ വൊക്കേഷണല്‍ അക്കാദമിക്ക് ശാഖകള്‍ പരസ്പര പൂരകമാവും. യോഗ സ്‌പോട്‌സ്, ഡാന്‍സ്, മ്യൂസിക് കൈത്തൊഴിലുകള്‍ തുടങ്ങിയ പാഠ്യേതര വിഷയങ്ങള്‍ പ്രധാന വിഷയങ്ങളുടെ ഭാഗമാവും. ഇതിന്നാവശ്യമായ സിലബസും ടെക്സ്റ്റ് ബുക്കും നാഷണല്‍ കരിക്കുലം ഫ്രെയിംഗ് വര്‍ക്കിന്റെ ഭാഗമായി എന്‍സിഇആര്‍ടി തയ്യാറാക്കും. സംസ്ഥാനങ്ങളില്‍ അവരുടെ പ്രാദേശിക താല്പര്യവും കൂടി കണക്കിലെടുത്ത് എസ്‌സിഇആര്‍ടിക്ക് എഡിറ്റ് ചെയ്യാനും ഉള്‍പ്പെടുത്താനും സ്വാതന്ത്ര്യമുണ്ട്. വിദ്യാഭ്യാസകാലഘട്ടത്തിലുടനീളം കായിക പരിശീലനം ഉറപ്പു വരുത്തും.
കൊഴിച്ചില്‍ ഇല്ലാതാവും
വിദ്യാഭ്യാസ മേഖല നേരിടുന്ന മറ്റൊരു ഗുരുതര പ്രശ്‌നമാണ് കൊഴിച്ചില്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളില്‍ സിംഹഭാഗവും പലഘട്ടങ്ങളിലായി പല കാരണങ്ങളാല്‍ കൊഴിഞ്ഞു പോകുന്നു. ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികളില്‍ 60% ത്തിലേറെ എസ്എസ്എല്‍സി +2 കാലയളവില്‍ പഠിപ്പ് ഉപേക്ഷിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു. നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌കൂളിലെത്തിക്കുക എന്നതാണ് ഇവിടെ ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട ദൗത്യം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇസിസിഇ (Early childhood care and education) സ്‌കീമിന്റെ ഭാഗമായി 3വയസ്സു മുതല്‍ 6വയസ്സുവരെയുള്ള ബാല്യകാല വിദ്യാഭ്യാസം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും സൗജന്യവുമായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. മാത്രമല്ല 2030 ആവുമ്പോഴേക്കും പ്രീ സ്‌കൂളില്‍ നിന്നും 100% കുട്ടികളെയും ഹൈസ്‌കൂള്‍ തലം വരെ എത്തിക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. കുറ്റമറ്റതും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതുമായ സ്‌കൂള്‍ കോളജ് തല വിദ്യാഭ്യാസത്തിലൂടെ 100% യുവാക്കളെയും സാക്ഷരരാക്കാനും ലക്ഷ്യമിടുന്നു. ഇന്ത്യയെ ഗ്ലോബല്‍ നോളജ് സൂപ്പര്‍ പവ്വര്‍ ആക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായകമായ ചവിട്ടുപടികളായി ഈ പരിഷ്‌കാരങ്ങളെ കാണാം.
ഉന്നതവിദ്യാഭ്യാസം
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. യൂനിവേഴ്‌സിറ്റി കമ്മീഷനും മറ്റും മൂന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണുണ്ടായത്. 1947നു ശേഷം സ്വാതന്ത്ര്യം നേടിയ ചെറിയ രാജ്യങ്ങള്‍ പോലും ഈ രംഗത്ത് മികവ് തെളിയിച്ച് മുന്നേറിയപ്പോള്‍ നമുക്ക് പ്രതീക്ഷക്കനുസരിച്ചുയരാനായില്ല. രാഷ്ടീയാതിപ്രസരവും അഴിമതിയും കെടുകാര്യസ്ഥതയും കൂനിമേല്‍ കുരുവായി. ഇന്ന് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി വന്‍തുക ചെലവുചെയ്ത് വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റത്തിന് നാന്ദികുറിക്കും.
ആദ്യമായി വിദ്യാര്‍ത്ഥികളുടെ മൊത്തം ഉപരിപഠന എന്റോള്‍മെന്റ് റേഷ്യോ 2035 ആവുമ്പോഴേക്കും 26.3% എന്നത് 50 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമാക്കുന്നത്. പല വിഷയങ്ങളിലായി അതുവഴി പുതിയതായി 4 കോടി സീറ്റുകള്‍ കൂടി സൃഷ്ടിക്കും. ഈ വളര്‍ച്ച ജിഡിപിയുടെ 1.7ശതമാനത്തില്‍ നിന്നും 6 ശതമാനത്തിലേക്കുയര്‍ത്തും. ഹയര്‍ എജുക്കേഷന്റെ ഭാഗമായി നിലവില്‍ വരുന്ന നാലു വര്‍ഷം നീളുന്ന കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വൈവിദ്ധ്യമാര്‍ന്ന അവസരങ്ങളാണ്. ആദ്യ വര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ സര്‍ട്ടിഫിക്കറ്റും 2 വര്‍ഷത്തിനുശേഷം അഡ്വാന്‍സ് ഡിപ്‌ളോമ സര്‍ട്ടിഫിക്കറ്റും 3 വര്‍ഷം കഴിഞ്ഞാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും 4 വര്‍ഷത്തിനു ശേഷം ഗവേഷണത്തോടെ ബാച്ചിലര്‍ ബിരുദവും ലഭിക്കും. ബിരുദ-ബിരുദാനന്തര കോഴ്‌സ്‌കള്‍ക്ക് ചേര്‍ന്ന് പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങുന്ന വലിയൊരു വിഭാഗത്തിന് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഇതുവഴി ഒഴിവാക്കാനാവും. സര്‍വകലാശാലാ ഗവേഷണ പഠനങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തും. മെഡിക്കല്‍-നിയമ പഠനമൊഴികെ ഉന്നത വിദ്യാഭ്യാസം പൂര്‍ണ്ണമായും ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലാവും. ഇതിന്ന് കീഴിലായി സ്വതന്ത്ര സ്വഭാവമുള്ള നാല് സംവിധാനങ്ങള്‍ നിലവില്‍ വരും. നാഷണല്‍ ഹയര്‍ എഡ്യുക്കേഷന്‍ റഗുലേറ്ററി കൗണ്‍സില്‍, ജനറല്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍, ഹയര്‍ എഡ്യൂക്കേഷന്‍ ഗ്രാന്റ്‌സ് കൗണ്‍സില്‍, നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ എന്നിവയാണത്. ഈ മാറ്റം ഉന്നതവിദ്യാഭ്യാസത്തെ അന്താരാഷ്‌ട്ര തലത്തിലേക്കുയര്‍ത്തുമെന്നുറപ്പാണ്. വിദ്യാഭ്യാസ നിലവാരമുയരാന്‍ അദ്ധ്യാപകരുടെ നിലവാരവും ഉയര്‍ന്നേ തീരൂ. അതിന്നാവശ്യമായ പദ്ധതികളും നിലവില്‍ വരും. 2030 ആവുമ്പോഴേക്കും അദ്ധ്യാപകന്റെ മിനിമം വിദ്യാഭ്യാസ യോഗ്യത 4 വര്‍ഷം നീളുന്ന ബിഎഡ് ആയി മാറും. വിവിധതലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി ടെയിനിംഗ് സെന്ററുകള്‍ ആരംഭിക്കും.
കേരളത്തിലേക്ക് കടക്കുമ്പോള്‍
സമൂഹത്തിന്റെ ചാലകശക്തിയായി മാറേണ്ട യുവാക്കളെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് രാഷ്‌ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ വലിയ പങ്കുണ്ട്. ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമാക്കുന്നതും അതു തന്നെയാണ്. എന്നാല്‍ അതുള്‍ക്കൊള്ളാനും സമയബന്ധിതമായി നടപ്പാക്കാനും ഇവിടെ ആരുണ്ട് എന്നതാണ് ചോദ്യം. മേഘാലയ സര്‍ക്കാര്‍ ഈ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ടാസ്‌ക് ഫോഴ്‌സിനെ ഇതിനകം തന്നെ നിശ്ചയിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തിന്റെ കഥ മറ്റൊന്നാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ജീര്‍ണ്ണതക്കെതിരെ ശക്തമായ നിലപാടെടുത്ത ഗവര്‍ണറുമായി മുഖ്യമന്ത്രി തെരുവുയുദ്ധം നടത്തുകയാണ്. പദ്ധതി കൊണ്ടു മാത്രമായില്ല അത് നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടവും വേണം. ഇവിടെ ഇല്ലാതെ പോയതും അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക