ശ്രീജ ഹരീഷ്
ലഹരി മുക്തി കേന്ദ്രത്തിന്റെ
ഇടനാഴിയില്‍ ഒരമ്മ
ഒരു ജന്മത്തിന്‍ ദുഖഭാരം ഏറ്റുവാങ്ങി
ഇടമുറിയാതെ നിറഞ്ഞൊഴുകുന്ന
കണ്ണുകള്‍,
ചേറു പുരണ്ട കാല്‍പാദങ്ങളില്‍
എവിടെയൊക്കെയോ ചോര പൊടിയുന്നു.
അവിടെ അടഞ്ഞ സെല്ലുകളിലൊന്നില്‍
ആ മാതൃത്വത്തിന്റെ പ്രതീക്ഷയുടെ
അസ്തമനത്തിന് ജീവനുണ്ട്,
അഴികള്‍ക്കിടയിലൂടെ വിദൂരതയില്‍
എന്തോ തിരയുന്ന നിസ്സംഗ മിഴികള്‍
ഭൂതമോ ഭാവിയോ വര്‍ത്തമാനമോ
ഒന്നുമോര്‍മയില്ലാത്തൊരു കൗമാരക്കാരി
ലഹരിയുടെ പാതാളച്ചുഴിയില്‍
ആരോ തള്ളിയിട്ടൊരു പാവാടക്കാരി
കടമെടുത്തും കുറിയെടുത്തും
കാണാക്കിനാവില്‍ നിന്റെ മംഗലം
കണ്ടൊരമ്മയെ
മരിക്കാതെ ദഹിപ്പിച്ചല്ലോ മകളെ.
ലഹരിയുടെ ആനന്ദക്കടലില്‍
മതിമറന്നുറങ്ങിയൊരു നാളില്‍
പ്രിയ സതീര്‍ഥ്യര്‍ നിന്റെ മാംസത്തിനു
വിലയിട്ടതും അറിയാതെ പോയല്ലോ
എന്‍ പൊന്മകളെ നീ.
പൊക്കിള്‍കൊടി മുറിച്ച നാള്‍ മുതല്‍
കണ്മണി നിന്നയോര്‍ത്തുറങ്ങാതെ
തേങ്ങുന്നോരീ മാതൃഹൃദയത്തിന്റെ
താരാട്ടു കേള്‍ക്കാതെ പോയതെന്തേ?
വര്‍ണ രാജികളില്‍ സ്വപ്നങ്ങള്‍
വിരിയുന്ന കൗമാരങ്ങളെ
ലഹരിയുടെ ആനന്ദം
നൈമിഷികമെന്നറിയുക.
വിടരട്ടെ ലഹരി മുക്ത മുകുളങ്ങള്‍,
ഉണരട്ടെ നവചേതനകള്‍.
വാക്കായും വരയായും
ഒരുമിക്കാം നമുക്കീ ലഹരിക്കെതിരെ.
അഴലിന്‍ നീര്‍മിഴിപ്പൂക്കളാല്‍
ഇനിയൊരു മാതൃഹൃദയവും
കരിനിഴല്‍ നോവുണര്‍ത്തി
മൃതിയുടെ ശൂന്യവീചികളില്‍
എരിഞ്ഞണയാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: