തീയണപ്പുസേന ഒരിക്കലും തങ്ങളെ കൈവിടില്ലെന്ന് പൊതുജനങ്ങള്‍ക്കറിയാം. കെട്ടിടം കത്തിയാലും പാചകവാതകം ചോര്‍ന്നാലും കന്നുകാലി കുളത്തില്‍ വീണാലും അവര്‍ ആശ്രയിക്കുക തീയണപ്പ് സേനയെയാണ്. എന്നാല്‍ ഏത് ആപത്തിലും സഹായത്തിനെത്തുന്ന തീയണപ്പ് സേന (ഫയര്‍ഫോഴ്സ്)യുടെ കാര്യം ആരാണ് ശ്രദ്ധിക്കുക. അതായിരുന്നു ഡ്യൂക്ക് സര്‍വ്വകലാശാലയിലെ ഒരു വിഭാഗം ഗവേഷകരുടെ മുന്നിലെത്തിയ വെല്ലുവിളി.
ദര്‍ഹാം ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ 20 തീയണപ്പ് സേനാംഗങ്ങളെയാണ് ഡ്യൂക്ക് സര്‍വ്വകലാശാല തങ്ങളുടെ പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. ഗവേഷകര്‍ അവര്‍ക്കെല്ലാം, സിലിക്കണ്‍ കൊണ്ടു നിര്‍മിച്ച ഓരോ ‘റിസ്റ്റ് ബാന്‍ഡ്’ നല്കി. ആറ് ദിവസം തുടര്‍ച്ചയായി കൈത്തണ്ടയില്‍ ധരിക്കാനായിരുന്നു നിര്‍ദേശം. അറിയപ്പെടുന്ന ക്യാന്‍സര്‍കാരികളായ താലേറ്റുകള്‍, ബ്രോമിനേറ്റ് ചെയ്ത അഗ്നിപ്രതിരോധ രാസപദാര്‍ത്ഥങ്ങള്‍, ഓര്‍ഗാനോ ഫോസ്ഫേറ്റ് എസ്റ്ററുകള്‍, പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍, പോളി ഫ്ളൂറോ ആല്‍കൈല്‍ പദാര്‍ത്ഥങ്ങള്‍ തുടങ്ങി 134 രാസവസ്തുക്കളുടെ സാന്നിദ്ധ്യം കൃത്യമായി അടയാളപ്പെടുത്താനുള്ള സംവിധാനമാണ് ‘റിസ്റ്റ് ബാന്‍ഡി’ല്‍ ഉണ്ടായിരുന്നത്.
അപ്രതീക്ഷിതമായിരുന്നു പരീക്ഷണഫലങ്ങള്‍. പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാര്ബണുകള് തുടങ്ങി പല രാസവസ്തുക്കളും ജോലി ഇല്ലാതിരുന്ന സമയത്തെക്കാള്‍ 8.5 ഇരട്ടിവരെ അഗ്നിശമന വേളയില്‍ തീയണപ്പുകാരുടെ ശരീരത്തിലേക്കെത്തുന്നതായി ഗവേഷണം കണ്ടെത്തി. പകുതിയിലേറെ റിസ്റ്റ് ബാന്‍ഡുകളില്‍ നേരത്തെ കണ്ടെത്താത്ത 71 ഇനം രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി ഡ്യൂക്ക് നിക്കോളാസ് സ്കൂള്‍ ഓഫ് എന്‍വയണ്‍മെന്റിലെ ഗവേഷക ‘ജെസിക്ക ലിവാസിയര്’ പറയുന്നു. രാസവസ്തുക്കള്‍ക്കൊപ്പം ഉയര്‍ന്ന അളവ് പുക, ചൂട്, പ്രതികൂല അന്തരീക്ഷം എന്നിവ കൂടി ചേരുമ്പോള്‍ ശ്വാസകോശ കാന്‍സര്‍, മിസോതിലിയോമ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും അവരില്‍ പലകുറി വര്‍ധിക്കുന്നുവത്രേ.
ക്യാന്‍സര്‍കാരിയായ പോളിഫ്ളൂറോ ആല്കെല് രാസവസ്തുക്കള്‍ സാധാരണ കാണുന്നതിന്റെ രണ്ടര ഇരട്ടിയാണ് പരീക്ഷണ വിധേയരാക്കിയ തീയണപ്പുകാരുടെ ശരീരത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഡ്യൂട്ടിയില്ലാത്ത അവസരങ്ങളില്‍ പോലും താലേറ്റിന്റെയും അനുബന്ധ കീട വിഷങ്ങളുടെയും സാന്നിധ്യം തീയണപ്പുകാരുടെ ശരീരത്തില്‍ കണ്ടെത്തിയത് ഗവേഷകരെ അമ്പരപ്പിച്ചു. സാധാരണക്കാരുടെ നിത്യജീവിതത്തില്‍ പോലും കാന്‍സര്‍കാരികളായ രാസപദാര്‍ത്ഥങ്ങള്‍ ഇടപെടുന്നുണ്ടെന്നതിന്റെ സൂചനയായിരുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷണല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത് എന്ന ഗവേഷണ സ്ഥാപനം നടത്തിയ മറ്റൊരു പഠനത്തില്‍ തീയണപ്പ് സേനാംഗങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ കാന്‍സര്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതും ഇവിടെ കൂട്ടിവായിക്കാം… തീ അണപ്പുകാരുടേത് ഒരു വിഷമം നിറഞ്ഞ വാര്‍ത്തയാണെങ്കില്‍ അടുത്തത് ഒരു ആശ്വാസവാര്‍ത്തയാണ്. കൊതുക് കടിയും കടി തടയാന്‍ കത്തിച്ച തിരിയുടെ മണവുംകൊണ്ട് പൊറുതിമുട്ടുന്നവര്ക്കുള്ള ആശ്വാസ വാര്‍ത്ത. മാര്ട്ടിന് ലൂതര്‍ യൂണിവേഴ്സിറ്റി ഹാലി-വിറ്റന്‍ബര്‍ഗിലെ ഗവേഷകര്‍ പുതിയൊരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. ശരീരത്തില്‍ അണിയാവുന്ന ഒരു കൊതുക് നിവാരിണി. മന്ത്ര മോതിരം ധരിച്ചാല്‍ കൊതുകിനെ പേടിക്കേണ്ട. കൊതുകു തിരി കത്തിക്കേണ്ട. കീടനാശിനിയും ഓയില്‍മെന്റും വേണ്ടേ വേണ്ട.
ജൈവഘടനം സംഭവിക്കുന്ന പോളിമറുകള്‍ കൊണ്ട് നിര്‍മിച്ച മോതിരത്തില്‍ ത്രി-ഡി അച്ചടി വിദ്യ ഉപയോഗിച്ച് കീടനാശിനിയെ സ്ഥാപിക്കുകയാണ് ഈ സാങ്കേതിക വിദ്യയില്‍ ചെയ്യുന്നത്. കീട വിഷം തുടര്‍ച്ചയായി ബാഷ്പീകരിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നതിനാല് കൊതുക് അടക്കമുള്ള കീടങ്ങള്‍ അടുക്കില്ലെന്നാണ് മുഖ്യ ഗവേഷകന് ഫന്ഫന്ഡു പറയുന്നത്. പോളിമറിന്റെ സ്വഭാവം, അന്തരീക്ഷ ഊഷ്മാവ്, രാസവസ്തുവിന്റെ കരുത്ത്, കാലാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച വരെ ഈ മന്ത്രമോതിരത്തിന്റെ കരുത്ത് നീണ്ടുനില്‍ക്കുമത്രേ.
ഇനി മരിക്കാത്ത കുറെ വൈറസ്സുകളുടെ കഥകൂടി കേള്‍ക്കുക. ആഗോളതാപനം അധികരിച്ചതിനെ തുടര്‍ന്ന് നിരവധി വര്‍ഷങ്ങളായി മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന മണ്ണ് (അതിന് പേര് പെര്‍മാ ഫ്രോസ്റ്റ്) ഉരുകി ഒലിക്കുന്നു. അതിനുള്ളില്‍ നൂറ്റാണ്ടുകളായി ഹൈബര്‍നേഷനില്‍ ഉറങ്ങുന്ന അപകടകാരികളായ വൈറസ്സുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. കേവലം ഒരു ഗ്രാം പെര്‍മാ ഫ്രോസ്റ്റില്‍ പതിനായിരക്കണക്കിന് സൂക്ഷ്മജീവികള്‍. ഏത് പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്യാന്‍ കരുത്തുറ്റ വൈറസുകള്‍. അഞ്ച് വ്യത്യസ്ത വര്‍ഗത്തില്‍പെടുന്ന 13 വൈറസുകളുടെ ഒരു സംഘത്തെ തങ്ങള്‍ സൈബീരിയയിലെ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് വേര്‍തിരിച്ചെടുത്തതായി ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് ഗവേഷണ സംഘം ഈയിടെയാണ് വെളിപ്പെടുത്തിയത്. അതേ സ്ഥലത്തുനിന്ന് ഏതാണ്ട് 50000 വയസ്സ് പ്രായമുള്ള ഒരു വൈറസിനെ വേര്‍തിരിച്ചെടുത്തതായും ഗവേഷകര്‍ പറയുന്നു.
ഭൂഗോളം നിലനില്ക്കാന് മോദിയുടെ ഒറ്റമൂലി
ആഗോളതാപനവും അതിരുവിട്ട ചൂഷണവും കൊണ്ട് ഞെരിഞ്ഞമരുന്ന ഭൂഗോളത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ആഗോള പദ്ധതിക്ക് തുടക്കം. ‘ലൈഫ്’ എന്നാണ് പ്രസ്ഥാനത്തിന്റെ പേര്. ലൈഫ് സ്റ്റൈല്‍ ഫോര്‍ എന്‍വയണ്‍മെന്റ് എന്ന് പൂര്‍ണനാമം. പ്രകൃതിക്ക് അനുയോജ്യമായ ജീവിത ശൈലിയില്‍ ഉറച്ചുനില്ക്കുന്നതിലൂടെ ആഗോളതാപനത്തെ ചെറുക്കുകയെന്നതത്രേ ലൈഫ് പ്രസ്ഥാനത്തിന്റെ മര്‍മ്മം. പുനരുപയോഗം ചെയ്യുന്ന ഊര്‍ജ ഉല്‍പ്പാദനത്തിലൂടെ കാലാവസ്ഥാ സംരക്ഷണത്തില്‍ ഉറച്ച നിലപാട് എടുത്ത ഗുജറാത്തില്‍ വച്ചായിരുന്നു പ്രധാനമന്ത്രി ‘ലൈഫ്’ പ്രഖ്യാപിച്ചത്. കൃത്യമായി പറഞ്ഞാല്‍ സര്‍ദാര്‍ പട്ടേലിന്റെ ഏകതാ പ്രതിമയ്ക്ക് മുന്നില്‍ വച്ച് ഒക്ടോബര്‍ 20ന്. അതും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ സാക്ഷിയാക്കി…
കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങളെ ഒഴിവാക്കി ഭാരതം ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞതായി പ്രധാനമന്ത്രി അന്ന് പറഞ്ഞു. കാര്‍ബണ്‍ പുറത്തുവിടുന്ന തിന്റെ ഏകകമായ വാര്‍ഷിക പ്രതിശീര്‍ഷ കാര്‍ബണ്‍ പാദമുദ്രയുടെ ലോകശരാശരി നാലുടണ്‍ ആണെന്നിരിക്കെ ഭാരതത്തിന്റെത് കേവലം ഒന്നര ടണ്‍ മാത്രം. വായു ഊര്‍ജ (വിന്‍ഡ് എനര്‍ജി)ഉപയോഗത്തില്‍ ഭാരതത്തിന് ലോകത്ത് നാലാം സ്ഥാനമാണുള്ളത്. സൗരഊര്ജ ഉപയോഗത്തില്‍ അഞ്ചാം സ്ഥാനവും. ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നുള്ള വൈദ്യുത ഉല്‍പ്പാദനം 40ശതമാനം എന്ന ലക്ഷ്യം നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് എട്ട് വര്‍ഷം മുന്‍പ് ഭാരതം നേടിക്കഴിഞ്ഞു. ഇതൊക്കെ പ്രധാനമന്ത്രി അന്നു പറഞ്ഞത്. പദ്ധതികള്‍ മനോഹരമായി ആസൂത്രണം ചെയ്യുന്നതിനൊപ്പം അത് പൂര്‍ണമായി വിജയിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിലേക്കുള്ള ഏറ്റവുംപുതിയ കാല്‍വയ്പ്പാണ് ലൈഫ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: