തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച സിപിഎം നേതാവ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി വൈകാന്‍ സാധ്യത. സജി ചെറിയാന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലേക്ക്. സത്യപ്രതിജ്ഞ ഈ മാസം നാലിനു നടത്താനുള്ള മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാം. സത്യപ്രതിജ്ഞാ നിര്‍ദേശം ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെങ്കിലും ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാമെന്നാണ് നിയമോപദേശം. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം തേടിയത്.
സാധാരണഗതിയില്‍ ഒരാളെ മന്ത്രിയാക്കാനായി മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് അനുമതിക്കായി ഗവര്‍ണറെ സമീപിച്ചാല്‍ ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാനാകില്ല. സത്യപ്രതിജ്ഞ നടത്തേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നാല്‍ ഭരണഘടനയെ അവഹേളിച്ചതിന് കേസ് ഉള്ള സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാം എന്നാണ് നിയമോപദേശം.
തിരുവല്ല കോടതിയിലെയും ഹൈക്കോടതിയിലെയും കേസില്‍ അന്തിമതീര്‍പ്പുണ്ടാവാതെ സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കണോ എന്ന കാര്യത്തില്‍ ഗവര്‍ണര്‍ മാത്രമാണ് തീരുമാനം എടുക്കേണ്ടത്. മാത്രമല്ല എന്ന് സത്യപ്രതിജ്ഞ നടത്തണമെന്ന കാര്യത്തിലും അന്തിമ തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണ്.
രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലാണ് വാക്കാലുള്ള നിയമോപദേശം നല്‍കിയത്. പൂര്‍ണമായ നിയമോപദേശമല്ല ലഭിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 6.30 ന് ഗവര്‍ണര്‍ തിരുവനന്തപുരത്ത് എത്തും. അതിനു ശേഷമാകും മുഖ്യമന്ത്രിയുടെ കത്തില്‍ തീരുമാനം എടുക്കുക. ഗവര്‍ണര്‍ ആറിന് ദല്‍ഹിയിലേക്ക് പോകുകയും ചെയ്യും.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് ഭരണഘടനയെ അവഹേളിച്ച് സജിചെറിയാന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ പാര്‍ട്ടി ക്ലാസില്‍ സംസാരിച്ചത്. ഏറ്റവുമധികം കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേതെന്ന പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് തിരുവല്ല കോടതിയെ സമീപിച്ചതോടെയാണ് കേസെടുത്തത്. രൂക്ഷമായ പ്രതിഷേധത്തിന് ഒടുവിലാണ് ജൂലൈ ആറിന് സജി ചെറിയാന് രാജിവച്ചത്. അന്വേഷണത്തില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയത്.
കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്കിയ അപേക്ഷയില്‍ കോടതിയുടെ തീരുമാനം വരാനുണ്ടെങ്കിലും അതില്‍ മറ്റ് പ്രശ്നങ്ങളില്ലെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം ,
ഫിഷറീസ്, യുവജനക്ഷേമ വകുപ്പുകള്‍ തന്നെ സജി ചെറിയാന് കിട്ടും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് പുനര്‍ വിന്യസിച്ച സ്റ്റാഫുകളേയും തിരിച്ച് നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: