ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യുപിയും ഗുജറാത്തും നല്കിയ കരുത്തില്‍ ബിജെപിയും നരേന്ദ്രമോദി സര്‍ക്കാരും കൂടുതല്‍ ശക്തരായി മാറിയ വര്‍ഷമാണ് കടന്നുപോയത്. രാഷ്ട്രീയമായി ജനസ്വീകാര്യത കൂടുതല്‍ ഉയര്‍ത്തി ബിജെപി മുന്നേറുമ്പോള്‍ ജനക്ഷേമ ഭരണം കാഴ്ചവെച്ച് നവഭാരത സങ്കല്‍പ്പവുമായി പ്രധാനമന്ത്രി മോദി നയിക്കുന്ന സര്‍ക്കാര്‍ മുന്നേറുകയാണ്. ബിജെപിക്കും നരേന്ദ്രമോദി സര്‍ക്കാരിനും ഏറെ പ്രധാനമാണ് 2023. വെറും പതിനാറു മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനാവശ്യമായ രാഷ്ട്രീയ ഭൂമിക തയ്യാറാക്കപ്പെടുന്ന നിര്‍ണ്ണായക വര്‍ഷം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി, ഈ വര്‍ഷം മാത്രം ഒന്‍പതു സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഇന്ത്യയുടെ നാലു ഭാഗങ്ങളിലുമുള്ള സംസ്ഥാനങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തുന്ന 2023 വലിയ സൂചനകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കും. മേയ് മാസമാണ് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് നടക്കേണ്ടതും ഈ വര്‍ഷമാണ്. എന്നാല്‍ അതുസംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി വിജയിച്ചത്. അഞ്ചിടത്തും അധികാരം നിലനിര്‍ത്താന്‍ ബിജെപിക്കായി എന്നതാണ് രാഷ്ട്രീയ വിജയം. ഹിമാചല്‍ പ്രദേശ് ഭരണം ബിജെപിക്ക് നഷ്ടമായെങ്കിലും കോണ്‍ഗ്രസിനൊപ്പം വോട്ടിംഗ് ശതമാനം ഉള്ളതും വിമത സ്ഥാനാര്‍ത്ഥികള്‍ നേടിയ പത്തുശതമാനം വോട്ടുകൂടി ചേര്‍ത്താന്‍ 53 ശതമാനത്തിലേറെ വോട്ടുകള്‍ ബിജെപിക്ക് ആ സംസ്ഥാനത്തുണ്ടെന്ന യാഥാര്‍ത്ഥ്യം ബിജെപി ദേശീയ നേതൃത്വത്തിന്റെ ആത്മവിശ്വാസമേറ്റുന്നു. പഞ്ചാബ് ഭരണം കോണ്‍ഗ്രസില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലേക്ക് പോയത് കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിന് തിരക്കഥയെഴുതുന്ന വര്‍ഷമൊന്നുമല്ല 2023. 2018ല്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗട്ടും കര്‍ണ്ണാടകവും ബിജെപിക്ക് നഷ്ടമായിട്ടും 2019ല്‍ ഈ സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ലോക്സഭാ സീറ്റുകളും സ്വന്തമാക്കി ബിജെപി കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തിലെത്തി രാഷ്ട്രീയ വിലയിരുത്തലുകാരെ ഞെട്ടിച്ചു. എങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും തെലങ്കാനയിലും കര്‍ണ്ണാടകയിലും ബിജെപി സര്‍ക്കാരുകള്‍ വേണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ട്. മധ്യപ്രദേശിലും കര്‍ണ്ണാടകത്തിലും ബിജെപിയെ പിന്നീട് അധികാരം തിരിച്ചു പിടിക്കാന്‍ സഹായിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയമാണ്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഒന്‍പതു സംസ്ഥാനങ്ങളിലായുള്ളത് 116 ലോക്സഭാ സീറ്റുകളാണ്. ഇവയില്‍ 94 സീറ്റുകള്‍ ബിജെപി 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചവയാണ്. ഈ വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം തെലങ്കാനയില്‍ നിന്ന് കൂടുതല്‍ സീറ്റുകളും ബിജെപി ഇത്തവണ ലക്ഷ്യമിടുന്നു.
രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള സംഘര്‍ഷവും ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗലിനെതിരായ വിമത നീക്കങ്ങളും മധ്യപ്രദേശിലെ കോണ്‍ഗ്രസ് ശിഥിലീകരണവും കര്‍ണ്ണാടകയിലെ നേതാക്കളുടെ അഴിമതികളും കോണ്‍ഗ്രസിന്റെ സാധ്യതകളെ ദുര്‍ബലമാക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത ദേശീയ നേതൃത്വവും തുടര്ച്ചയായേല്ക്കുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങളും കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയ സാധ്യതകള്‍ക്ക് വലിയ വിലങ്ങുതടിയാണ്. വിശാല പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ കൂടെ നില്ക്കാന് പോലും പ്രാദേശിക പാര്‍ട്ടികളെ കിട്ടാത്ത അവസ്ഥ. ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ടിആര്‍എസും വരെ രാഹുല്‍ഗാന്ധിയോട് യോജിക്കാനാവാതെ വിട്ടുനില്‍ക്കുന്നു. എല്ലാവരും അവരവരുടെ കോട്ടകള്‍ കാക്കാനുള്ള ശ്രമത്തില്‍ ഇടതുപാര്‍ട്ടികളുടെ മോദിവിരുദ്ധ മുന്നണി കെട്ടിപ്പെടുക്കാനുള്ള ശ്രമങ്ങള്‍ക്കും മുന്നോട്ട് പോകാനാവുന്നില്ല. ഭാരത് ജോഡോ യാത്രയുമായി പാര്‍ട്ടിയില്‍ പുത്തനുണര്വ്വുണ്ടാക്കാനുള്ള രാഹുലിന്റെ ശ്രമങ്ങളെ വിശ്വസിക്കാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവുന്നുമില്ല. ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും എതിരായി വലിയ നീക്കങ്ങളൊന്നും തന്നെ നടത്താന്‍ ആത്മവിശ്വാസമുള്ള പ്രതിപക്ഷ നേതാക്കള്‍ ദേശീയ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്നില്ല എന്നതാണ് 2022 അവസാനിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ആഗോള തലത്തില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ കുതുപ്പ് നടത്തിയ വര്‍ഷമാണ് കടന്നുപോയത്. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നു. ചൈനയും യുഎസും അടക്കമുള്ള ലോക രാജ്യങ്ങളേക്കാള്‍ വലിയ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായി നിലനിര്‍ത്താനും സാധിക്കുന്നു. രാജ്യത്തെ കയറ്റുമതിയും വിദേശനിക്ഷേപവും വര്‍ദ്ധിക്കുന്നതും സൈനിക കരുത്ത് കൂടുതല്‍ സമാഹരിക്കുന്നതും ലോകശക്തിയായി ഇന്ത്യ വളരുന്നതിന് സഹായകരമാകുന്നുണ്ട്. 2023ല്‍ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവിയില്‍ കൂടുതല്‍ കരുത്തുകാട്ടി ഇന്ത്യ വളരുമ്പോള്‍ അതിശക്തമായ രാഷ്ട്രീയ അടിത്തറ രാജ്യത്തൊരുക്കാന്‍ ബിജെപിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ കൂടിയേ തീരൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആഗോളതലത്തില്‍ കരുത്തനാക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ രാഷ്ട്രീയ പിന്തുണ കൂടിയാണ്. സുശക്തവും സുസ്ഥിരവുമായ ഭരണകൂടം വഴി ഇന്ത്യ ലോകത്തിന് നല്കുന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലേക്കുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ കുതിപ്പിന് നേതൃത്വം വഹിക്കാന്‍ നരേന്ദ്രമോദി തന്നെ വേണമെന്ന് ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: