മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ആർ എസ് എസ് ആസ്ഥാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. ആർ എസ് എസ് ആസ്ഥാനം ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതൻ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സോണല്‍ 3 ഡിസിപിയായ ഗോരഖ് ബംമ്രെയാണ് ഇക്കാര്യം അറിയിച്ചത്. ബോംബ് ഭീഷണിയെ തുടർന്ന് ആർ എസ് എസ് ആസ്ഥാനത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസ് കണ്ട്രോള് റൂമിലേക്ക് തന്നെയാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡും ബോംബ് നിര്‍വ്വീര്യമാക്കുന്ന സംഘവും പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു..
ബോംബ് ഭീഷണിയെ തുടർന്ന് നഗരത്തിൽ പോലീസ് പരിശോധനയും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഫോൺ വിളിച്ചയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: