കുഴല്‍ എത്ര ബലമുള്ളതാണെങ്കിലും വാല് നിവരില്ല. ഇന്ത്യയെ യോജിപ്പിക്കാനെന്ന പേരില്‍ കണ്ടെയ്‌നര്‍ യാത്ര നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പ്രസ്താവനകളും പെരുമാറ്റവുമാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത്. ശരീരം വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടും പക്വതയില്ലാതെ കോമാളിത്തം കൊണ്ടുനടക്കുന്ന ഈ നേതാവ് എപ്പോള്‍ എന്തു ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഭാരത് ജോഡോ യാത്രയിലുടനീളം ഇത്തരം നിരവധി സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. വാര്‍ത്താ പ്രാധാന്യം ലഭിക്കുമെന്നതിനാല്‍ എ.കെ.ആന്റണി മുതല്‍ വേണുഗോപാല്‍ വരെയുള്ള സോണിയാ കുടുംബത്തിന്റെ വിധേയന്മാര്‍ ഇക്കാര്യത്തില്‍ ആഹ്ലാദത്തിലുമാണ്.
ജോഡോ യാത്രക്കിടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ദല്‍ഹിയിലെ സമാധിയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തിയത് ചര്‍ച്ചാ വിഷയമായത് സ്വാഭാവികം. രാഷ്‌ട്രീയ ഭിന്നതകള്‍ക്കതീതമായി ഇന്ത്യന്‍ ജനത സ്‌നേഹിക്കുന്ന മഹാരഥന്മാരായ നേതാക്കളിലൊരാളാണ് വാജ്‌പേയി. അങ്ങനെയൊരാളെ ആര് അനുസ്മരിക്കുന്നതും ആദരിക്കുന്നതും എതിര്‍ക്കേണ്ടതില്ല. പക്ഷേ കോണ്‍ഗ്രസ്സും രാഹുലും അത് ചെയ്യുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരാതിരിക്കില്ല.
വാജ്‌പേയി നയിച്ച ആറ് വര്‍ഷം നീണ്ട ഭരണത്തെ വ്യത്യസ്തമായി വിലയിരുത്തുന്നവരുണ്ടെങ്കിലും പാര്‍ലമെന്റേറിയന്‍ എന്ന നിലയ്‌ക്കും പ്രധാനമന്ത്രിയെന്ന നിലയ്‌ക്കും വാജ്‌പേയി കാഴ്ചവച്ച മാതൃകാപരമായ പെരുമാറ്റത്തിന് സമാനതകളില്ല. പാര്‍ലമെന്റിന്റെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ഒരൊറ്റ വോട്ടിന് പരാജയപ്പെട്ടപ്പോള്‍ യാതൊരു മടിയും കൂടാതെ രാജിവച്ചൊഴിയാന്‍ കാണിച്ച ഉന്നതമായ ജനാധിപത്യ മര്യാദ മാത്രം മതി ഇതിന് തെളിവായി. മുന്‍ഗാമികളും പിന്‍ഗാമികളുമായ പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്തത് എന്തൊക്കെയാണെന്ന് പരിശോധിക്കുന്നവര്‍ക്ക് വാജ്‌പേയിയുടെ മഹത്വം തിരിച്ചറിയാനാവും.
കോണ്‍ഗ്രസ്സിലെ സോണിയാ വാഴ്ചക്കാലം പലതുകൊണ്ടും വ്യത്യസ്തമാണ്. രാഷ്‌ട്രീയ പാരമ്പര്യവും, രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തിന് നല്‍കിയ സംഭാവനകളും കണക്കിലെടുക്കാതെ വാജ്‌പേയിയെ നിന്ദ്യമായ വാക്കുകളുപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാളാണ് സോണിയ. ലോക്‌സഭയിലെ ഒരു ചര്‍ച്ചാ വേളയില്‍ ‘നുണയന്‍’ എന്നു വിളിച്ച് വാജ്‌പേയിയെ സോണിയ അപമാനിക്കുകയുണ്ടായി. നരസിംഹറാവുവിന്റെ ഭരണത്തിനുശേഷം കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെട്ടതിന്റെ അമര്‍ഷം മുഴുവന്‍ തീര്‍ക്കുകയായിരുന്നു സോണിയ. ആവശ്യം വന്നപ്പോഴെല്ലാം ഇതേ വാജ്‌പേയിയില്‍നിന്ന് വ്യക്തിപരമായ കാര്യങ്ങളില്‍പ്പോലും നിര്‍ലോപമായ സഹായങ്ങള്‍ സ്വീകരിക്കാന്‍ സോണിയയ്‌ക്ക് യാതൊരു മടിയും ഉണ്ടായിട്ടില്ല എന്നത് വേറെ കാര്യം. വാജ്‌പേയി സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തയാളെന്നുവരെ പ്രചരിപ്പിച്ച കോണ്‍ഗ്രസ്, അടുത്തിടെ പോലും ദുരുപദിഷ്ടമായ ഈ ആരോപണം ആവര്‍ത്തിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് വാജ്‌പേയിയുടെ സമാധി രാഹുല്‍ സന്ദര്‍ശിച്ചത്.
വാജ്‌പേയിയോട് സോണിയാ കുടുംബത്തിന് ആദരവൊന്നുമില്ലെന്ന് അവര്‍ പലയാവര്‍ത്തി തെളിയിച്ചിട്ടുണ്ടെന്നിരിക്കെ, രാഹുല്‍ എന്തിനാണ് ആ മഹാപുരുഷന്റെ സമാധി സന്ദര്‍ശിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. അതൊരു ‘ഫോട്ടോ ഓപ്’ പരിപാടി മാത്രം. വാജ്‌പേയിയെ സ്‌നേഹിക്കുന്നവരുടെ അനുഭാവം നേടുക. ഒന്നുകൂടി വ്യക്തമാക്കിയാല്‍ വോട്ടു നേടുക. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് പരമപ്രധാനമാണ്. പണ്ട് ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയില്‍ മത്സരിച്ച താന്‍ മദ്യപനാണെന്ന് എതിരാളികള്‍ ആരോപണമുയര്‍ത്തിയപ്പോള്‍ മദ്യപിക്കുന്നവര്‍ മാത്രം തനിക്ക് വോട്ടു ചെയ്താല്‍ മതിയെന്ന് പറഞ്ഞ കെ. ബാലകൃഷ്ണനെപ്പോലുള്ള രസികന്മാര്‍ ചരിത്രത്തില്‍ അപൂര്‍വമായിരിക്കുമല്ലോ. പാര്‍ട്ടികള്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നതല്ല, അതിനായി തരംതാഴ്ന്ന തന്ത്രങ്ങള്‍ പയറ്റുന്നതിനോടാണ് എതിര്‍പ്പ്. രാഹുലിന്റേത് ഇത്തരത്തിലൊന്നാണ്. വാജ്‌പേയിയെങ്കില്‍ വാജ്‌പേയി എന്നതാണ് രാഹുല്‍ ലൈന്‍.
ഈ പുത്തന്‍ വാജ്‌പേയി പ്രേമത്തിന്റെ പൊള്ളത്തരം മറ്റൊരു വിധത്തില്‍ പുറത്താവുമെന്ന് കോണ്‍ഗ്രസ്സും കരുതിയില്ല. പാര്‍ട്ടിയുടെ സ്വന്തം പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിന്റെ സമാധി സ്ഥലം തെലങ്കാനയിലാണ്. ഭാരത് ജോഡോ യാത്ര അതുവഴി കടന്നുപോയിട്ടും രാഹുല്‍ അവിടം സന്ദര്‍ശിച്ചില്ല. റാവുവിനെക്കുറിച്ച് ഒരു വാക്കുപോലും ഉച്ചരിച്ചതുമില്ല. വാജ്‌പേയിയോട് തോന്നുന്ന സ്‌നേഹം നരസിംഹറാവുവിനോട് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വിയര്‍ത്തു. സുരക്ഷാ കാരണങ്ങളാലാണ് റാവുവിന്റെ സമാധിസ്ഥലം സന്ദര്‍ശിക്കാതിരുന്നതെന്ന് പ്രാദേശിക നേതാവിനെക്കൊണ്ട് പറയിപ്പിച്ച് തടിതപ്പുകയാണ് ചെയ്തത്. ജോഡോ യാത്രക്കിടെ എന്തെങ്കിലുമൊരു വിവാദത്തിന് പഴുതുണ്ടെങ്കില്‍ കോണ്‍ഗ്രസ് അത് മുതലെടുക്കാറുണ്ട്. അങ്ങനെയാണല്ലോ യാത്രയുടെ പ്രസക്തി തെളിയിച്ചുകൊണ്ടിരിക്കുന്നതും. റാവുവിന്റെ സമാധി സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതിനല്‍കിയില്ലത്രേ. എന്നിട്ടുമെന്താണ് ഒരു കോണ്‍ഗ്രസ്സ് നേതാവും പരാതിപ്പെടാതിരുന്നത്? ആ സംഭവം വാര്‍ത്തയാവാതിരുന്നത്?
പ്രശ്‌നം ഇതൊന്നുമല്ല. നരസിംഹറാവുവിനോട് സോണിയയ്‌ക്കുണ്ടായിരുന്ന വിദ്വേഷം കുപ്രസിദ്ധമാണല്ലോ. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തേതുപോലെ സൂപ്പര്‍ പ്രധാനമന്ത്രിയാവാന്‍ സോണിയയെ റാവു അനുവദിക്കാതിരുന്നതാണ് ഇതിനു കാരണം. റാവു മരിച്ചിട്ടും ഈ പക സോണിയ അവസാനിപ്പിച്ചില്ല. മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്‌ക്കാന്‍ അനുവദിച്ചില്ല. മൃതദേഹം വഹിക്കുന്ന വാഹനം അവിടെ എത്തുന്നതിനു മുന്‍പ് സോണിയയുടെ കിങ്കരന്മാര്‍ ഗേയ്റ്റു പൂട്ടി സ്ഥലം വിട്ടിരുന്നു. കീഴ്‌വഴക്കമനുസരിച്ച് മുന്‍ പ്രധാനമന്ത്രിയായ റാവുവിന് ദല്‍ഹിയില്‍ അന്ത്യവിശ്രമം ഒരുക്കിയതുമില്ല. ഇക്കാര്യത്തില്‍ സോണിയയ്‌ക്ക് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു എന്നു വേണം കരുതാന്‍. സോണിയയുടെ സഹജ സ്വഭാവം വച്ചുനോക്കുമ്പോള്‍ ഇത് ശരിയാവാനാണ് എല്ലാ സാധ്യതയും.
ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന മാര്‍ഗരറ്റ് ആല്‍വ, കരണ്‍ താപ്പറുമായുള്ള ടെലിവിഷന്‍ അഭിമുഖത്തില്‍ നരസിംഹറാവുവിന്റെ മൃതദേഹത്തെ സോണിയാ കോണ്‍ഗ്രസ് എങ്ങനെയൊക്കെയാണ് അവഹേളിച്ചതെന്ന് വിവരിച്ചിട്ടുള്ളതാണ്. രാഹുലിന്റെ വാജ്‌പേയി സമാധി സന്ദര്‍ശനം വിവാദമായപ്പോള്‍ തന്റെ മുത്തച്ഛനെ മരിച്ചിട്ടും അവഹേളിച്ചതിനെതിരെ നരസിംഹറാവുവിന്റെ ചെറുമകന്‍ വെങ്കട സുഭാഷ് പ്രതികരിക്കുകയുണ്ടായി. കോണ്‍ഗ്രസിനുവേണ്ടി ചോരയും നീരും നല്‍കിയ റാവുവിന്റെ മൃതദേഹം പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാതിരുന്നവരുടെ പിന്‍ഗാമിയില്‍നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍ എന്നാണ് വെങ്കട സുഭാഷ് പറഞ്ഞത്. ഈ വിമര്‍ശനത്തോട് ഒരു കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചില്ല. പ്രതികരിച്ചാല്‍ സോണിയയ്‌ക്കും രാഹുലിനും ക്ഷീണമാകും.
രാഹുല്‍ കേരളത്തില്‍നിന്നുള്ള എംപിയാണ്. പതിറ്റാണ്ടുകള്‍ നെഹ്‌റു കുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠി മണ്ഡലത്തില്‍നിന്ന് പരാജയഭീതി കൊണ്ട് പലായനം ചെയ്തയാളെ വയനാട്ടില്‍നിന്ന് ജയിപ്പിച്ചുവിട്ടതിന്റെ ബഹുമതി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും അവകാശപ്പെടാറുണ്ട്. മുസ്ലിംലീഗിനുമുണ്ട് ഈ അഹങ്കാരം. ജോഡോ യാത്ര കേരളത്തിന്റെ അതിര്‍ത്തിയില്‍നിന്ന് ആരംഭിക്കാനും, സംസ്ഥാനത്ത് 12 ദിവസം പര്യടനം നടത്താനും ഇതും ഒരു കാരണമാണ്. പക്ഷേ രാഹുല്‍ സൃഷ്ടിക്കുന്ന വിവാദങ്ങളോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാറില്ല. നെഹ്‌റു കുടുംബത്തിലെ ഇപ്പോഴത്തെ ഈ നാടുവാഴിക്ക് എന്തുവേണമെങ്കിലും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഈ നേതാക്കളുടെ ഭാവം.
യുവരാജാവ് നഗ്നനാണെന്ന് മറ്റാരെക്കാളും നന്നായി കെ. സുധാകരനും വി.ഡി.സതീശനുമൊക്കെ അറിയാം. പക്ഷേ അതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ പണി പോകുമെന്ന് ഇവര്‍ ഭയക്കുന്നു. ഗുലാംനബി ആസാദുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സോണിയാ കുടുംബത്തോട് വിയോജിച്ച് പാര്‍ട്ടി വിടുകയോ ഇടഞ്ഞുനില്‍ക്കുകയോ ചെയ്തിട്ടും വിധേയന്മാരായി തുടരുന്നതിലാണ് കേരളത്തിലെ നേതാക്കള്‍ക്ക് താല്‍പ്പര്യം. അവരെല്ലാവരും ആന്റണിക്ക് പഠിക്കുന്നവരാണ്. കോണ്‍ഗ്രസ്സിന്റെ മഹത്തായ പാരമ്പര്യവും ആദര്‍ശവും പറയും. പക്ഷേ പാര്‍ട്ടിയില്‍ സോണിയയുടെ തേര്‍വാഴ്ചയ്‌ക്ക് വിടുപണി ചെയ്യും.
കേരളത്തില്‍ ഇടതുപാര്‍ട്ടികളെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരിക്കുന്നവര്‍ കേരളത്തിനു പുറത്ത് കോണ്‍ഗ്രസ് ആ പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കും. സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ്സിന്റെയും ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കുന്നതും, കശ്മീരില്‍ സിപിഎം നേതാവ് യൂസഫ് തരിഗാമി ജോഡോ യാത്രയില്‍ പങ്കുചേരുന്നതും കണ്ടില്ലെന്നു നടിക്കും. വാജ്‌പേയിയുടെ സമാധിസ്ഥലം രാഹുല്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചോ, നരസിംഹറാവുവിന്റെ സമാധിസ്ഥലം സന്ദര്‍ശിക്കാതിരുന്നതിനെക്കുറിച്ചോ അവര്‍ക്ക് അഭിപ്രായമില്ല. തെലങ്കാനയും ദല്‍ഹിയുമൊക്കെ ഇന്ത്യയിലല്ല എന്ന് അവര്‍ നിലപാടെടുത്തുകളയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: