തിരുവനന്തപുരം : 90ാം ശിവഗിരി തീര്‍ത്ഥാടനത്തിന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ പ്രയത്നങ്ങള്‍. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മഹത്തരമാണ്.
സംസ്കാരികമായ ഏകത്വം നടപ്പാക്കിയത് ശ്രീനാരായണ ഗുരു ആണ്. എല്ലാവരും ഒന്നാണെന്ന സങ്കല്പത്തിലാണ് ഇവിടെയുള്ളവരെല്ലാം. സാംസ്കാരിക പാരമ്പര്യം നാം ലോകത്തെ അറിയിച്ചു മനുഷ്യര്‍ക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങളെയും തുല്യമായി കണ്ടു. ഉപനിഷത്തുകളിലും ഇതേ സങ്കല്പം കാണാം. തത്ത്വമസി എന്ന സങ്കല്പം തന്നെ മഹത്തരമാണ്. ഭക്തകവി തുളസീദാസും എല്ലാവരും ഒന്നാണെന്നാണ് പറഞ്ഞത്. വര്‍ക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഇന്ന് നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് ഇവിടേക്ക് വന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. വിദേശ -പാര്‍ലമെന്ററി കാര്യസഹ മന്ത്രി വി.മുരളീധരന് മുഖ്യാതിഥിയായി. ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ സ്വാമി സൂക്ഷ്മാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരും പ്രസംഗിച്ചു.
കോവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീര്‍ത്ഥാടനം വീണ്ടും ആരംഭിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന്റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വൈകിട്ടോടെ വിവിധ ജില്ലകളില്‍ നിന്നുള്ള പദയാത്രകള്‍ ശിവഗിരിയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: