പൂനെയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാഡമി 2023-25 വര്‍ഷത്തെ ഇന്‍ഷുറന്‍സ് മാനേജ്‌മെന്റ് പിജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അനുമതിയും എന്‍ബിഎ അക്രഡിറ്റേഷനുമുള്ള ഈ പിജിഡിഎം പ്രോഗ്രാം എംബിഎക്ക് തുല്യമാണ്. ഫിനാന്‍സ്, ഹ്യൂമെന്‍ റിസോഴ്‌സ്, മാര്‍ക്കറ്റിങ്, അനലിറ്റിക്‌സ് ആന്റ് ടെക്‌നോളജി മുതലായ മാനേജ്‌മെന്റ് കോര്‍ വിഷയങ്ങളോടൊപ്പം ജനറല്‍/ലൈഫ് ഇന്‍ഷുറന്‍സ്, റീ-ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മുതലായ വിഷയങ്ങളും പഠിപ്പിക്കും.
ഇന്‍ഷുറന്‍സ് മേഖലക്കാവശ്യമായ യുവ മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. പഠിച്ചിറങ്ങുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളിലും ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ഐടി കമ്പനികളിലും മറ്റുമാണ് തൊഴിലവസരം. കഴിഞ്ഞ ബാച്ചുവരെ പുറത്തിറങ്ങിയ മുഴുവന്‍ പേര്‍ക്കും പ്ലേസ്‌മെന്റ് ലഭിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തുന്നു.
പുതിയ ബാച്ചിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ബിരുദപരീക്ഷയെഴുതിയവര്‍ക്കും പിജിഡിഎം പ്രവേശനത്തിന് അപേക്ഷിക്കാം. 2023 ജൂണ്‍ മാസത്തിനകം യോഗ്യതാപരീക്ഷ വിജയിച്ചിരുന്നാല്‍ മതി.
ഐഐഎം കാറ്റ് 2022 അല്ലെങ്കില്‍ സിമാറ്റ് 2023 ല്‍ പങ്കെടുക്കുകയും ഉയര്‍ന്ന സ്‌കോര്‍ നേടുകയും വേണം. പ്രായപരിധി 28 വയസ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 30 വയസ്സുവരെയാകാം.
പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.niapune.org.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച് 15 നകം അപേക്ഷിക്കേണ്ടതാണ്.
കാറ്റ്-2022/സിമാറ്റ് 2023 സ്‌കോര്‍ അടിസ്ഥാനത്തില്‍ റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്/ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍. ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ രണ്ടുവര്‍ഷത്തെ പ്രോഗ്രാം ഫീസ് 9,43,000 രൂപയും ഹോസ്റ്റല്‍, ബോര്‍ഡിങ് ചാര്‍ജായി പ്രതിവര്‍ഷം 1,53,500 രൂപയും അടയ്‌ക്കണം. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പിജിഡിഎം പ്രോഗ്രാമിനെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും (020) 27204074, 27204091 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: