തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ്. 2022 ഒക്ടോബര്‍ 8 മുതല്‍ ഈ തസ്തികയില്‍ ഒഴിവ് വന്നിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്ഥിരനിയമനം നടത്താന്‍ ചാന്‍സലറും സര്‍ക്കാരും മുന്‍കൈയെടുക്കണമെന്ന് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിന്റെ ആവശ്യം.
വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല പ്രോ ചാന്‍സലര്‍ കൂടിയായ വകുപ്പ് മന്ത്രിയുടെ ശുപാര്‍ശ പ്രകാരം കാര്‍ഷികോത്പ്പാദന കമ്മിഷണര്‍ ഇഷിതാ റോയിക്ക് നല്‍കിയതിനെതിരെ ഇടത് അധ്യാപക സംഘടനാ നേതാവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി അനുകൂലമായി തന്നെ തീര്‍പ്പാക്കിയിരുന്നു. വൈസ് ചാന്‍സലറുടെ താല്കാലിക ചുമതല സര്‍വ്വകലാശാലയിലെ തന്നെ സീനിയര്‍ പ്രൊഫസര്‍മാരില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടത് അധ്യാപക സംഘടനാ നേതാവിന്റെ ഹര്‍ജി പരിഗണിക്കവെ ഡോ. കെ. ആര്യക്ക് വിസിയുടെ ചുമതല നല്‍കിയതായി സര്‍ക്കാരും കാര്‍ഷിക സര്‍വ്വകലാശാലയുടെ അധിക ചുമതല വഹിക്കാന്‍ താല്പര്യമില്ലെന്ന വിവരം ഇഷിതാ റോയിയും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈസ് ചാന്‍സലറുടെ ചുമതല നിര്‍വ്വഹിച്ചു വന്നിരുന്ന സര്‍വ്വകലാശാലയിലെ ഏറ്റവും മുതിര്‍ന്ന പ്രൊഫസര്‍ കൂടിയായ ഡോ. ആര്യ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മാസങ്ങളായി തീര്‍പ്പാക്കാതെ കിടന്നിരുന്ന ഫയലുകള്‍ എല്ലാം തീര്‍പ്പാക്കിയതില്‍ സര്‍വ്വകലാശാല ജീവനക്കാരും അധ്യാപകരും വിദ്യാര്‍ത്ഥികളും വലിയ ആശ്വാസത്തിലാണ്. വിദ്യാര്‍ത്ഥികളുടെ ഫയലുകളെല്ലാം തീര്‍പ്പാക്കിയത് കൂടാതെ ഗവേഷണത്തിന്റെയും വിജ്ഞാന വ്യാപന വിഭാഗത്തിന്റെയും മൂല്യനിര്‍ണയത്തിന്റെയും ബന്ധപ്പെട്ട ഫയലുകളും തീര്പ്പാക്കുകയുണ്ടായി. എന്നാല്‍ സര്‍വ്വകലാശാലയിലെ സൗഹാര്‍ദ്ദ അന്തരീക്ഷവും പ്രവര്‍ത്തനവും വീണ്ടും കലുഷിതമാക്കി മുതലെടുക്കാന്‍ ചില തല്പരകക്ഷികള് അണിയറയില്‍ വീണ്ടും നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.
സീനിയര്‍ വിഷയം ഉയര്‍ത്തിക്കൊണ്ട് ഹൈക്കോടതിയെ സമീപിച്ചും ശേഷം തരംതാണ രീതിയില്‍ ആക്ഷേപവുമായും അധ്യാപക സംഘടനാ നേതാവ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ഇരുപതോളം സീനിയര്‍മാരെ മറികടന്നും സകല സീനിയോറിറ്റി മാനദണ്ഡങ്ങളും മാറ്റിമറിച്ചും സ്വന്തം സംഘടനക്കാരനെ തന്നെ വെള്ളായണി കാര്‍ഷിക കോളജിലെ ഡീനായി നിയമിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി സര്‍വ്വകലാശാലയില്‍ സീനിയോറിട്ടി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടക്കുന്ന ഇന്‍ചാര്‍ജ് ഭരണത്തിന്റെ ആനുകൂല്യവും സംഘടനയുടെ അംഗങ്ങള്‍ ഇപ്പോഴും ആസ്വദിക്കുകയാണ്. കാര്യങ്ങള്‍ ഇത്തരത്തില്‍ തുടരുമ്പോള്‍ തന്നെ് നേതാവിന് വെളിപാടുണ്ടായി എന്നതാണ് ഏറെ രസകരം. ഈ വിഷയങ്ങളില്‍ കൂടി കേസിന് പോയി മാതൃക കാട്ടണമെന്ന് എംപ്ലോയിസ് സംഘ് പ്രസിഡന്റ് അജി വി. എന്‍., ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സീനിയോറിട്ടി മറികടന്ന്് തങ്ങളുടെ അംഗങ്ങളെ നിയമിക്കുമ്പോള്‍ അത് ഭരണസൗകര്യാര്ഥമെന്ന ഇരട്ടത്താപ്പ് ഉയര്‍ത്തി ബാലിശമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് സര്‍വ്വകലാശാലക്കും അതിന്റെ താല്പര്യങ്ങള്ക്കും ഗുണകരമാകില്ല. എല്ലാ രാഷ്ട്രീയവൈര്യങ്ങളും ആരോപണങ്ങളും മാറ്റിവെച്ച് സര്‍വ്വകലാശാലയുടെ പോയകാല പ്രതാപം വീണ്ടെടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എംപ്ലോയീസ് സംഘ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: