ഹരിയാന: ഭാരത ഭരണഘടനയാണ് പരമമെന്നും ഭരണഘടനാനുസൃതമായി രാജ്യത്തെ മുന്നോട്ട് നയിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഭാരതീയ അഭിഭാഷക പരിഷത്ത് പതിനാറാം ദേശീയ സമ്മേളനത്തില്‍, ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.
ഭരണഘടനാ തത്വങ്ങളെ ബലി കഴിക്കുന്ന ഒരു പ്രവര്‍ത്തനവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. വൈകി ലഭ്യമാകുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ്. കോടതികളില്‍ കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതികളുടെ നവീകരണത്തിനും പുതിയ കോടതികള്‍ ആരംഭിക്കുന്നതിനും നടപടികളെടുത്ത് വരികയാണ്. കൃത്യതയാര്‍ന്ന നീതിന്യായ സംവിധാനം ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ.ആര്‍. രാജേന്ദ്രന്‍ അധ്യക്ഷം വഹിച്ചു.
മധ്യപ്രദേശ് അഡ്വക്കേറ്റ് ജനറല്‍ അഡ്വ. പ്രശാന്ത് സിങ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള നിവേദനം ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ മൂര്‍ത്തിയും ജനറല്‍ സെക്രട്ടറി ഭരത് കുമാറും കേന്ദ്ര നിയമമന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: