കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ലൈവ് ടിവി ഷോയ്ക്കിടെ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് കാബൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍. മുന്‍ അഫ്ഗാന് സര്‍ക്കാറിലെ നയ ഉപദേഷ്ടാവും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ശബ്നം നസിമിയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും ലഭിക്കാത്ത വിദ്യാഭ്യാസം തനിക്കെന്തിന്, ആവശ്യമില്ലെന്ന് പറഞ്ഞാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവിനിടെ കീറുന്നത്. ഇത് തന്നെ ഒറിജിനല്‍ ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റുകള്‍ ആണെന്നും പറയുന്നുണ്ട്. അവതാരകന് അതില്‍ നിന്നും അയാളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതും കാണാം.
അഫ്ഗാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ബ്രിട്ടണില്‍ നിന്നും അഫ്ഗാന് വേണ്ടി സഹായം സ്വീകരിക്കുന്ന കണ്‍സര്‍വേറ്റീവ് ഫ്രണ്ട്സ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ നസിമി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ താലിബാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാന് ഉപേക്ഷിച്ചാണ് ഇവര്‍ യുകെയില്‍ എത്തിയത്.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കിക്കൊണ്ടുള്ള അഫ്ഗാന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് കാമ്പസുകളിലെത്തിയ നിരവധി വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ കയറാനാവാതെ തിരിച്ചു പോയിരുന്നു. ഇതിനെതിരെ അഫ്ഗാനിസ്ഥാനിലടക്കം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. യുഎന്‍, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങള്‍ തീരുമാനം പിന്‍വലിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: