മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ത്ഥാടകരുടെ വലിയൊരു ഒഴുക്കിനാണ് ഇത്തവണ ശബരിമല സാക്ഷ്യം വഹിച്ചത്. ദേവസ്വം ബോര്‍ഡിന്റെ കണക്കനുസരിച്ച് 41 ലക്ഷം പേര് ദര്‍ശനത്തിനെത്തി. അസൗകര്യങ്ങളേയും ദര്‍ശന നിയന്ത്രണങ്ങളേയും അവഗണിച്ചെത്തിയ ഭക്തരാണിവര്‍. ചരിത്രത്തിലെ ഏറ്റവും കൂടിയ നടവരവും ഇത്തവണയാണ്. 300 കോടിയാണ് നടവരവും കാണിക്കയുമായി കിട്ടിയത്. അപ്പം, അരവണ എന്നിവയുടെ വരവ് വേറെയും.
എത്തിയ ഭക്തരുടെ സംഖ്യയിലും അര്‍പ്പിച്ച പണത്തിന്റെ വലുപ്പത്തിലും മേനി നടിക്കാമെങ്കിലും ഒരുക്കിയ സൗകര്യത്തിന്റേയും ഉണ്ടാക്കിയ സംവിധാനത്തിന്റേയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും വട്ടപൂജ്യമായിരുന്നു. ശബരിമലയില്‍ കോടിക്കണക്കിന് ഭക്തര്‍ എത്തുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയില്ല. സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തിലുള്ള മെല്ലപ്പോക്ക് തീര്‍ഥാടനത്തെ ബാധിച്ചു. തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചെങ്കിലും പുതിയ സൗകര്യങ്ങള്‍ അധികമൊന്നും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ഉള്ളതുതന്നെ ശരിയായി പ്രയോജനപ്പെടുത്തിയുമില്ല.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഹോട്ടലുകാര്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ അയ്യപ്പഭക്തരെ കൊള്ളയടിച്ചു. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ ഭക്തരെ ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രമാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിയത്. സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വംബോര്‍ഡും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാഴ്ചയും ഇത്തവണ കണ്ടു. പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ദര്‍ശനത്തിനായി ഭക്തര്‍ കാത്തുനില്‍ക്കേണ്ടി വന്നു.
അയ്യപ്പദര്‍ശനത്തിന്റെ സുകൃതംതേടി ശബരിമലയിലേക്കു വരുന്നവരുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിച്ചത് എന്നത് വിരോധാഭാസമായി നില്ക്കുന്നു. സൗകര്യക്കുറവിന്റെ പേരുപറഞ്ഞ് ദിവസവും തൊണ്ണൂറായിരം പേര്‍ക്കാണ് ദര്‍ശനാനുമതി നല്‍കിയത്. നൂറ്റാണ്ടുകളായി പരമ്പരാഗത തീര്‍ത്ഥാടന കാനനപാതയിലൂടെ കാല്‍നടയായി എത്തിയിരുന്ന ഭക്തരെ പാതയിലേക്കു പ്രവേശിക്കുന്ന വഴികളില്‍ തടഞ്ഞു. കാനനപാതയില്‍ യാത്രാ നിയന്ത്രണമുണ്ടെന്ന് വ്യാപക പ്രചരണവും നടത്തി. കാനന പാതയില്‍ ഭക്തര്‍ പ്രവേശിക്കാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് വനംവകുപ്പ് ജീവനക്കാരെ നിയോഗിച്ചു. യാത്രാനിയന്ത്രണം അക്ഷരാര്‍ത്ഥത്തില്‍ ശബരിമല തീര്‍ത്ഥാടനത്തെ ശ്വാസം മുട്ടിക്കുന്നതും പ്രസക്തി തന്നെ നഷ്ടപ്പെടുത്തിക്കളയുന്നതുമായി. ശബരിമല യാത്രയുമായി ബന്ധപ്പെട്ട അഭേദ്യമായ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന കാനന പാതയിലാണ് യാതൊരു ആലോചനയും ഇല്ലാതെ അശാസ്ത്രീയമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വര്‍ഷം തോറും അഞ്ചു മുതല്‍ പത്തുലക്ഷം വരെ തീര്‍ത്ഥാടകര്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നിടത്ത് കേവലം ആയിരങ്ങളില്‍ മാത്രം ഒതുങ്ങി. ശബരിമലയിലെത്തുന്നവരുടെ കൃത്യമായ കണക്കെടുക്കാന്‍ എല്ലാവരും പമ്പവഴി വരണമെന്ന ചിന്ത മാത്രമാണ് കാനവഴി അടയ്ക്കാന്‍ പ്രേരിപ്പിച്ചത്.
വികസന കാര്യത്തിലുള്ള അലംഭാവത്തിന് മകുടോദാഹരണമാണ് ശബരിമല വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ ‘സ്വദേശി ദര്ശന്’ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ അനുവദിച്ച 100 കോടി രൂപയില്‍ 80 കോടിയും പാഴായിപ്പോകുന്ന അവസ്ഥ. 2015 ല്‍ സ്വദേശി ദര്ശന് പദ്ധതിയില്‍ 100 കോടി അനുവദിച്ചു 36 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ ആദ്യഗഡുവായി 20 കോടി നല്കി. നിര്‍വഹണ കാലാവധി അവസാനിക്കുമ്പോഴും പദ്ധതി മുന്നോട്ടുപോയിട്ടില്ല. ആദ്യഗഡുവായി കിട്ടിയ 20 കോടിയില്‍ ഉള്‍പ്പെടുത്തി നീലിമല വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ലു പാകല്‍ തുടങ്ങി. തീര്‍ഥാടനത്തിനുമുന്‍പ് അതു പൂര്‍ത്തിയാക്കാന്‍പോലും കഴിഞ്ഞില്ല. ഇറക്കിയ കരിങ്കല്ലുകള്‍ പാതയില്‍ത്തന്നെ നിരന്നുകിടന്നു. അയ്യപ്പന്മാര് കല്ലില്‍ തട്ടിവീണു. സ്വദേശി ദര്ശന് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി എരുമേലി- ശബരിമല ആത്മീയ സര്‍ക്ക്യൂട്ടിനു 54.88 കോടി അനുവദിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയില്‍ നടത്തുന്ന എല്ലാ വികസന പദ്ധതികളും മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇതൊന്നുമില്ലാതെ പണം തന്നിഷ്ടപ്രകാരം ചെലവഴിക്കാന്‍ കിട്ടിയാല്‍ മതിയെന്ന ചിന്തയാണ് ദേവസ്വം ബോര്‍ഡിനേയും ദേവസ്വം വകുപ്പിനേയും നിയന്ത്രിക്കുന്നവര്‍ക്ക്. സ്ത്രീ പ്രവേശനത്തിന്റേയും മറ്റും പേരില്‍ ശബരിമലയുടെ പ്രശസ്തിയും പവിത്രതയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഭക്തരെ ക്ഷേത്രത്തില്‍ നിന്ന് അകറ്റാന്‍ പുതുവഴി തേടുന്നതായി കാണേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: