കോട്ടയം: തീര്‍ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയില്‍ ഉയര്‍ത്തേണ്ട ധര്‍മ്മപതാകയുമായുള്ള രഥ ഘോഷയാത്ര 29ന് നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 29ന് രാവിലെ 11ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോട്ടയം എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍ക്ക് പതാക കൈമാറും.
നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് എം. മധു അധ്യക്ഷനാകും. സ്വാമി ശിവനാരായണ തീര്‍ത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പതാക ഘോഷയാത്ര വൈകിട്ട് അഞ്ചിന് ശിവഗിരിയിലെത്തും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഏറ്റുവാങ്ങും.
30ന് ശിവഗിരിയില്‍ ഉയര്‍ത്താനുള്ള ധര്‍മ്മ പതാക, മഹാക്ഷേത്രങ്ങളിലെ കൊടിക്കൂറകള്‍ നിര്‍മിക്കുന്ന ചെങ്ങളം ശ്രീകല ക്ഷേത്രചമയങ്ങളുടെ ഉടമ ഗണപതി നമ്പൂതിരിയാണ് തയ്യാറാക്കിയത്. എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് ഏറ്റുവാങ്ങിയ പതാക നാഗമ്പടം ക്ഷേത്രത്തില്‍ എത്തിച്ചു.
ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്കിയത് നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രാങ്കണത്തിലെ തേന്മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു. ഈ ചരിത്രസ്മരണയുടെ ഭാഗമായാണ് എല്ലാവര്‍ഷവും തീര്‍ത്ഥാടന വേദിയില്‍ ഉയര്‍ത്താനുള്ള ധര്‍മ്മപതാക നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ശിവഗിരിയില്‍ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: