കോഴിക്കോട് : സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരി വില്‍പ്പനയ്ക്കുള്ള കാരിയറാക്കിയെന്ന് ആരോപണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവിനെതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. അഴിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് വില്‍പ്പനയ്ക്കായി ഉപയോഗിച്ചത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മയക്കുമരുന്ന് നല്കി കരിയറാക്കിയെന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അതില്‍ വൈരുദ്ധ്യമുണ്ട്. കുട്ടി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടന്നു വരികയാണ് ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുട്ടി ലഹരിമരുന്ന് എത്തിക്കുന്നതിനായി പോയെന്ന് പറയപ്പെടുന്ന തലശ്ശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിട്ടും പ്രതിയാക്കപ്പെട്ട യുവാവിനെതിരെ കുറ്റം കണ്ടെത്താനായില്ല, തെളിവുകള്‍ ലഭിച്ചില്ലെന്നും വടകര റൂറല്‍ എസ്പി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ നവംബറിലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനിക്ക് മയക്കുമരുന്നു നല്കിയ ശേഷം ലഹരിമരുന്ന് കടത്തിനായി ഉപയോഗപ്പെടുത്തിയതായി ആരോപണങ്ങള്‍ പുറത്തുവരുന്നത്. അന്ന് സ്കൂളിലെ ശൗചാലയത്തില്‍ കുട്ടി നനഞ്ഞൊലിച്ച് കുട്ടി നില്‍ക്കുന്നത് കണ്ട് അധ്യാപകര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടി തനിക്ക് ഒരു ചേച്ചി ബിസ്കറ്റ് തരാറുണ്ടെന്നും മയക്കത്തില്‍ ആകാറുണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതും പരാതി നല്‍കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: