ശബരിമലക്ഷേത്രത്തിലെ തീര്‍ത്ഥാടനത്തിരക്ക് നിയന്ത്രണാതീതമായി തുടരുകയാണ്. പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ദര്‍ശനത്തിനായി ഭക്തര്‍ കാത്തുനില്‍ക്കേണ്ടി വരുന്നു. ആയിരക്കണക്കിനു വാഹനങ്ങള്‍ പാര്ക്കുചെയ്യാന് സൗകര്യമുളള പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ്. ദര്‍ശനത്തിനെത്തുന്ന ഭക്തരുടെയും ഭക്തരെത്തുന്ന വാഹനങ്ങളുടെയും എണ്ണം കുറയ്ക്കാനാണ് സര്‍ക്കാര്‍തല തീരുമാനം. ഇപ്പോള്‍ ദിവസവും തൊണ്ണൂറായിരം പേര്‍ക്കാണ് ദര്‍ശനാനുമതി. ഇങ്ങനെ പേയാല്‍ ഇനി 30 ലക്ഷത്തിനു താഴെ ഭക്തര്‍ക്കേ ദര്‍ശനത്തിന് അനുമതി ലഭിക്കു എന്നു വേണം കരുതാന്‍. വലിയൊരു വിഭാഗം ഭക്തര്‍ക്കും ഈ മണ്ഡലകാലത്ത് ദര്‍ശനം ലഭിക്കാതെ പോകുമോ എന്ന ആശങ്ക നിലനില്ക്കുന്നു. എന്താണ് ഇത്തരമൊരു സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയതെന്നു പരിശോധിക്കേണ്ടതുണ്ട്.
കാല്‍നടയാത്രക്കാരെ തടഞ്ഞതാണ് ഭക്തര്‍ ഒറ്റ വഴിയിലേക്ക് കേന്ദ്രീകരിക്കാനിടയായത്. നൂറ്റാണ്ടുകളായി പരമ്പരാഗത തീര്ത്ഥാടനകാനനപാതയിലൂടെ കാല്‍നടയായി എത്തിയിരുന്ന ഭക്തരെ പാതയിലേക്കു പ്രവേശിക്കുന്ന കോയിക്കക്കാവ്, അഴുതക്കടവ്, മുക്കുഴി എന്നീ വഴികളില്‍ തടഞ്ഞു. ഇപ്പോഴത്തെ നിയന്ത്രിക്കാനാകാത്ത തിരക്കിനു കാരണം ഇതാണ്. അഞ്ചു ലക്ഷം മുതല്‍ പത്തുലക്ഷം വരെ തീര്‍ത്ഥാടകര്‍ കാനനപാതയിലൂടെ കാല്‍നടയായി ശബരിമലക്ഷേത്രത്തിലേക്കു യാത്ര ചെയ്തിരുന്ന ഈ പാത ശബരിമലയുടെ സേഫ്റ്റി വാല്‍വ് ആയിരുന്നു. അത് അടച്ചതാണ് ഇപ്പോഴത്തെ ഭക്തജന തിരക്കിനു കാരണം. 2020 ലാണ് ആദ്യമായി ഈ പാത അടച്ചത്. അന്ന് കൊവിഡിന്റെ പേരിലായിരുന്നു. എന്നാല്‍ മലഅരയ മഹാസഭയുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പാത തുറന്നു നല്‍കുകയായിരുന്നു. 2021 ലും പാതഅടച്ചെങ്കിലും വീണ്ടും പ്രക്ഷോഭം നടത്തി പാത തുറപ്പിച്ചു. അതേ സമയം മറ്റു വഴികള്തുറന്നു നല്‍കുകയും ചെയ്തു. ഈ വര്‍ഷം പ്രവേശന സമയം കുത്തനെ വെട്ടിക്കുറച്ച് കാനനപാതയില്‍ ഭക്തരെ തടഞ്ഞു. എന്നു മാത്രമല്ല, കാനനപാതയില്‍ യാത്രാ നിയന്ത്രണമുണ്ടെന്ന് വ്യാപക പ്രചരണവും നടത്തി. അതോടെ ഭക്തര്വാഹനങ്ങളില് പമ്പക്കു തിരിച്ചു. സംസ്ഥാന ഖജനാവിലേക്ക് പ്രത്യക്ഷവും പരോക്ഷവുമായി കോടിക്കണക്കിന് രൂപ തീര്‍ത്ഥാടനക്കാലത്ത് വരുമാനം ലഭിക്കുന്ന ഒരു ആത്മീയ കേന്ദ്രത്തോടുള്ള സമീപനം എത്ര അശാസ്ത്രീയമാണെന്ന് ഇപ്പോഴുള്ള സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കാനനപാതയിലൂടെ സഞ്ചരിച്ചിരുന്ന ഭക്തരുടെ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാക്കാം. 2015ല്‍ 674949 പേരും 2016ല്‍ 531849 പേരും 2017ല്‍ 907464 പേരും സഞ്ചരിച്ചു. പ്രളയമായിരുന്നിട്ടു കൂടി 2018ല്‍ 255942 പേരും 2019ല്‍ 467099 പേരും കൊവിഡ് നിയന്ത്രണമായിരുന്നെങ്കിലും 2020-22 ജനുവരി 14 വരെ ലക്ഷക്കണക്കിനുതീര്ത്ഥാടകര് കാല്‍നടയായി പാതയിലൂടെ സന്നിധാനത്തെത്തി. ഈ വര്‍ഷം പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന് ഡപ്യൂട്ടി ഡയറക്ടറുടെ ഫോണ്‍സന്ദേശത്തെ തുടര്‍ന്ന് ഇടുക്കി ജില്ലാ കളക്ടര്‍ കാനനപാത വഴിശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ചൂണ്ടിക്കാട്ടി ഭക്തര്പ്രവേശിക്കാതിരിക്കാന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് വനംവകുപ്പ് ജീവനക്കാരെയും നിയോഗിച്ചു. ഇങ്ങനെ പാതയിലൂടെയുള്ള യാത്രാനിയന്ത്രണം അക്ഷരാര്‍ത്ഥത്തില്‍ ശബരിമല തീര്‍ത്ഥാടനത്തെ ശ്വാസം മുട്ടിക്കുന്നതും പ്രസക്തി തന്നെ നഷ്ടപ്പെടുത്തിക്കളയുന്നതുമായി. അതിന്റെ പരണിത ഫലങ്ങളാണ് ഇന്നു കാണുന്നത്. പാത അടച്ചതറിഞ്ഞ് ലക്ഷോപലക്ഷം ഭക്തര്‍ കാല്‍നടയാത്ര ഉപേക്ഷിച്ച് വാഹനങ്ങളില്‍ എരുമേലി നിലയ്ക്കല്‍ പമ്പ എന്നിവിടങ്ങളിലേക്ക് ഒഴുകിത്തുടങ്ങി. പ്രദേശത്തെ ജനജീവിതം തന്നെ സ്തംഭിക്കുന്ന അവസ്ഥയിലേക്കിത് എത്തിക്കൊണ്ടിരിക്കുന്നു. വര്‍ഷം തോറും അഞ്ചു മുതല്‍ പത്തുലക്ഷം വരെ തീര്‍ത്ഥാടകര്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നിടത്ത് കേവലം ആയിരങ്ങളില്‍ മാത്രം ഒതുങ്ങി.
ശബരിമല തീര്‍ത്ഥാടനവുമായി ആചാരപരമായി അഭേദ്യബന്ധമുള്ളതാണ് കാനനപാത. എരുമേലിയില്‍ നിന്ന് പേരൂര്‍ തോട്, കോയിക്കക്കാവ്, കാളകെട്ടി, അഴുത, കല്ലിടാം കുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, പുതുശ്ശേരി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, പമ്പ, നീലിമല, ശരംകുത്തി, ശബരിപീഠം വഴി സന്നിധാനത്തെത്തുന്ന ഈ പാതയിലെല്ലാം പ്രാചീനമായ നിരവധി ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ശ്രീഅയ്യപ്പന് എരുമേലിയില്‍ നിന്നു ശബരിമലയില്‍ എത്തിയ പാതയാണ്പരമ്പരാഗത കാനനപാത. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് നഗ്നപാദരായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഈ പാതയിലൂടെസഞ്ചരിച്ചിരുന്നത്. രാപകലില്ലാതെ ശരണ മന്ത്രങ്ങള്‍ മുഴങ്ങിയിരുന്ന അണമുറിയാതെ ഭക്തജനങ്ങള്‍ സഞ്ചരിച്ചിരുന്ന കാനനപാത ഇപ്പോള്‍ നിശബ്ദവും വിജനവുമാക്കപ്പെട്ടിരിക്കുന്നു. സമയ നിയന്ത്രണവും അവ്യക്തതകളും സൃഷ്ടിച്ചുകൊണ്ടാണ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ കൊവിഡിന്റെ മറവിലായിരുന്നു പാതയിലെ നിയന്ത്രണമെങ്കില്‍ ഇത്തവണ യാതൊരു കാരണങ്ങളും പറയാതെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. കോയിക്കക്കാവില്‍ പകല്‍ 12 മണിയോടെയും മുക്കുഴിയില്‍ നിന്ന് ഒരു മണിയോടെയും പ്രവേശനം തടഞ്ഞു കൊണ്ടുള്ളതായിരുന്നു അദ്യ ഉത്തരവ്. പിന്നീടത് രണ്ടര മണിക്കൂര്‍ വര്‍ധിപ്പിച്ചെങ്കിലും മുഴുവന്‍ സമയവും തുറന്നുനല്‍കാന്‍ തയ്യാറായില്ല. മുന്‍കാലങ്ങളില്‍ 24 മണിക്കൂറും ഭക്തര്‍ യാത്ര ചെയ്തിരുന്ന പാതയിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അവ്യക്തതകള്‍ സൃഷ്ടിച്ച് ഭക്തരെ അകറ്റിയത്. ശബരിമല തീര്‍ത്ഥാടനം പൂര്‍ണ്ണമാകുന്നത് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനത്തിലൂടെയാണ്. കാനനപാത വഴി സഞ്ചരിച്ച്, നിരവധി അനുഷ്ഠാനങ്ങള്‍ ചെയ്ത് സന്നിധാനത്തെത്തുന്നതാണ് പ്രാചീനകാലം മുതലുള്ളതീര്ത്ഥാടന രീതി.
എരുമേലിയില്‍ നിന്ന് കാനനപാതയിലൂടെ പമ്പ വരെ 31 കിമി ആണ്. അവിടെ നിന്നും 4കിലോമീറ്റര്‍ ശബരിമലയിലേക്ക്. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എരുമേലി കൊച്ചമ്പലം വാവരു പള്ളി എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥനക്കു ശേഷം ഭക്തര്‍ പേരൂര്തോട്ടിലെത്തി മലര് നിവേദിക്കുന്നു. ഇരുമ്പൂന്നിക്കര ശിവക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കോയിക്കക്കാവിലെത്തി മലദൈവാരാധന, നാളികേരം ഉടക്കല്‍ എന്നിവ നടത്തി അരശുമുടി കോട്ടയിലെത്തി നാളികേരം ഉടച്ച് ശിവാരാധനയും നടത്തി 18 മലകളിലൊന്നായ കാളകെട്ടിയിലെത്തി തലപ്പാറ മലയ്ക്ക് നാളികേരം ഉടച്ച്, ശ്രീ അയ്യപ്പന് എത്തി വിശ്രമിച്ച സ്ഥലം എന്ന നിലയില്‍ സ്വാമിമാര്‍ അവിടെ വിശ്രമിക്കുന്നു. ഒരേ സമയം പതിനായിരം പേര്‍ക്ക് താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. കാളകെട്ടി കൊച്ചമ്പലം ദര്‍ശിച്ച് പുണ്യനദിയായ അഴുത നദിയില്‍ മുങ്ങി കല്ലെടുത്ത് കല്ലിടാംകുന്നുകയറി കല്ലിട്ട് വന്ദിച്ച് പ്രാര്‍ത്ഥിക്കുന്നു. മഹിഷിയെ നിഗ്രഹിച്ച് കല്ലിട്ടു എന്ന സങ്കല്പമാണ് ഇതിനുപിന്നില്‍. 18മലകളിലൊന്നായ ഇഞ്ചിപ്പാറ മലയിലെ കോട്ടയില്‍ നാളികേരം ഉടച്ച് വെടിവഴിപാട് നടത്തി, മുക്കുഴിദേവീക്ഷേത്രത്തില് കാളിപൂജയും നാളികേരം ഉടക്കലും കഴിഞ്ഞ് അവിടെ വിശ്രമിക്കുന്നു. അയ്യായിരം പേര്‍ക്കു ഒരേ സമയം താമസിക്കാന്‍ ഇവിടെയും സൗകര്യമുണ്ട്. അതിനു ശേഷം പതിനെട്ടു മലകളിലൊന്നായപുതുശ്ശേരിയിലെത്തി, പുതുശ്ശേരി മുണ്ടന്‍ ആരാധന നടത്തി, ആറു കടന്ന് കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥിക്കുന്നു. പതിനായിരം പേര്‍ക്ക് ഒരേസമയം ഇവിടെയും താമസിക്കാം. പതിനെട്ടു മലകളിലെ മറ്റൊരു പ്രധാന മലയായ കരിമല കയറ്റമാണ് അടുത്തത്. ഇല പറിച്ച് ഇലകളില്‍ ചവിട്ടി കര്‍പ്പൂരം കത്തിച്ചാണ് കരിമലയുടെ ഒന്നാം തട്ടിലേക്ക് പ്രവേശിക്കുന്നത്. കരിമല കയറി മായേക്കിദേവിക്ക് മഞ്ഞള്‍ വഴിപാട് അര്പ്പിച്ച്കരിമല മുകളിലെത്തി കരിമല മൂര്‍ത്തിയെ ആരാധിച്ച് വെള്ളംകുടിവെക്കുന്നു. അവില്, മലര്, ശുദ്ധ ജലം എന്നിവ നിവേദിക്കുന്നു. രണ്ടായിരം പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കരിമലയിലെ ആരാധനാ കേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ച് നാളികേരം ഉടച്ച് പുലിയള്ളിറക്കമിറങ്ങുന്നു. ഇവിടെ നിന്നാണ് അയ്യപ്പന് പുലികളെപിടിച്ച് പുലിപ്പുറത്ത് കയറി പന്തളത്തേക്കു പോയത്. ബാലി സുഗ്രീവ യുദ്ധം നടന്ന ഒളിയന്‍പുഴ കടന്ന് ആയിരക്കണക്കാളുകള്‍ക്ക് വിശ്രമ സൗകര്യമുള്ള ചെറിയാനവട്ടം, വലിയാനവട്ടം എന്നിവിടങ്ങള്‍ പിന്നിട്ട് പമ്പയിലെത്തി പമ്പ സ്നാനം, പമ്പസദ്യ, പമ്പവിളക്ക്, ബലിതര്‍പ്പണം എന്നിവ നടത്തി നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ശബരിആശ്രമം, ശരംകുത്തി എന്നിവടങ്ങളിലെ ആചാരങ്ങള്‍ അനുഷ്ഠിച്ച് സന്നിധാനത്തെത്തുന്നു. നൂറ്റാണ്ടുകളായി അയ്യപ്പഭക്തര്‍ യാത്ര ചെയ്തിരുന്ന, ശബരിമല യാത്രയുമായി ബന്ധപ്പെട്ട അഭേദ്യമായ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന ഈപാതയിലാണ് യാതൊരു ആലോചനയും ഇല്ലാതെ അശാസ്ത്രീയമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഭക്തജനങ്ങള്‍ക്ക് എത്താന്‍ കഴിയാതാകുന്നതോടെ ഈ ആരാധന കേന്ദ്രങ്ങളൊക്കെ ഇരുളടയുകയും ചരിത്രത്തിന്റെ വിസ്മൃതിയില്‍ ആണ്ടു പോവുകയും ചെയ്യും. അങ്ങനെ പ്രാചീനവും മഹത്തായതുമായ സംസ്കാരം തന്നെ ഇല്ലാതാക്കപ്പെടും. നിയന്ത്രണമേര്പ്പെടുത്തിയവരുടെ ഉദ്ദേശ്യവും അതു തന്നെയാകാം. ആചാരങ്ങളൊന്നും മാനിക്കാതെയാണ് കേവലം ഒരു ഫോണ്‍ സന്ദേശത്താല്‍ ഭക്തര്‍ക്കു മുമ്പില്‍ പാത കൊട്ടിയടച്ചത്. ഈ ദുഷ്പ്രവര്‍ത്തി ഭക്തരില്‍ തീരാദു:ഖത്തിനും വിവരണാതീതമായ കഷ്ടതക്കും, ഇടയാക്കുകയും ശബരിമലയെത്തന്നെ ശ്വാസംമുട്ടിക്കുന്നതുമായി. അധികാരികള്‍ ഇനിയും തെറ്റുകള്അടിയന്തിരമായി തിരുത്തുന്നില്ലെങ്കില്‍ മകരവിളക്കിനോടനുബന്ധിച്ച് എത്തുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങളെ നിയന്ത്രിക്കാനും ദര്ശനസൗകര്യമേര്പ്പെടുത്താനും കഴിയാതാകും.
പി. കെ സജീവ് (മലഅരയ മഹാസഭ ജനറല്‍ സെക്രട്ടറി).
ഫോണ്‍ 9447370468)
പ്രതികരിക്കാൻ ഇവിടെ എഴുതുക: