പത്തനംതിട്ട: കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ജനസേവനം ചെയ്തിരുന്ന നേതാക്കള്‍ ഇപ്പോള്‍ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്ത് വാരിക്കൂട്ടുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഭരണത്തിന്റെ തണലില്‍ പണം സമ്പാദിച്ച് ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുകയാണ് സിപിഎം നേതാക്കളെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന് ആരോപിച്ചു. ഇടതു നേതാക്കള്‍ ജനപ്രതിനിധികള്‍ ആകുന്നതിന് മുന്‍പുള്ള സാമ്പത്തികസ്ഥിതിയും ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും പരിശോധിച്ചാല്‍ വലിയ അന്തരം കാണാനാകുമെന്നും മുരളീധരന് ആരോപിച്ചു.
കോടികളുടെ നിക്ഷേപം നടത്താന്‍ ജയരാജന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സ്രോതസ്സ് എന്താണ്. ഇ.പി. ജയരാജന് എതിരായ ആരോപണം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.- വി.മുരളീധരന് കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജനെതിരായ അനധികൃത സാമ്പത്തിക ഇടപാട് കേസ് ആവശ്യമെങ്കില്‍ ഇഡിയെക്കൊണ്ട് അന്വേഷിപ്പിക്കുമന്നും മുരളീധരന് പറഞ്ഞു.
ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി നടത്തുന്ന ആഭ്യന്തര അന്വേഷണത്തില്‍ പ്രശ്നം ഒതുക്കരുത്. വിവാദത്തിന് പിന്നിലെ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മരളീധരന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: