കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വിദേശ വനിത പീഡനത്തിനിരയായി. മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം കൊറിയന്‍ സ്വദേശിനിയായ യുവതി പങ്കുവച്ചത്. പരാതിയില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു.
മതിയായ രേഖകളില്ലാത്തതിന് വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ ദിവസമാണ് യുവതിയെ സിഐഎസ്എഫ് സംഘം പിടികൂടിയത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ പീഡനം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കേസെടുത്തത്. ഇവര്‍ കോഴിക്കോട് നഗരത്തിലാണ് താമസിച്ചിരുന്നത്. അതിനാല്‍ കോഴിക്കോട് ടൗണ്‍ പോലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോയി.
ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടൊണ് യുവതിയുമായി സംസാരിച്ചത്. ആര് പീഡിപ്പിച്ചുവെന്ന് വ്യക്തമല്ല. പരാതിക്കാരി ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മതിയായ യാത്ര രേഖകൾ ഇല്ലാത്തതായി കണ്ടെത്തിയ ശേഷം വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ ഔദ്യോഗികമായി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് യുവതി പോലീസ് കസ്റ്റഡിയിലായിരുന്നു എന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: