പാലക്കാട്: സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തിരുവില്യാമല പാമ്പാടി ഐവർമഠം ശ്മാശനത്തിൽ സംസ്കരിച്ചു. മാത്തൂർ ചുങ്കമന്ദം യു.പി സ്ക്കൂളിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട നൂറുകണക്കിന് ആളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.
വടക്കന്‍ സിക്കിമിലെ സേമയില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് വൈശാഖ് (28) ഉള്‍പ്പെടെ16 സൈനികരാണ് മരണമടഞ്ഞത്. 221 കരസേന റെജിമെന്റില്‍ നായിക്ക് ആണ് വൈശാഖ്. 2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. ജൂലായ് 24 ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ: ഗീതു. മകന്‍: ഒന്നര വയസുളള തന്‍വിക്. സഹോദരി: ശ്രുതി.
കുത്തനെയുള്ള ഇറക്കത്തില്‍ കൊടും വളവ് തിരിയുമ്ബോള്‍ ട്രക്ക് റോഡില്‍ നിന്ന് തെന്നി മലയിടുക്കില്‍ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂര്‍ണമായി തകര്‍ന്നു. ശനിയാഴ്‌ച്ച രാവിലെയോടെ തന്നെ വൈശാഖിന്റെ ഭൗതിക ശരീരം ഹെലികോപ്റ്ററിൽ ഗാങ്ങ്ടോക്കിലേക്ക് എത്തിച്ചിരുന്നു. അവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷമാണ് ഔദ്യോഗികമായി ബഹുമതികൾ അർപ്പിച്ച് വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലേക്ക് എത്തിച്ചത്. അവിടെ നിന്ന് സൈനിക അകമ്പടിയോടെയാണ് പാലക്കാടേക്ക് എത്തിച്ചത്. മന്ത്രി എംബി രാജേഷാണ് വാളയാർ അതിർത്തിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വി കെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
മാത്തൂർ വരെയുള്ള പാതയോരങ്ങളിൽ റോഡിനിരുവശത്തും നിന്ന് ആളുകൾ വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ചു. വൈശാഖിന്റെ സുഹൃത്തുക്കളും നാട്ടുകാരും വളരെ വൈകാരികമായാണ് ആണ് വിലാപയാത്രയെ സ്വീകരിച്ചത്. രാത്രി 9.30 ഓടെ ഭൗതിക ശരീരം മാത്തൂർ ചെങ്ങണിയൂർകാവിലെ വൈശാഖിന്റെ വീട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഭൗതിക ശരീരം മാത്തൂർ ചുങ്കമന്ദം യു.പി സ്ക്കൂളിൽ പൊതു ദർശനത്തിനായി കൊണ്ടു പോയി.
രണ്ട് മണിക്കൂർ നീണ്ട പൊതു ദർശനത്തിന് ശേഷം സംസ്കാരത്തിനായി തിരുവില്യാമല പാമ്പാടി ഐവർമഠം ശ്മാശനത്തിൽ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: