സംരക്ഷിത വനമേഖലകള്‍ നശിക്കാതിരിക്കാനും, മനുഷ്യന്-വന്യമൃഗ സംഘര്‍ഷം കുറയ്ക്കാനും, വനനശീകരണം മൂലമുള്ള മണ്ണൊലിപ്പ് തടയാനും, ഉരുള്‍ പൊട്ടല്‍ ഒരു പരിധി വരെ ഒഴിവാക്കാനും, ജൈവവൈവിധ്യ നാശം കുറയ്ക്കാനും, ദേശീയ വന്യജീവി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയും കൂടിയാണ് സംരക്ഷിത മേഖലകളുടെ ചുറ്റും ആഘാത ആഗിരണ മേഖലയായി ഒരു കിലോമീറ്റര്‍ സംക്രമണ ഏരിയ സുപ്രീം കോടതി ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി 2022 ജൂണ്‍ മൂന്നാം തിയ്യതി വിധി പ്രഖ്യാപിച്ചത്. 1986 ലെ പരിസ്ഥിതി നിയമത്തിന്റെ ഭാഗമായാണ് ഇത്. സുസ്ഥിര വികസനം, ആഗോള താപനം, കാലാവസ്ഥാ ദുരന്തങ്ങള്‍ എന്നിവ കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി. ഒരു കി.മീ ചുറ്റളവില്‍ ജനവാസ കേന്ദ്രങ്ങളോ, വിധി പ്രകാരം വിലക്കെര്പ്പെടുത്തിയിട്ടുള്ള എന്തെങ്കിലുമോ ഉണ്ടെങ്കിലോ വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയോ, എന്പവെര്ഡ് കമ്മിറ്റിയേയോ ജൂണ്‍ മുതല്‍ മൂന്നു മാസത്തിനുള്ളില്‍ വസ്തുതകള്‍ ഹാജരാക്കി ഇളവിന് അപേക്ഷിക്കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. വിധി വന്നു ആറു മാസം കഴിഞ്ഞിട്ടും അതുണ്ടായിട്ടില്ല.
ജീവികളെ അവയുടെ ആവാസ സ്ഥലങ്ങളില്‍ സംരക്ഷിക്കാനും, വനവാസി അവകാശങ്ങള്‍ നിലനിര്‍ത്തുവാനും, പ്രാദേശിക ജന സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കൂടി ഉദ്ദേശിച്ചാണിത്. ആഗോള താപനത്തിന് മരമാണ് മറുപടി എന്നതാണ് സംസ്ഥാന വനം വകുപ്പിന്റെ മുദ്രാവാക്യം. വനത്തിന്റെ വിസ്തീര്‍ണം കുറയ്ക്കാതെ ഭൂമുഖത്തു നിലനിര്‍ത്തേണ്ടത് അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കേരള, കേന്ദ്ര സര്‍ക്കാരുകളുടെ ചുമതലയാണ്. സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഇല്ലെങ്കില്‍ കാട് നാടാകാന്‍ അധികം കാലം വേണ്ടിവരില്ല എന്ന തിരിച്ചറിവാണ് കോടതിവിധിക്ക് ആധാരം. മനുഷ്യ നിര്‍മിത കാട്ടുതീ, കയ്യേറ്റം, വനം കൊള്ള, മരം മുറി, വന്യജീവി കടത്ത്, അനധികൃത പാറ ഘനനം, മണല്‍ കടത്ത്, മലിനീകരണം എന്നിവയെല്ലാം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
എന്തിനൊക്കെ നിയന്ത്രണം
മരക്കമ്പനികള്‍, കല്ലുവെട്ട്, ഇഷ്ടിക കളങ്ങള്‍, വാണിജ്യ അടിസ്ഥാനത്തില്‍ ഘനനം, മലിനീകരണം നടത്തുന്ന വ്യവസായങ്ങള്‍, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, വാണിജ്യഅടിസ്ഥാനത്തില്‍ മര ഉപയോഗം, ജലാശയങ്ങളിലേക്ക് മലിനജല ഒഴുക്കല്‍, വിനോദ സഞ്ചാരത്തിന്റെ പേരില്‍ ദേശീയ ഉദ്യാനങ്ങളുടെ മുകളിലൂടെ ചൂട് വായു നിറച്ചുള്ള ബലൂണ്‍ ഉപയോഗിച്ചുള്ള പറക്കല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഘരമാലിന്യ നിക്ഷേപം എന്നിവക്ക് മാത്രമാണ് ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ സംരക്ഷിത മേഖലകള്‍ക്കുചുറ്റും ഇതൊന്നും സാധാരണയായി നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കൃഷിക്ക് നിയന്ത്രണമോ, വിലക്കോ ഇല്ല. നിലവിലുള്ള കെട്ടിടങ്ങള്‍ക്കോ, താമസത്തിനോ, ഭൂമി വില്പനക്കോ, ഒരു വിലക്കുമില്ല, ആരെയും കുടിയോഴിപ്പിക്കുന്നില്ല, ബാക്കി പ്രചാരണങ്ങള്‍ സത്യവിരുദ്ധമാണ്. ജനവാസ കേന്ദ്രങ്ങള്‍ കാടാക്കി മറ്റുവാനുള്ള ഒരു നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടില്ല. വിധി മറികടക്കാന്‍ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കുകയും, മലയോര മേഖലകളില്‍ ഭീകരതയും, അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതും ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ദോഷകരമാക്കുകയും ചെയ്യും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണണെന്ന് ആവശ്യപ്പെട്ട് സ്വീകരിച്ച സമരമുറകള്‍ സുപ്രീം കോടതിയോട് എടുത്താല്‍ പ്രശ്നം വഷളാകുകയെ ഉള്ളൂ.
യാഥാര്‍ഥ്യം ഇതായിരിക്കെ ഇക്കോ സെന്‍സിറ്റീവ് സോണിലെ പട്ടയ കൈയേറ്റ വന ഭൂമികളിലെ ജനവാസ കേന്ദ്രങ്ങള്‍, നഗരങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ഒരു കിലോമീറ്ററിനുള്ളില്‍ ഉണ്ടെങ്കില്‍ അതെല്ലാം നിയമ വിധേയമാക്കാന്‍ കേരള സര്‍ക്കാര്‍ പറഞ്ഞാല്‍ സുപ്രീം കോടതി കേള്‍ക്കുമോ? കേരളത്തിലെ സ്ക്വയര്‍ കിലോമീറ്ററില്‍ ജനസാന്ദ്രത കൂടുതലാന്നെന്നും കേരളത്തില്‍ കുന്നുകളും, പുഴകളും, കാടും, തടാകങ്ങളും, ചതപ്പുകളും, കടല്‍ തീരവും ഉള്ളതിനാല്‍ സംരക്ഷിത സ്ഥലങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രായോഗികമല്ലെന്നുമുള്ള കേരള സര്‍ക്കാരിന്റെ വാദം കോടതി കേള്‍ക്കുമോ? വനാതിര്‍ത്തികള്‍ പുനര്‍ ക്രമീകരിക്കുക, ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ വനത്തിനുള്ളില്‍ ആക്കുക എന്നീ കെസിബിസിയുടെ ആവശ്യവും അതിരുകടന്നതല്ലേ? വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകരെ പരിസ്ഥിതി സംരക്ഷണ ഭാരം അടിച്ചേല്‍പ്പിക്കുന്നു എന്ന് കേരള ബിഷപ്സ് കൗണ്‍സില്‍ പറയുന്നത് ബാലിശവും, യുക്തിക്കു നിരക്കാത്തതുമാണ്. മലയോര കര്‍ഷകരാണ് കേരളത്തിന് കുടിനീര് തരുന്നത് എന്നു പോലും സമരക്കാര്‍ ആക്രോശിക്കുന്നു. പട്ടയമില്ലാത്ത, അനധികൃത കൈയേറ്റ ഭൂമി കൈവശം വച്ചിരിക്കുന്നവരും, നിയമം ലഘിച്ചുള്ള പാറമടക്കാര്‍, റിസോര്ട്ടുകാര് എന്നിവര്‍ പോലും സര്‍ക്കാര്‍ റിമോട്ട് സെന്റിങ് വഴി തയാറാക്കുന്ന ഉപഗ്രഹ സര്‍വേ പ്രകാരം ഭൂപടത്തില്‍ തിരിച്ചറിയപ്പെടുന്നില്ല എന്നത് നിയമ ലംഘനങ്ങള്‍ സാധൂകരിക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. വ്യക്തികളുടെ വിവരങ്ങളും സര്‍വേ നമ്പറുകളും, കെട്ടിട, കൃഷിയിട വിവരങ്ങളും ചേര്‍ത്ത് ഭൂപടം നിര്‍മ്മിക്കുന്നത് അനധികൃത കൈയേറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ വളരെ നല്ലതാണ്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്നതുപോലും സര്‍ക്കാര്‍ മറച്ചു വെച്ചാണ് പ്രശ്നത്തെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. കേരളത്തെ അതിന്റെ പ്രകൃതി ഭംഗിയില്‍ നിലനിര്‍ത്തുവാനും നിയമലംഘനങ്ങള്‍ തടഞ്ഞു സംരക്ഷിത മേഖലകള്‍ സുരക്ഷിതമാക്കാനും ഉത്തരവാദിത്തം കേരള സര്‍ക്കാരിനുണ്ട്. ബഫര്‍ സോണ്‍, കോര്‍ സോണ്‍ എന്നത് വനംവന്യ ജീവി മാനേജ്മെന്റ് പ്ലാനില്‍ വനത്തില്‍ നടത്തേണ്ട അതിര് വരമ്പുകളാണ്. ഇപ്പോഴത്തെ സുപ്രീം കോടതി വിധിയില്‍ പറയുന്ന ഇക്കോ സെന്‍സിറ്റീവ് സോണ്‍ ബഫര്‍ സോണല്ല. സര്‍ക്കാര്‍ ബഫര്‍ സോണ്‍ പ്രയോഗത്തില്‍ വീഴരുത്. നിയമത്തില്‍ പഴുതുകള്‍ കണ്ടുപിടിച്ചു നിയമങ്ങളെ ദുര്ബലമാക്കുവാന് സര്‍ക്കാര്‍ ശ്രമിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: