പത്തനംതിട്ട: ശബരിമലയില്‍ ഒരു സ്ത്രീയെ കയറ്റാന്‍ 400 പൊലീസുകാരെ വിട്ടുകൊടുത്ത ഇടത് സര്‍ക്കാര്‍ പക്ഷെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതായി വിലയിരുത്തല്‍. തുടര്‍ച്ചയായ പരാതികളുണ്ടായിട്ടും ആവശ്യത്തിന് പൊലീസിനെയും വൊളണ്ടിയര്‍മാരെയും അയച്ച് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പെടാപ്പാട് പെടുകയാണ് സര്‍ക്കാര്‍. തിരുപ്പതിയുടെ മാതൃകയിലുള്ള ക്യൂ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഐപിഎസ്-ഐഎഎസ് ഓഫീസര്‍മാരുടെ സംഘമാണ് തിരുപ്പതിയില്‍ പോയി കാര്യങ്ങള്‍ പഠിച്ച് ക്യൂ സംവിധാനം ഫലപ്രദമായി നടപ്പാക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അത് നടപ്പാക്കാന്‍ സാധിച്ചില്ല. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന തീരുമാനമുണ്ടെങ്കിലും അത് ശബരിമലയില്‍ ഫലപ്രദമാവുന്നില്ല.
ഇതിന് മുന്‍പ് ശബരിമലയില്‍ ഇതിനേക്കാള്‍ കൂടുതല്‍ തിരക്ക് ഉണ്ടായിരുന്നതായി കണക്കുകള്‍ പറയുന്നു. 2016-17 കാലത്ത് ദിവസേന ഒന്നര ലക്ഷം പേര് ശബരിമലയില്‍ എത്തിയിരുന്നെങ്കിലും ആ തിരക്ക് വളരെ സുഗമമായി നിയന്ത്രിച്ചുപോന്നിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ലക്ഷം പേരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത്? പൊലീസ് നിഷ്ക്രിയമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പരാതി. ഇതിന് എഡിജിപി നല്കുന്ന മറുപടി എങ്കില്‍ തിരക്ക് നിയന്ത്രിക്കാന്‍ 18ാം പടിയുടെ ചുമതല ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തോളൂ എന്നാണ്.
ചെറുപ്പക്കാരികളെ ശബരിമലയില്‍ കയറ്റാന്‍ പൊലീസിനെ വിളിച്ച് ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയപ്പോള്‍ അകന്ന് നിന്ന ഭക്തര്‍ പ്രളയത്തിനും കോവിഡിനും ശേഷം പ്രശ്നഭരിതമായ ജീവിതങ്ങളില്‍ നിന്നും സമാശ്വാസത്തിന് വീണ്ടും അയ്യപ്പസ്വാമിയുടെ അരികിലേക്ക് ഓടിയെത്തുകയാണ്. ഇവര്‍ മികച്ച സൗകര്യങ്ങള്‍ നല്കി സ്വീകരിക്കുന്നതിന് പകരം സുഗമമായ ഒരു പാര്‍ക്കിങ്ങ് സംവിധാനം പോലുമില്ല. പമ്പയിലെ പാര്‍ക്കിങ്ങ് പ്രളയത്തിന് ശേഷം ഉണ്ടാവില്ല എന്നറിഞ്ഞിട്ടും പകരം മികച്ച പാര്‍ക്കിങ്ങ് സംവിധാനം സൃഷ്ടിക്കാന്‍ ആയില്ല. നിലയ്ക്കലില്‍ ഒരു ചെളിക്കുളമായി കിടക്കുന്ന പാര്‍ക്കിങ്ങ് ആണ് ഉള്ളത്. ടിക്കറ്റ് കൃത്യമായി കരാറുകാര്‍ വാങ്ങുന്നു. എവിടെയെങ്കിലും പാര്‍ക്ക് ചെയ്തോളൂ എന്ന നിലപാടാണ്. തീര്‍ത്ഥാടകര്‍ക്ക് പാര്‍ക്ക് ചെയ്താല്‍ മടക്കയാത്ര വേണ്ട സമയത്ത് വണ്ടി പുറത്തെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കരാറുകാര്‍ പാര്‍ക്കിങ്ങിന് വേണ്ട സൗകര്യം ഒരുക്കിയില്ല എന്ന് ജില്ലാ കളക്ടര്‍ കുറ്റപ്പെടുത്തുന്നു. .
മന്ത്രിമാര്‍ പലരും പ്രശ്നപരിഹാരാര്‍ത്ഥം ശബരിമലയില്‍ എത്തുന്നുവെങ്കിലും ആള്‍ക്കൂട്ടത്തെ മാനേജ് ചെയ്യാന്‍ ഫലപ്രദമായ ഒരു സംവിധാനം നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് തന്നെയാണ് അവസ്ഥ. കല്ലുമുള്ളും കാല്ക്ക് മെത്ത എന്ന് ഭക്തര്‍ ഒരു കാലത്ത് വിളിച്ചിരുന്ന നീലിമലയുടെ അവസ്ഥ അതിനേക്കാള്‍ മോശമാണ് ഇന്ന് എന്ന് പറയുന്നു. ഇവിടെ കോണ്‍ക്രീറ്റ് ചെയ്തത് ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിന്റെ തലേദിവസമാണ്. എന്നാല്‍ അതെല്ലാം മഴപെയ്തും ഭക്തര്‍ ചവിട്ടിയും അടന്ന് പോയിരിക്കുകയാണ്. നീലിമലയില്‍ ചെല്ലുന്നവര്‍ക്ക് ഒരു നേരം തല ചായ്ക്കാന്‍ സൗകര്യം പോലും കിട്ടുന്നില്ല.
ഹോട്ടലുകളില്‍ വില ഈടാക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കൊള്ളയടിക്കുന്ന സംവിധാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: