ചണ്ഡീഗഢ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഭാരത് ജോഡോ യാത്രയ്ക്ക് മാസ്ക് ധരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അവഗണിച്ച് രാഹുല്‍ ഗാന്ധി. കോവിഡിന്റെ പുതിയ ഉപവകഭേദമായ ബിഎഫ് 7 രാജ്യത്ത് നാല് പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് മാസ്ക് ധരിക്കണമന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ രാഹുലും സംഘവും ഇത് അവഗണിക്കുകയായിരുന്നു.
ആളുകള്‍ പങ്കെടുക്കുന്ന ഭാരത് ജോഡോ യാത്ര കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ യാത്ര നിര്‍ത്തിവെയ്ക്കേണ്ടി വരുമെന്നാണ് മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം അറിയിച്ചത്. മാസ്കും സാനിറ്റൈസറും ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും അശോക് ഗേഹ് ലോട്ടിനും കത്തയയ്ക്കുകയും ചെയ്തിരുന്നു. വാക്സിന് സ്വീകരിച്ചവരെ മാത്രം യാത്രയില്‍ പങ്കെടുപ്പിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മാണ്ഡവ്യയുടെ കത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇന്ന് ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ പതിവുപോലെതന്നെ മാസ്ക് ധരിക്കാതെ രാഹുല്‍ യാത്ര പങ്കെടുക്കുകയായിരുന്നു. ഒപ്പം നിരവധി പ്രവര്‍ത്തകരും യാത്രയിലുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയില്‍ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് ഈ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: