ഭുവനേശ്വര്‍: ഒളിമ്പിക്സില്‍ പ്രതാപികളായിരുന്നപ്പോഴും എന്നും അകന്നുനിന്നു ലോകകിരീടം. ഒരിക്കല്‍ കൈയിലൊതുങ്ങിയതാകട്ടെ 47 വര്‍ഷം മുന്‍പ്. ലോകകപ്പിലെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും വേദിയാകുന്ന ലോക പോരാട്ടത്തിന് ജനുവരി 13ന് തുടക്കം. അന്നേദിവസം സ്പെയ്നാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. 29 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
നാല് പൂളുകളിലായി 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പൂള് ഡിയില്‍. സ്പെയ്നിനു പുറമെ ഇംഗ്ലണ്ടും വെയ്ല്‍സുമാണ് മറ്റ് ടീമുകള്‍. ലോക റാങ്കിങ്ങില്‍ ആറാമതാണ് ഇന്ത്യ. ഇംഗ്ലണ്ട് അഞ്ചാംസ്ഥാനത്ത്. 15ന് ഇംഗ്ലണ്ട്, 19ന് വെയ്ല്‍സുമായാണ് ഇന്ത്യയുടെ പൂള് മത്സരങ്ങള്‍. വെയ്ല്‍സിനെതിരായ കളി ഭുവനേശ്വറില്‍. ആദ്യ രണ്ടും റൂര്‍ക്കലയില്‍. ടോക്കിയൊ ഒളിമ്പിക്സിലെ വെങ്കല നേട്ടത്തോടെ ലോക ഹോക്കിയുടെ മുഖ്യധാരയിലേക്ക് വീണ്ടും കരുത്തോടെ മടങ്ങിയെത്തിയ ഇന്ത്യ, ഏറെ പ്രതീക്ഷയോടെയാണ് ചാമ്പ്യന്ഷപ്പിനെ കാണുന്നത്.
പൂള് എയില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, അര്‍ജന്റീന, ബിയില്‍ ബെല്‍ജിയം, ജപ്പാന്, ദക്ഷിണ കൊറിയ, ജര്‍മനി, സിയില്‍ നെതര്‍ലന്‍ഡ്സ്, ചിലി, മലേഷ്യ, ന്യൂസിലന്‍ഡ് ടീമുകളാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാര് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. പൂളിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും മത്സരിച്ച് അതിലെ ജേതാക്കളാകും രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍. പൂള് സി, ഡിയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരും, എ, ബിയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരുമാണ് രണ്ടാമത്തെ ക്വാര്‍ട്ടര്‍ സ്ഥാനത്തിനായി പോരാടുക. 2018ലും ഒഡീഷയാണ് ലോകകപ്പിന് വേദിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: