തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല ഡോ. ആര്യക്ക് നല്‍കിയതിനെതിരെ അനാവശ്യ വിവാദങ്ങളുമായി ഇടത് സംഘടനകള്‍ രംഗത്ത്. കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഡോ. ആര്. ചന്ദ്രബാബു വിരമിച്ച ഒഴിവിലേക്ക് കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇഷിതാ റോയിക്ക് പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയുടെ ശുപാര്‍ശ പ്രകാരം വിസിയുടെ ചുമതല നല്കി ചാന്‍സലര്‍ ഉത്തരവായിരുന്നു.
എന്നാല്‍ ഇത് യുജിസി വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും സര്‍വ്വകലാശാലയിലെ തന്നെ സീനിയര്‍ പ്രൊഫസര്‍മാരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നും ആവശ്യപ്പെട്ട് ഇടതു സംഘടന തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല സര്‍വീസില്‍ തന്നെ ഏറ്റവും സീനിയറായ ഡോ. കെ. ആര്യയ്ക്ക് ചുമതല നല്‍കിയത്. വെള്ളായണി കാര്‍ഷിക കോളേജില്‍ പ്ളാന്റ് ബ്രീഡിങ്ങ് ആന്റ് ജനറ്റിക്സ് വിഭാഗം പ്രൊഫസറും ഹെഡുമാണ് അവര്‍. എന്നാല്‍ ഇപ്പോള്‍ അനാവശ്യ ആരോപണങ്ങളുമായി ഇടത് സംഘടന തന്നെ രംഗത്ത് എത്തിയതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്ന ഇടതു സംഘടനകളുടെ പൊയ്മുഖം ഇളകിവീണിരിക്കുക കൂടിയാണിവിടെ.
വെള്ളായണി കാര്‍ഷിക കോളേജ് ക്യാമ്പസില്‍ നിന്ന് അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ ആരോപണവിധേയനും ഇടതു സംഘടനാ നേതാവും മുന്‍ ഡീനുമായ എ. അനില്‍കുമാറിന് വിസിയുടെ ചുമതല നല്‍കാത്തതാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. ഫലത്തില്‍, എന്തിന് ഹൈക്കോടതിയില്‍ കേസുമായി പോയോ അതിനെതിരെ അവര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അനില്‍കുമാറിന് ചാര്‍ജ് കൊടുത്തില്ല എന്ന് ആരോപിക്കുന്നവര്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ നവംബര്‍ 23 ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ വസ്തുതകള്‍ മനപ്പൂര്‍വ്വം മറച്ചുവെക്കുകയാണ്.
അനില്‍കുമാര്‍ ഡീന്‍ ആയിരിക്കെ സ്വന്തം പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തന്നെ നല്കിയ വിവരങ്ങളാണ് പത്രവാര്‍ത്തക്ക് അടിസ്ഥാനമായത്. 2011 – 12 ല്‍ തുടങ്ങിയ സങ്കര ഇനങ്ങളുടെ ഉത്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തെങ്ങുകള്‍ ഉള്‍പ്പടെ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടത് അന്നത്തെ ഡീനിന്റെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു എന്നാണ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ തനിക്ക് ബന്ധമില്ലെന്നും പ്രസ്തുത മരങ്ങള്‍ ടിബര്‍ വാല്യൂവോ നമ്പറോ ഇല്ലാത്തതാണെന്നും അവകാശപ്പെട്ട് അദ്ദേഹം അടുത്ത ദിവസം പത്രപ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍, വിവരാവകാശ രേഖകള്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് അടിവരയിടുന്നു.
2017 ലെ സര്‍ക്കാര്‍ കണക്കുപ്രകാരം തന്നെ പ്രസ്തുത മരത്തിന് ടിമ്പര്‍ വാല്യൂ ഉള്ളതായി അനിമല്‍ ഹസ്ബന്‍ഡ്രി ഡിപ്പാര്‍ട്ട്മെന്റിന്റെ 2017 ജനുവരി 9 ലെ ദര്‍ഘാസ് പരസ്യത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവം നടക്കുന്നത് അതേവര്‍ഷം ഓഗസ്റ്റ് 29 നാണ്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ മരത്തിന് നമ്പര്‍ ഇല്ല എന്നല്ല പറയുന്നത്, കാലപ്പഴക്കം മൂലം കാണാന്‍ കഴിയുന്നില്ല എന്നാണ്.
വിവരാവകാശ മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ആര് എന്ന ചോദ്യത്തിന് ഡീനിന്റെ നിരന്തരമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്നാണ് മറുപടി. ആ സമയത്ത് എ. അനില്‍കുമാറാണ് ഡീന്‍. പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച സ്ഥലവും മരങ്ങള്‍ മുറിച്ച സ്ഥലവും കോളേജ് ഡീനിന്റെ അധികാരപരിധിയിലുളളതായയതിനാല്‍ തീരുമാനങ്ങള്‍ എടുക്കേണ്ട പരിപൂര്‍ണ്ണ അധികാരി കോളേജ് ഡീന്‍ എന്ന നിലയില്‍ അദ്ദേഹവുമാണ് . മരം മുറിക്കണമെന്ന ആവശ്യം വന്നാല്‍ നിയമാനുസൃതമായി നടപടിക്രമങ്ങളെല്ലാം പാലിച്ച് നടപ്പാക്കേണ്ടതും അദ്ദേഹത്തിന്റെ കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമാണ്. ആ ഉത്തരവാദിത്വം അദ്ദേഹം പാലിക്കുകയോ ക്വട്ടേഷന്‍ അടക്കമുള്ള നിയമാനുസൃതമായ കാര്യങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.
അനധികൃതമായി നടന്ന മരം മുറിക്കലും പ്രശ്നങ്ങളും അന്ന് ജീവനക്കാരുടെ സംഘടനകള്‍ ഉള്‍പ്പടെ ഏറ്റെടുത്ത് വിവാദമായപ്പോള്‍ വിഷയം ഒതുക്കി തീര്‍ക്കുന്നതിന് വേണ്ടിയുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായി ഇപ്പോള്‍ കാടുകയറി കിടക്കുന്ന സ്ഥലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റിയിരുന്നു.ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ കോണ്‍ട്രാക്ടര്‍ക്ക് ഉണ്ടായ നഷ്ടങ്ങളെ സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ ബഹു കോടതിയിലെത്തി നില്ക്കുന്നു.
അധികാര ദുര്‍വിനിയോഗം മൂടിവെക്കുന്നതിനായി ഇത്തരം സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളിനു വേണ്ടി പ്രസ്തുത സംഘടന രംഗത്ത് എത്തിയിരിക്കുന്നത് സര്‍വ്വകലാശാലയുടെ താല്‍പ്പര്യങ്ങളെ ഹനിച്ച് സ്വന്തം രാഷ്ട്രീയ ആധിപത്യവും താല്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: