രാജ്യം വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക് പ്രവേശിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിക്കഴിഞ്ഞു. ആള്‍ക്കൂട്ടമുള്ളയിടങ്ങളില്‍ അത് അകത്തായാലും പുറത്തായാലും മാസ്ക് ധരിക്കുന്നത് തുടരണമെന്നും, ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാത്തവര്‍, പ്രത്യേകിച്ച് പ്രായമായവരും രോഗമുള്ളവരും അത് എടുക്കണമെന്നതുമാണ് ഇതില്‍ പ്രധാനം. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടോയെന്നു കണ്ടെത്താന്‍ പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് രാജ്യവ്യാപകമായി പരിശോധിക്കാനും നിര്‍ദേശമുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് അവസാനിച്ചിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നടപടികളിലേക്ക് കടന്നിരിക്കുന്നത്. കൊവിഡ് വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ പല പ്രവിശ്യകളിലും രോഗം ശമനമില്ലാതെ തുടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിവച്ചിരുന്നു. ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനായി ഇത്തരം നിയന്ത്രണങ്ങള്‍ ചൈനീസ് പ്രധാനമന്ത്രി ഉപയോഗിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. അത് എന്തുതന്നെയായിരുന്നാലും ചൈന അവകാശപ്പെട്ടിരുന്നതുപോലെ കൊവിഡ് നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് വ്യക്തമാവുന്നത്. കൊവിഡിനെതിരെ ചൈന നിര്‍മിച്ച വാക്സിന്റെ ഗുണമേന്മയിലും ഫലപ്രാപ്തിയിലും ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ചിരുന്നുവല്ലോ.
2019-20 ല്‍ വുഹാനിലെ പരീക്ഷണശാലയില്‍നിന്ന് കൊവിഡ് വൈറസ് പുറത്തുചാടിയ വിവരം ചൈന യഥാസമയം ലോകത്തെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് മാനവരാശി മുഴുവന്‍ അതിന്റെ ദുരിതമനുഭവിക്കേണ്ടിവന്നു. ഇതിനുശേഷം പുറത്തിറക്കിയ വാക്സിന് ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ഒരു കൊവിഡ് കേസെങ്കിലും റിപ്പോര്‍ട്ടു ചെയ്യുന്നയിടങ്ങള്‍ ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ പൂര്‍ണമായി അടച്ചിടാന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. മഹാമാരിയെ പിടിച്ചുകെട്ടാന്‍ ചൈനയ്ക്ക് കഴിഞ്ഞു എന്നു ലോകം തെറ്റിദ്ധരിക്കുകയായിരുന്നു. അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഭക്ഷണവിതരണ ശൃംഖല തടസ്സപ്പെട്ടതും, എല്ലായിടങ്ങളിലും ഈ മഹാമാരി ജനങ്ങളുടെ ജീവിതവും ജീവനും കവര്‍ന്നതും പുറംലോകം അറിഞ്ഞില്ല. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും സാമൂഹ്യനിയന്ത്രണങ്ങളിലൂടെയും ആരോഗ്യസംവിധാനങ്ങളിലൂടെയും കൊവിഡ് മഹാമാരിയില്‍നിന്ന് കരകയറിയപ്പോഴും ചൈനയിലെ ജനങ്ങള്‍ ദുരിതത്തില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ഇപ്പോള്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്നവര്‍ പറയുന്നത് അടുത്ത മൂന്നുമാസംകൊണ്ട് ചൈനയിലെ ജനങ്ങളില്‍ 60 ശതമാനം പേര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ്. ഇങ്ങനെ സംഭവിച്ചാല്‍ അത് ലോകത്തെ ഒരിക്കല്‍ക്കൂടി കൊവിഡ് മഹാമാരിയിലാഴ്ത്തും. അമേരിക്ക ഇതിനോടകം തന്നെ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ചൈനയില്‍ കൊവിഡ് ശമനമില്ലാതെ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക, ജപ്പാന്, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചത് ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കുറവ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 112 പുതിയ കേസുകള്‍ കണ്ടെത്തി എന്നത് ആപല്‍സൂചനയാണ്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രോഗം ശമിക്കുകയും പുതിയ വകഭേദങ്ങളൊന്നും ഉണ്ടാവാതിരിക്കുകയും ചെയ്തതോടെ രാജ്യത്തെ ജനജീവിതം പഴയ രീതിയിലേക്ക് തിരിച്ചുപോയിരുന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ തന്നെ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമൊക്കെ ജനങ്ങള്‍ നിര്‍ത്തി. മാറിയ സാഹചര്യത്തില്‍ ഇതിന്റെ അപകടം മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടണം. രോഗം വരാതിരിക്കാനും പകരാതിരിക്കാനും മറ്റു മാര്‍ഗങ്ങളില്ല. ഇതില്‍ രാഷ്ട്രീയം കലര്‍ത്താതിരിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും കാണിക്കണം. ദൗര്‍ഭാഗ്യവശാല്‍ ഇതിനു വിരുദ്ധമായ പ്രതികരണമാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഭാരത് ജോഡോ യാത്ര കര്‍ശന നിയന്ത്രണങ്ങളോടെ നടത്തുകയോ നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചത് കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നില്ല. ഇത് തെറ്റായ സന്ദേശം നല്‍കും. ജനങ്ങളുടെ ജീവന് അപകടത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: